ഹജ്ജ് സബ്‌സിഡി: തീരുമാനം പുനഃപരിശോധിക്കണം

Posted on: January 18, 2018 6:00 am | Last updated: January 17, 2018 at 9:58 pm

മുസ്‌ലിം ന്യൂനപക്ഷങ്ങളോട് മോദി സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിന്റെ തുടര്‍ച്ചയാണ് ഹജ്ജ് യാത്രാ സബ്‌സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനം. 2022-നകം ഹജ്ജ് സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തണമെന്ന 2012ലെ സുപ്രീം കോടതി വിധി ഉയര്‍ത്തിക്കാണിച്ചാണ് നിശ്ചിത സമയത്തിനും അഞ്ച് വര്‍ഷം മുമ്പേ തന്നെ അത് പൂര്‍ണമായും നിര്‍ത്തലാക്കിയത്. ഇന്ത്യയില്‍ നിന്ന് വര്‍ഷാന്തം ഹജ്ജിന് പോകുന്ന ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകരുടെ യാത്രാ ചെലവ് ഇത് ഗണ്യമായി ഉയര്‍ത്തുകയും സാധാരണക്കാരന്റെ ഹജ്ജ് മോഹത്തിന് തിരിച്ചടിയാകുകയും ചെയ്യും. ഓരോ വര്‍ഷവും സബ്‌സിഡി തുക കുറച്ചു കൊണ്ടുവന്ന് പത്ത് വര്‍ഷത്തിനകം പൂര്‍ണമായി നിര്‍ത്തലാക്കുകയെന്നതാണ് കോടതി വിധിയുടെ അന്തസ്സത്ത. ഇതടിസ്ഥാനത്തില്‍ 2013 മുതല്‍ വര്‍ഷാന്തം സര്‍ക്കാര്‍ പത്ത് ശതമാനം സബ്‌സിഡി കുറച്ചു കൊണ്ടുവരികയായിരുന്നു. 2012-ല്‍ 836 കോടിയായിരുന്ന സബ്‌സിഡി 2017-ല്‍ 450 കോടിയായി കുറഞ്ഞിട്ടുണ്ട്.
ബ്രിട്ടീഷ് കാലത്തേ നിലനിന്നു വരുന്നതാണ് ഇന്ത്യയില്‍ ഹജ്ജ് സബ്‌സിഡി. സ്വതന്ത്ര ഇന്ത്യയിലും ഇക്കാലമത്രയും അത് തുടര്‍ന്നു. തുടക്കത്തില്‍ തീര്‍ഥാടകര്‍ക്ക് ഗുണം ലഭിച്ചിരുന്നെങ്കിലും ക്രമേണ വിമാനക്കമ്പനി ഹജ്ജിനുള്ള യാത്രാനിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചു തീര്‍ഥാടകര്‍ക്ക് സബ്‌സിഡി ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി. ഹജ്ജ് തീര്‍ഥാടനത്തിനു കൊച്ചി- ജിദ്ദ-–കൊച്ചി റൂട്ടില്‍ വിമാനക്കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ഹജ്ജിന് ഈടാക്കിയത് 72,812 രൂപയാണ്. വിമാനത്താവളത്തിലെ ഫീസായും നികുതിയായും 3,560 രൂപ കൂടി ചേര്‍ക്കുമ്പോള്‍ 76,372 രൂപ വരും. ഇതില്‍ കേന്ദ്ര സര്‍ക്കാറിന്റെ സബ്‌സിഡി 10,750 രൂപയാണ് ബാക്കി 65,622 രൂപ വീതം ഓരോ തീര്‍ഥാടകനും അടച്ചിട്ടുണ്ട്. അതേ സമയം കൊച്ചി- ജിദ്ദ- കൊച്ചി റൂട്ടില്‍ സാധാരണ ടിക്കറ്റ് നിരക്ക് ഏകദേശം 32,000 രൂപയേ വരൂ. ഇതിന്റെ ഇരട്ടിയിലേറെ തുകയാണ് തീര്‍ഥാടകര്‍ സ്വന്തമായി അടച്ചത്. പുറമേ സര്‍ക്കാറിന്റെ സബ്‌സിഡിയും വിമാനക്കമ്പനികള്‍ക്ക് ലഭിക്കുന്നു. എയര്‍ ഇന്ത്യക്കല്ലാതെ യാത്രക്കാര്‍ക്ക് സബ്‌സിഡി കൊണ്ട് നഷ്ടമല്ലാതെ ഒരു നേട്ടവുമില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിമാനങ്ങള്‍ക്ക് ഹജ്ജ് സര്‍വീസിന് അന്യായമായ നിരക്ക് നിശ്ചയിച്ചു തീര്‍ഥാടകരെ കൊള്ളയടിക്കാന്‍ അവസരം നല്‍കി തീര്‍ഥാടകര്‍ക്ക് നിരക്കില്‍ ഇളവ് നല്‍കുന്നുവെന്ന വ്യാജപ്രചാരണം നടത്തുകയായിരുന്നു സര്‍ക്കാര്‍.

