Connect with us

Gulf

ആത്മസംഘര്‍ഷങ്ങളുടെ ഭ്രമകല്പനകളിലൂടെ ദൃശ്യവിരുന്നൊരുക്കി ശക്തിയുടെ 'യമദൂത്'

Published

|

Last Updated

അബുദാബി: കണ്ണിനും കാതിനും മനസ്സിനും ഒരുപോലെ കുളിര്‍മ പകര്‍ന്നുകൊണ്ട് അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ഏറ്റവും പുതിയ നാടകമായ “യമദൂത്” അബുദാബി മലയാളി സമാജം മഹോത്സവത്തില്‍ ഏഴാമത് നാടകമായി അവതരിപ്പിച്ചു. പ്രശസ്ത നാടകാചാര്യന്‍ ഡോ. വിനയകുമാര്‍ രചിച്ച് അഭിമന്യു വിനയകുമാര്‍ സംവിധാനം ചെയ്ത “യമദൂത്” സ്വന്തം മനസ്സില്‍ കടന്നു കൂടിയ ജാരനെ പുറമെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ ജീവിതം മരണത്തേക്കാള്‍ ഭയാനകമായിക്കുമെന്ന് ബോധ്യപ്പെടുത്തുന്നു.

ഗതകാലത്തിന്റെ തണുത്തുറഞ്ഞ ശവക്കൂടുകളില്‍ നിന്നും വര്‍ത്തമാന കാലത്തിന്റെ ആസുരതയും അസൂയയും നിറഞ്ഞ ചുട്ടുപൊള്ളലുകളിലേക്കും ഭയവിഹ്വലമായ നാളെകളിലേക്കും പിന്നീടുള്ള എല്ലാ നാളുകളിലേക്കും ജാരനായും അസൂയയായും പ്രേമമായും കാമമായുമൊക്കെ കടന്നുചെല്ലുന്ന ഒഥല്ലൊ, ഇയാഗൊ, ഡെസ്റ്റിമോണ എന്നീ കഥപാത്രങ്ങളെ നാടകാസ്വാദകരുടെ മനസ്സില്‍ മായ്ക്കാനാവാത്തവിധം മുദ്ര പതിപ്പിക്കുകയായിരുന്നു “യമദൂത്”.
പലരും പലരീതിയില്‍ പുനര്‍ വ്യാഖ്യാനം ചെയ്തിട്ടുള്ള ഒഥല്ലൊ എന്ന നാടകത്തെ സംവിധായകന്‍ കഥാപാത്രങ്ങള്‍ക്കുമേല്‍ സര്‍ഗാത്മകമായ ഇടപെടല്‍ നടത്തിക്കൊണ്ട് നാടകത്തിന്റെ സാധ്യതയെ ഒരു പുത്തന്‍ സൗന്ദര്യ ശാസ്ത്ര സങ്കല്‍പത്തിലൂടെ പ്രേക്ഷകനുമുന്നില്‍ തുറന്നുവെക്കുകയായിരുന്നു.

ഒരേ സമയം കഥാപാത്രങ്ങളെ ഒബ്ജക്റ്റുകളും, അവരുടെ മനസുമാക്കി മാറ്റുന്നു. സംഭാഷണം പറഞ്ഞു പോകേണ്ട കേള്‍വിയുടെ മാത്രം കലയല്ല നാടകമെന്നും അത് കാഴ്ചയ്ക്ക് കൂടിയുള്ളതാണെന്ന് യമദൂത് സാക്ഷ്യപ്പെടുത്തുകയായിരുന്നു. അലസമായി കണ്ടുതീര്‍ക്കേണ്ട ഒന്നല്ല നാടകമെന്നും ആസ്വാദകനും പണിയെടുക്കേണ്ട ഒന്നായിരിക്കണം നാടകമെന്നും പ്രേക്ഷകരെ ബോധ്യപ്പെടുത്തും വിധമായിരുന്നു “യമദൂത്” രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഒഥല്ലൊ, ഇയാഗൊ, ഡെസ്റ്റിമോണ എന്നിവരും മൂന്ന് കാട്ടുപക്ഷികളുമാണ് നാടകത്തില്‍ പ്രധാനമായുമുള്ളത്. കാസിയോയും മുഖമില്ലാത്ത കഥാപാത്രമായി വന്നുപോകുന്നുണ്ട്. മരണാനന്തര നിമിഷത്തില്‍ ഒഥല്ലൊയെ സ്വര്‍ഗത്തിലേക്ക് കൊണ്ടു പോക്കാനത്തിയ ദൂതന്‍മാരാണ് പക്ഷികള്‍. എന്നാല്‍ മരണ ദൂതരോടൊപ്പം പോകാന്‍ സയമമായില്ലെന്നും ഇനിയും ഇത്തിരി നേരം ബാക്കിയുണ്ടെന്നും ഒഥല്ലൊ പറയുന്നു. ജീവിതത്തെ പുണര്‍ന്നു തീരാത്ത മനുഷ്യന്റെ ജീവിതത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു നാടകത്തിലുടനീളം.
രംഗ പശ്ചാത്തലത്തിലും ശബ്ദത്തിലും വെളിച്ചത്തിലും സംഗീതത്തിലും ഏറെ ഔചിത്യവും മികവും പുലര്‍ത്തിക്കൊണ്ട് നാടകത്തെ ഉയര്‍ന്ന തലത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ സംവിധായകന്‍ അഭിമന്യുവിന് കഴിഞ്ഞു.
ഒഥല്ലൊയായും ഇയാഗൊയായും ഡെസ്റ്റിമോണയായും യഥാക്രമം വേഷമിട്ട പ്രകാശ് തച്ചങ്ങാടും, ജാഫര്‍ കുറ്റിപ്പുറവും, ഷിജിന കണ്ണന്‍ദാസും അരങ്ങില്‍ ജീവിക്കുകയായിരുന്നു. നന്ദന മണികണ്‍ഠന്‍, രജിത്ത് രാഘവന്‍, സന്ദീപ് മുല്ലശ്ശേരി, പ്രവേദ്, ഷീന സുനില്‍, അരുണ്‍ കൃഷ്ണന്‍, ജയേഷ് നിലമ്പൂര്‍, രാജേഷ് എന്‍ എം, മിഥുന്‍ മോഹന്‍, വേണു വി, ബിനു, തമ്പാന്‍, ഇ പി സുനില്‍, ഇ എന്‍ സുനില്‍, നിര്‍മല്‍, സഗീര്‍, ബാബുരാജ്, ഷാജി, മണികണ്‍ഠന്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു.

 

 

Latest