തെളിവുകള്‍ കണ്ടെത്താനായില്ല; ബാര്‍കോഴക്കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ്

Posted on: January 17, 2018 11:28 am | Last updated: January 17, 2018 at 6:29 pm
SHARE

കൊച്ചി : രാഷ്ട്രീയ കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച ബാര്‍ കോഴക്കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് നീക്കം. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം. മാണി മുഖ്യ പ്രതിയായ ബാര്‍ കോഴക്കേസില്‍ സാഹചര്യത്തെളിവുകളോ
ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്നാണു വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. മാണി കോഴ
വാങ്ങിയതിനും തെളിവില്ല. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയില്‍ കൃത്രിമമുണ്ടെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

ഇതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിജിലന്‍സ് സംഘത്തിന് ഹൈക്കോടതി 45 ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രി വി.എസ്. സുനില്‍കുമാര്‍, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി. മുരളീധരന്‍ എന്നിവരുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. മുന്‍മന്ത്രി കെ.എം. മാണി ബാറുടമകളില്‍നിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

 

LEAVE A REPLY

Please enter your comment!
Please enter your name here