വഖ്ഫ് ബോര്‍ഡ് ലോണ്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Posted on: January 17, 2018 11:46 am | Last updated: January 17, 2018 at 11:46 am

കൊച്ചി: എം എസ് സി നഴ്‌സിംഗ്, ബി എസ് സി മൈക്രോ ബയോളജി ബി എസ് സി അഗ്രികള്‍ച്ചര്‍, ബി സി എ എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മുസ്്‌ലിം വിദ്യാര്‍ഥി വിദ്യാര്‍ഥിനകളില്‍ നിന്ന്് കേരളാ സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് നല്‍കുന്ന പലിശ രഹിത ലോണ്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. 2017-18 അധ്യയന വര്‍ഷത്തേക്കുള്ള അലോട്ട്‌മെന്റ് പ്രകാരം ഒന്നാം വര്‍ഷം കോഴ്‌സിന് ചേര്‍ന്നിട്ടുള്ളവര്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹതയുണ്ടാകുകയുള്ളൂ.

മുന്‍ പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കോ അല്ലെങ്കില്‍ തതുല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 250000 രൂപയില്‍ താഴെയായിരിക്കണം. www.keralastatewakfboard.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോറം ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 25നകം അഡ്മിനിസ്‌ട്രേറ്റീവ് കം അക്കൗണ്ട്‌സ് ഓഫീസര്‍, കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ്, അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന് സമീപം, വി ഐ പി റോഡ്, കലൂര്‍- 682017 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്.

നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.