‘സോഫിയ’മാരുടെ സൃഷ്ടിപ്പ് എന്തിനുവേണ്ടി?

Posted on: January 18, 2018 6:05 am | Last updated: January 17, 2018 at 9:56 pm

ആരാണ് സോഫിയ?

ഹോംഗ്‌കോംഗിലെ ഹാന്‍സന്‍ റോബോട്ടിക്‌സ് 2015 ഏപ്രിലിലാണ് സോഫിയ റോബോട്ടിന് ‘ജന്മം’ നല്‍കുന്നത്. 2017 നവംബറില്‍ സഊദി അറേബ്യ സോഫിയക്ക് പൗരത്വം നല്‍കുകയും ചെയ്തു. ഇതോടുകൂടി സോഫിയ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഹോളിവുഡ് നടി ഓഡ്രി ഹെപ്ബണിന്റെ മുഖച്ഛായയാണ് സോഫിയക്ക് നല്‍കിയിരിക്കുന്നത്. 60ഓളം ഭാവങ്ങള്‍ മുഖത്ത് വരുത്താന്‍ സോഫിയക്ക് കഴിയും. അതുപോലെ തന്നെ ചോദ്യകര്‍ത്താവിന്റെ കണ്ണിലേക്ക് നോക്കി സംസാരിക്കാനും. ഈ ജനുവരിയില്‍ സോഫിയക്ക് കാലുകളും ഫിറ്റ് ചെയ്തു കഴിഞ്ഞു.

