ആധാര്‍ സുരക്ഷിതമാണോ? ചോദ്യങ്ങളുമായി സുപ്രീംകോടതി

Posted on: January 17, 2018 6:06 pm | Last updated: January 18, 2018 at 9:18 am
SHARE

ന്യൂഡല്‍ഹി: ആധാര്‍ തിരിച്ചറിയലിന് വേണ്ടി മാത്രമാണോ എന്ന് സുപ്രീംകോടതി. ആധാര്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ എന്നും സുരക്ഷിതമാണോ എന്നും കോടതി ചോദിച്ചു. മണിബില്‍ ആയി ആധാര്‍ കൊണ്ടുവന്നതിനെ ചോദ്യം ചെയ്യാനാകുമോ. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ വാദത്തിനിടെയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍. ആധാര്‍ വിഷയത്തില്‍ നാളെയും വാദം തുടരും.

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ശ്യാം ദിവാനാണ് ഹര്‍ജിക്കാര്‍ക്കായി കോടതിയില്‍ ഹാജരായത്. ജനങ്ങളുടെ ഭരണഘടന രാഷ്ട്രത്തിന്റെ ഭരണഘടനയായി മാറുന്നതാണ് കാണുന്നതെന്ന് ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് 27 ഹര്‍ജികളാണ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍. ഇതില്‍ 2012ല്‍ സമര്‍പ്പിച്ച ഹര്‍ജികളും ഉള്‍പ്പെടും.

അഞ്ഞൂറുരൂപ നല്‍കി വെബ്‌സൈറ്റില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന് ഇംഗ്ലീഷ് ദിനപത്രമായ ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത് ഏറെ വിവാദങ്ങലുണ്ടാക്കിയിരുന്നു. അതിനാല്‍ ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരുടെ വാദം കൂടുതല്‍ ശക്തമാണ്.