വികസനക്കുതിപ്പിന് പുതിയ പദ്ധതികളുമായി ഷാര്‍ജ

Posted on: January 17, 2018 7:20 pm | Last updated: January 17, 2018 at 7:20 pm
SHARE
ഷാര്‍ജയുടെ വികസനത്തിനുള്ള സമഗ്ര പദ്ധതി അനാവരണം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍വഹിക്കുന്നു

ഷാര്‍ജ: എമിറേറ്റിന്റെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന വന്‍കിട പദ്ധതികളുമായി ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്). ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പുതിയ പദ്ധതികള്‍ അനാവരണം ചെയ്തത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഈഗിള്‍ ഹില്‍സുമായി ചേര്‍ന്നാണ്, ‘ഈഗിള്‍ ഹില്‍സ് ഷാര്‍ജ ഡവലപ്‌മെന്റ്’ എന്ന പുതിയ വികസന കൂട്ടായ്മ.
ശുറൂഖ് ചെയര്‍പേഴ്‌സണ്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി, ശുറൂഖ് സി ഇ ഒ മര്‍വാന്‍ ജാസിം അല്‍ സര്‍ക്കാല്‍, ഈഗിള്‍ ഹില്‍സ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി തുടങ്ങി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

മറിയം ഐലന്‍ഡ്, കല്‍ബ വാട്ടര്‍ ഫ്രണ്ട്, പാലസ് അല്‍ ഖാന്‍ എന്നിങ്ങനെ ഷാര്‍ജയുടെ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന മൂന്നു പുതിയ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ലോകോത്തര ഷോപ്പിംഗ്-താമസ സൗകര്യങ്ങള്‍ ഒരുക്കുകയും ലക്ഷ്യം വെക്കുന്ന പദ്ധതികള്‍ക്ക് മുന്നൂറു കോടി ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്നു.
ഷാര്‍ജയിലുള്ളവരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്താനും എമിറേറ്റിന്റെ സമഗ്രവികസനവും പുതിയ കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. ശൈഖ് സുല്‍ത്താന്റെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി വളരുകയാണ് ഷാര്‍ജ. ഈഗിള്‍ ഹില്‍സ് ഷാര്‍ജ ഡവലപ്‌മെന്റ് ഈ കുതിപ്പിന്റെ വേഗം കൂട്ടും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന്, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുകയാണ് ശുറൂഖ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കാനും കൂടുതല്‍ നിക്ഷേപങ്ങള്‍ കണ്ടെത്താനും ഇത് വഴി സാധ്യമാവുമെന്നും ശൈഖ ബുദൂര്‍ പറഞ്ഞു.
പരമ്പരാഗത മൂല്യങ്ങള്‍ മുറുക്കെപ്പിടിച്ചു ഷാര്‍ജ നടത്തുന്ന വികസനക്കുതിപ്പിന്റെ ഭാഗമാവുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഈഗിള്‍ ഹില്‍സ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ പറഞ്ഞു. ‘ആഥിതേയത്തിന്റെയും മൂല്യങ്ങളുടെയും പ്രതീകമാണ് ഷാര്‍ജ. ഇവിടെ ശുറൂഖുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ഒരുക്കുന്നതില്‍ അഭിമാനമുണ്ട്. പുതിയ കൂട്ടായ്മയിലൂടെ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാനാവുമെന്നും മികച്ച സൗകര്യങ്ങള്‍ ഒരുക്കാനാവുമെന്നും ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറിയം ഐലന്‍ഡാണ് പുതിയ പദ്ധതികളില്‍ ഏറ്റവും ചെലവേറിയത്. 250 കോടി ദിര്‍ഹം ചെലവ് വരുന്ന പദ്ധതി അല്‍ ഖാന്‍ ലഗൂണ്‍- അല്‍ മംസാര്‍ പ്രദേശത്താണ് ഒരുങ്ങുന്നത്. 1890 ആഡംബര വില്ലകള്‍, പഞ്ച നക്ഷത്ര ഹോട്ടലുകള്‍, നൂറുകണക്കിന് റസ്റ്റോറന്റുകള്‍, കോഫീ ഷോപ്പുകള്‍, കുട്ടികള്‍ക്ക് ഉദ്യാനം തുടങ്ങി നാലര ലക്ഷത്തിലേറെ ചതുരശ്ര മീറ്റര്‍ പ്രദേശത്തായി ലോകോത്തര സൗകര്യങ്ങളൊരുങ്ങും.

കല്‍ബ ഇക്കോ ടൂറിസം പദ്ധതിയോടു ചേര്‍ന്നാണ് കല്‍ബ വാട്ടര്‍ ഫ്രണ്ട് ഒരുങ്ങുന്നത്. പ്രകൃതി മനോഹരമായ പദ്ധതി 17,000 ചതുരശ്ര മീറ്ററിലാണ് ഒരുങ്ങുന്നത്. അന്തരാഷ്ട്ര ബ്രാന്‍ഡുകളടക്കം 86 റീടെയില്‍ ഔട്‌ലെറ്റുകള്‍, റെസ്റ്ററന്റുകള്‍, വിനോദ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ഷോപ്പിംഗ് അനുഭവങ്ങളും വിനോദ സഞ്ചാര സാധ്യതകളും ഒരുക്കുന്ന കല്‍ബ വാട്ടര്‍ ഫ്രണ്ട് അടുത്ത വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാവും എന്നാണ് കരുതപ്പെടുന്നത്. പാലസ് അല്‍ ഖാനാണ് മൂന്നാമത്തെ പദ്ധതി. 12 കോടി ദിര്‍ഹം ചെലവ് വരുന്ന പാലസ് അല്‍ ഖാന്‍, പ്രദേശത്തെ ആദ്യത്തെ ലക്ഷ്വറി വാട്ടര്‍ ഫ്രണ്ട് റിസോര്‍ടാണ്. പുതിയ നിര്‍മാണ മാതൃകകളിലൂടെ വേറിട്ട സഞ്ചാര – താമസ അനുഭവങ്ങളാവും പാലസ് അല്‍ ഖാന്‍ പകരുക.

 

LEAVE A REPLY

Please enter your comment!
Please enter your name here