കഴിഞ്ഞദിവസങ്ങളില്‍ സോഫിയ നടക്കാന്‍ പഠിക്കുന്നതിന്റെ വീഡിയോകള്‍ ഹാന്‍സന്‍ കമ്പനി പുറത്തുവിട്ടിരുന്നു. ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ നടക്കുന്ന പരിപാടിയില്‍ നടന്നുവന്ന് സദസ്സിനെ അഭിമുഖീകരിക്കുന്ന സോഫിയയെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആരോഗ്യസംരക്ഷണം, കസ്റ്റമര്‍ സര്‍വീസ്, ഓപ്പറേഷന്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലൊക്കെ സോഫിയയുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് അവരുടെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കണ്ണില്‍ ഘടിപ്പിച്ച ക്യാമറകള്‍ വ്യക്തികളെ കാണുന്നതിനും മനസ്സിലാക്കുന്നതിനും സോഫിയയെ സഹായിക്കുമ്പോള്‍ ഗൂഗിള്‍ ക്രോം വോയിസ് റെക്കഗനീഷ്യന്‍ ടെക്‌നോളജി പോലൊത്ത സംവിധാനങ്ങള്‍ സോഫിയയെ സംസാരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കഴിഞ്ഞമാസം അവസാനം മുംബൈയിലെത്തിയ“’സോഫിയ’ റോബോട്ടിനോട് അവതാരക ചോദിച്ച ഒരു ചോദ്യം എന്തിനാണ് ഇത്രയും പണം റോബോട്ടുകള്‍ക്കു വേണ്ടി ചെലവഴിക്കുന്നതെന്നായിരുന്നു. എന്നാല്‍ സോഫിയക്ക് അതിന് മറുപടി പറയാന്‍ കഴിഞ്ഞിരുന്നില്ല. സോഫിയയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ പ്രശ്‌നങ്ങളാണ് മറുപടി പറയാതിരിക്കാന്‍ കാരണമെന്ന് അവരുടെ നിര്‍മാതാക്കളായ ഹോംഗ്‌കോംഗിലെ ഹാന്‍സന്‍ റോബോട്ടിക്‌സ് വ്യക്തമാക്കുകയുണ്ടായി. സോഫിയ മറുപടി പറഞ്ഞോ ഇല്ലയോ എന്നതല്ല പ്രശ്‌നം. ലോകം ഉത്തരം തേടുന്ന ഒരു ചോദ്യമാണത്. ഈ ചോദ്യത്തിനുള്ള മറുപടിയായിരിക്കും ഈ നൂറ്റാണ്ട് നല്‍കുന്ന ഏറ്റവും വലിയ സാങ്കേതിക വിപ്ലവം. സാധാരണഗതിയില്‍ സോഫിയ ഓരോ പരിപാടികള്‍ക്കായി പോകുമ്പോഴും അവിടെ നിന്നും ഉയരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അവരുടെ ഡാറ്റാബേസില്‍ ചേര്‍ക്കാറുണ്ട്. മുംബൈ ഐ ഐ ടിയില്‍ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റില്‍ സോഫിയ എത്തിയപ്പോള്‍ ഇത്തരമൊരു ചോദ്യത്തിന് മറുപടി പറയാന്‍ തക്ക വിവരങ്ങള്‍ അവരുടെ ഡാറ്റാബേസില്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല എന്നാണ് പറയപ്പെടുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമബുദ്ധി) മനുഷ്യരൂപമുള്ള ലോകത്തിലെ ഏക റോബോട്ടായ സോഫിയയുടെ രംഗപ്രവേശം സാങ്കേതികവിദ്യാ ലോകത്ത് പല ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിമരുന്നിട്ടിട്ടുണ്ട്. അതില്‍ പ്രധാനം ഇത്തരം റോബോട്ടുകള്‍ മനുഷ്യന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുമോയെന്നതാണ്. ലോകത്ത് പരിഹരിക്കപ്പെടാനായിട്ട് നിരവധി പ്രശ്‌നങ്ങളുള്ളപ്പോള്‍ മനുഷ്യന്‍ ഇത്തരം യന്ത്രങ്ങള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിലെ ഔചിത്യത്തെ കുറിച്ച് പലരും ആശങ്കപ്പെടുന്നുണ്ടാകാം. എന്നാല്‍ സോഫിയ ഒരു പ്രതീകം മാത്രമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു റോബോട്ട് മാത്രം. സോഫിയയുടെ മനുഷ്യമുഖവും ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള കഴിവുമൊക്കെയാണ് ഇത്രയും വാര്‍ത്താ പ്രാധാന്യം നേടിക്കൊടുക്കുന്നത്. എന്നാല്‍ ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് വേറെയും പല ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അതെല്ലാം വിവിധ മേഖലകളില്‍ മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളോ, അതിനുള്ള കാരണങ്ങള്‍ കണ്ടെത്താനുള്ള ഉപകരണങ്ങളാണ്.
ബ്രിട്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപകരണം ഹൃദയസംബന്ധമായ രോഗങ്ങളും ശ്വാസകോശ ക്യാന്‍സറുകളും വളരെ കൃത്യമായും പെട്ടെന്നും കണ്ടെത്തുന്നതാണ്. സാധാരണഗതിയില്‍ ഹാര്‍ട്ട്അറ്റാക്ക് സംബന്ധമായി ആശുപത്രിയിലെത്തുന്ന അഞ്ചില്‍ ഒരാള്‍ തെറ്റായ സ്‌കാനിംഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീട്ടിലേക്ക് പറഞ്ഞക്കപ്പെടുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത് ഒന്നുകില്‍ രോഗിയുടെ മരണത്തിനോ അല്ലെങ്കില്‍ രോഗം കൂടുതല്‍ ഗുരുതരമാകാനോ ഇടയാക്കുന്നതാണ്. എന്നാല്‍ രോഗിയുടെ നെഞ്ചിടിപ്പ് അറിയാന്‍ ഉപയോഗിക്കുന്ന സ്‌കാനറില്‍ ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് കൂടി ചേര്‍ക്കുമ്പോള്‍ വളരെ കൃത്യമായ പരിശോധനഫലം നല്‍കാന്‍ സഹായകമാകുന്നതായാണ് ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം. ഇത്തരത്തില്‍ മനുഷ്യനന്മക്ക് ഉപകരിക്കുന്ന നിരവധി സങ്കേതങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് വഴി സാധ്യമാണെന്നാണ് ആധുനികലോകം വിശ്വസിക്കുന്നത്. സാങ്കേതികവിദ്യ മനുഷ്യജീവിതത്തേയും സംസ്‌കാരത്തേയും എത്രമാത്രം മാറ്റിമറിച്ചിട്ടുണ്ടെന്ന് വര്‍ത്തമാനകാലത്ത് ആര്‍ക്കും സംശയമുണ്ടാകില്ല.