ഒരാള്‍ക്ക് ഹജ്ജ് യാത്രക്കായി വിമാനം നാല് സര്‍വീസ് നടത്തേണ്ടിവരുന്നു എന്നാണ് ഉയര്‍ന്ന നിരക്ക് വാങ്ങുന്നതിന് എയര്‍ പറയുന്ന ന്യായം. ഇന്ത്യയില്‍ നിന്നു സഊദിയിലേക്ക് തീര്‍ഥാടകരുമായും തിരിച്ചു കാലിയായും പറക്കണം. ഹാജിമാരെ തിരിച്ചു കൊണ്ടുവരാനും രണ്ട് സര്‍വീസുകള്‍ വേണം. പ്രത്യക്ഷത്തില്‍ എയര്‍ ഇന്ത്യയുടെ വാദം ന്യായമാണെന്ന് തോന്നാം. എന്നാല്‍, അയാട്ടയുടെ കണക്കു പ്രകാരം കണ്‍സോളിഡേറ്റഡ് ഫ്‌ളൈറ്റ് ചാര്‍ജ് (മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്തു പോകുമ്പോള്‍ ആളോഹരി വരുന്ന വിമാനയാത്രാക്കൂലി) സാധാരണ നിരക്കിനേക്കാള്‍ മൂന്നിലൊന്നേ കൂടുതല്‍ വരികയുള്ളൂ. ഇതനുസരിച്ചു നാല്‍പ്പത്തിനായിരത്തില്‍ ഒതുങ്ങേണ്ടതാണ് നിരക്ക്. ന്യായമായ നിരക്ക് നിശ്ചയിക്കുകയാണെങ്കില്‍ ഹാജിമാര്‍ക്ക് സബ്‌സിഡി ഇല്ലാതെ തന്നെ ഇന്നത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. കടുത്ത അനീതിയാണ് ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യയും സര്‍ക്കാറും കാണിക്കുന്നത്.
ഹജ്ജ് തീര്‍ഥാടകരെ ദ്രോഹിക്കുന്ന നടപടി കേന്ദ്ര സര്‍ക്കാറും സംഘ്പരിവാറും മുമ്പേ തുടങ്ങിയിട്ടുണ്ട്. ഇതിനിടെ ഹജ്ജിനു പോകുന്നവര്‍ ഇന്ത്യന്‍ കറന്‍സി വിദേശത്ത് എത്തിച്ചു കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് ഹിന്ദുത്വ സംഘടനകള്‍ വ്യാജ ആരോപണം ഉന്നയിക്കുകയും അതേറ്റു പിടിച്ചു സര്‍ക്കാര്‍, 2000രൂപയുടെ നോട്ട് കൊണ്ടുപോകുന്നതിന് ഹാജിമാര്‍ക്ക് നിരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കറന്‍സി സുരക്ഷയാണ് ഇതിന് പറയുന്ന ന്യായീകരണം. ഹജ്ജ് യാത്രികര്‍ കറന്‍സി വിമാനത്താവളത്തില്‍ തന്നെ സഊദി റിയാലാക്കി മാറ്റിയാണ് ഉപയോഗിക്കുന്നതെന്നിരിക്കെ കറന്‍സി സുരക്ഷയെന്ന വാദത്തിന് അടിസ്ഥാനമില്ല. മാത്രമല്ല, ഹാജിമാരല്ലാത്ത മറ്റു വിദേശ യാത്രക്കാര്‍ക്ക് 2000രൂപ നോട്ട് കൊണ്ടുപോകുന്നതിന് വിലക്കുമില്ല. ദിനംപ്രതി നൂറുകണക്കിന് ഇന്ത്യക്കാര്‍ സഊദിയടക്കമുള്ള രാജ്യങ്ങളില്‍ എത്തുന്നുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത വിലക്ക് ഹജ്ജ് യാത്രികരില്‍ മാത്രം അടിച്ചേല്‍പ്പിച്ചത് ദുരുദ്ദേശ്യപരമാണെന്ന് വ്യക്തം.
സബ്‌സിഡി മതേതരത്വത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ലെന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ പറയുന്നത്. ഹജ്ജിന് മാത്രമല്ല, മറ്റു തീര്‍ഥാടനങ്ങള്‍ക്കും ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ വന്‍തുക അനുവദിക്കുന്നുണ്ടെന്ന് ഇവര്‍ക്കറിയാതെയല്ല. ഹരിദ്വാര്‍, അലഹാബാദ്, ഉജ്ജയിനി,നാസിക് കുംഭമേളകളുടെ നടത്തിപ്പിന് സഹസ്രകോടികളാണ് പൊതുഖജനാവില്‍ നിന്ന് അനുവദിക്കുന്നത്. 2014-ലെ അലഹാബാദ് കുംഭമേളക്ക് മാത്രമായി കേന്ദ്രം ചെലവിട്ടത് 1150 കോടിയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മധ്യപ്രദേശ് ഉജ്ജയിന്‍ സിംഹസ്താ കുംഭമേള നടത്തിപ്പിന് മധ്യപ്രദേശ് സര്‍ക്കാര്‍ 3400കോടിയും കേന്ദ്രം 100 കോടിയും ചെലവിട്ടു. ഈയിടെ ശ്രീലങ്കയില്‍ നടന്ന ഒരു ക്രിസ്ത്യന്‍ വാഴ്ത്തപ്പെടല്‍ ചടങ്ങിന് പോകാന്‍ ബി ജെ പി ഭരിക്കുന്ന ഗോവ സര്‍ക്കാര്‍ പകുതി എയര്‍ ഫെയര്‍ സബ്‌സിഡി ആയി നല്‍കിയിരുന്നു. അതെല്ലാം മതേതരത്വത്തിന് നിരക്കുന്നതാണോ? സ്ബ്‌സിഡി നിര്‍ത്തലാക്കിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണം. ആദ്യം എയര്‍ ഇന്ത്യയുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കട്ടെ. എന്നിട്ടാകാം ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നത്.