എന്നാല്‍ ഹാന്‍സന്‍ റോബോട്ടിക്‌സ് അവകാശപ്പെടുന്നതുപോലെ സോഫിയ ഒരു സംഭവമല്ലെന്നും ഇത് വെറുമൊരു മാജിക്ക് പോലെയോ അല്ലെങ്കില്‍ വിഗ്രഹവത്കരിക്കപ്പെട്ട ഒരു ചരക്ക് മാത്രമോ ആണെന്നാണ് ഫേസ്ബുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ യാന്‍ ലീ കുന്‍ പറയുന്നത്. തങ്ങള്‍ ഫേസ്ബുക്കില്‍ ഉപയോഗിച്ച ചാറ്റ്‌ബോട്ടുകളേക്കാള്‍ വലുതായിട്ടൊന്നും സോഫിയ ചെയ്യുന്നില്ല എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ ഫേസ്ബുക്കിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമായ ചാറ്റ്‌ബോട്ട് അവര്‍ പിന്‍വലിച്ചിരിക്കുകയാണ്. ചാറ്റ്‌ബോട്ടുകള്‍ തമ്മില്‍ ആശയവിനിമയത്തിന് മനുഷ്യന് മനസ്സിലാകാത്ത ഭാഷ വികസിപ്പിച്ചെടുത്തതാണ് ഇതിന് കാരണം. എന്നാല്‍, അദ്ദേഹത്തിന്റെ ഈ വിമര്‍ശം ഒരു പരിധി വരെ ശരിയാണെന്ന് പറയാം. സോഫിയ ചെയ്യുന്നത് അത്ര വലിയ സംഭവമൊന്നുമല്ല. പക്ഷേ, സോഫിയ ഭാവിയിലേക്കുള്ള ഒരു ചവിട്ടുപടിയാണെന്ന് പറയാം. ഒരു സാങ്കേതികവിദ്യ രൂപം പ്രാപിച്ചുവരുമ്പോഴുണ്ടാകുന്ന ഒരുതരം സംശയമെന്നോ അല്ലെങ്കില്‍ കണ്ണുകടി എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം. ‘കൃത്രിമബുദ്ധി’ വികസിപ്പിച്ചെടുക്കാനുള്ള മനുഷ്യപ്രയത്‌നത്തിന്റെ ഒരു എളിയ കാല്‍വെപ്പായിട്ട് മാത്രമേ സോഫിയയെ ആധുനിക സാങ്കേതിക ലോകം കാണുന്നുള്ളൂ. മനുഷ്യബുദ്ധിയോട് മത്സരിച്ചുനോക്കാനുള്ള നിലവാരത്തിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്താന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. അന്ധമായിട്ട് ഇത്തരം ശ്രമങ്ങളെ എതിര്‍ക്കുന്നതിന് പകരം മനുഷ്യനന്മക്ക് ഇത്തരം സാങ്കേതികവിദ്യകള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതല്ലേ ചിന്തിക്കേണ്ടത്? എന്തൊക്കെ സാങ്കേതികപ്രശ്‌നങ്ങള്‍ പറഞ്ഞാലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സാങ്കേതിക സംവിധാനങ്ങള്‍ ലോകത്ത് വളര്‍ന്നുവരികയാണ്. 2025ഓടുകൂടി മൂന്നുലക്ഷം കോടി ഡോളറിന്റെ വിപണിമൂല്യം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.

21-ാം നൂറ്റാണ്ടിന്റെ താരമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എ ഐ) അതുപോലെ തന്നെ ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സും (ഐ ഒ ടി) മാറുമെന്നതില്‍ തര്‍ക്കമില്ല. മനുഷ്യജീവിതം തന്നെ മാറ്റിമറിക്കുന്ന രീതിയിലേക്ക് ഇത്തരം സാങ്കേതികവിദ്യകള്‍ കടന്നുവരികയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ മനുഷ്യജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് ഇന്റര്‍നെറ്റിന്റെ പിറവിയും അതിന്റെ വിവിധ തലത്തിലുള്ള ഉപയോഗവുമാണ്. യഥാര്‍ഥത്തില്‍ എ ഐയിലും ഐ ഒ ടിയിലും ഇന്റര്‍നെറ്റ് ഒരു ഘടകമാണെങ്കിലും അതിന്റെ ഉപയോഗം മനുഷ്യ പ്രവൃത്തിക്ക് സമാനമാക്കുന്നിടത്താണ് ഇവ രണ്ടും വ്യത്യസ്തമാകുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് തന്റെ വീടും ഓഫീസും എന്നുവേണ്ട വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതെല്ലാം നിയന്ത്രിക്കപ്പെടുകയാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് വഴി ചെയ്യുന്നത്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെത്തുമ്പോള്‍ മനുഷ്യന്റെ ബുദ്ധി, പ്രവൃത്തി എന്നിവക്ക് സമാനമായ കാര്യങ്ങളാണ് യന്ത്രങ്ങള്‍ ചെയ്യുന്നത്.
പിന്നെ എപ്പോഴും പറഞ്ഞുകേള്‍ക്കുന്ന ഒരു പല്ലവിയുണ്ട്- തൊഴില്‍നഷ്ടം. ഏതൊരു സാങ്കേതികവിദ്യ വരുമ്പോഴും തൊഴില്‍നഷ്ടം എന്ന വാദമുയര്‍ത്തി ചിലര്‍ കടന്നുവരും. അത് സ്വാഭാവികമാണ്. ഇങ്ങനെ തൊഴില്‍ നഷ്ടപ്പെട്ട് ജനങ്ങള്‍ കഷ്ടപ്പെടുകയായിരുന്നുവെങ്കില്‍ ഏറ്റവും കൂടുതല്‍ അത് ബാധിക്കേണ്ടിയിരുന്നത് ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളെയായിരുന്നു. അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിര്‍മാണങ്ങള്‍ അവിടങ്ങളിലൊക്കെ തന്നെ കുടില്‍വ്യവസായം പോലെ നടക്കുകയും ചെയ്യുന്നുണ്ട്. അതുവഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഏതായാലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള വന്‍ കുതിച്ചുചാട്ടത്തിലേക്ക് ഒരുങ്ങുകയാണ് ലോകം.