ഐ എസ് എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പുര്‍ എഫ് സിക്കെതിരെ

Posted on: January 17, 2018 8:45 am | Last updated: January 17, 2018 at 1:23 pm
SHARE

ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പഴയ ആശാന്റെ തട്ടകത്തില്‍ കളിക്കാനിറങ്ങും. കോപ്പലാശാന്‍ എന്ന് സ്‌നേഹത്തോടെ മഞ്ഞപ്പടയുടെ ഫാന്‍സ് വിളിക്കുന്ന സ്റ്റീവ് കോപ്പല്‍ ജംഷഡ്പുര്‍ എഫ് സിയുടെ നില മെച്ചപ്പെടുത്താനുള്ള തത്രപ്പാടിലാണ്.
ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തിയ കോച്ച് ഡേവിഡ് ജെയിംസിന്റെ വിജയ മന്ത്രങ്ങള്‍ ഉരുവിട്ട് അപരാജിതരായി മുന്നേറുകയാണ്. മുംബൈ എഫ് സിക്കെതിരെ നേടിയ ഒരു ഗോള്‍ജയം ബ്ലാസ്‌റ്റേഴ്‌സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പന്തുമായി ഗോളിലേക്ക് എത്രയും വേഗം എത്തുക എന്ന തന്ത്രമാണ് ജെയിംസ് അനുവര്‍ത്തിക്കുന്നത്.
പാതിവഴിയില്‍ സ്ഥാനം ഒഴിഞ്ഞ റെനെ മ്യൂളെന്‍സ്റ്റെന്റെ പ്രൊഫഷണല്‍ യൂറോപ്യന്‍ ശൈലി ബ്ലാസ്റ്റേഴ്‌സിന് വഴങ്ങുന്നതല്ലായിരുന്നു. കൂടുതല്‍ പാസുകള്‍ കളിക്കുന്നതിലല്ല, കൂടുതല്‍ നീക്കങ്ങള്‍ നടത്തുന്നതിലാണ് കാര്യമെന്ന് ജെയിംസ് മഞ്ഞപ്പടയെ വീണ്ടും പഠിപ്പിക്കുകയാണ്.
ജംഷഡ്പുര്‍ എഫ് സിയുടെ പ്രതിരോധത്തിലുള്ള കുഴപ്പം ഇനിയും പരിഹരിക്കുവാന്‍ കോപ്പലാശാന്‌സാധിച്ചിട്ടില്ല. ഇത് മുതലെടുക്കാനാകും ജെയിംസ് ശ്രമിക്കുക. കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂം തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ ജയങ്ങള്‍ സമ്മാനിച്ചത്.

പോയിന്റ് ടേബിളില്‍..

പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് ജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമായി 14 പോയിന്റോടെ ആറാം സ്ഥാനത്താണ്. ജംഷഡ്പുര്‍ എഫ് സി കേരള ടീമിനേക്കാള്‍ ഒരു മത്സരം കുറവാണ് കളിച്ചത്. രണ്ട് ജയം, നാല് സമനില, മൂന്ന് തോല്‍വി ഉള്‍പ്പടെ ജംഷഡ്പുര്‍ എഫ് സിക്ക് പത്ത് പോയിന്റ്. ചെന്നൈയിന്‍ എഫ് സിയാണ് ഒന്നാം സ്ഥാനത്ത്. പത്ത് മത്സരങ്ങളില്‍ 20 പോയിന്റ്. ബെംഗളുരു എഫ് സി (18), എഫ് സി പൂനെ സിറ്റി (16), എഫ് സി ഗോവ (16) എന്നിങ്ങനെയാണ് ഐ എസ് എല്‍ ടോപ് ഫോര്‍ റാങ്കിംഗ്.

വീഡിയോ റിവ്യൂ വേണം…

ജംഷഡ്പുര്‍ എഫ് സി പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ഐ എസ് എല്ലില്‍ വീഡിയോ റിവ്യൂ സമ്പ്രദായം കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു.
റഫറിമാരുടെ പല തീരുമാനങ്ങളും തെറ്റാണ്. മത്സരത്തിന്റെ ഒഴുക്കിനെതിരെയാണ് പല വിധികളും വന്നിട്ടുള്ളത്.
ഇതെല്ലാം പരിശോധിക്കപ്പെടേണ്ടതാണ്. പത്ത് കാമറുകളുടെ സഹായത്തോടെയാണ് ഐ എസ് എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്.
എന്തു കൊണ്ട് ഇംഗ്ലണ്ടിലേത് പോലെ വീഡിയോ റിവ്യൂ നടപ്പിലാക്കുന്നില്ല. റഫറിമാരുടെ അവസ്ഥ ആലോചിക്കുമ്പോള്‍ സഹതാപം തോന്നും. വലിയ സമ്മര്‍ദ മുഖത്ത് നിന്നു കൊണ്ടാണ് റഫറിമാര്‍ തീരുമാനങ്ങളെടുക്കുന്നത് – കോപ്പല്‍ പറഞ്ഞു.

കേരളത്തിന്റെ ജെയിംസ് ബോണ്ട് !

പ്രതീക്ഷയറ്റ് നില്‍ക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. അപ്പോഴാണ് എതിര്‍ ക്യാമ്പുകളില്‍ നിന്ന് വിജയം ചോര്‍ത്തിയെടുക്കാനുള്ള ഏജന്റിനെ പോലെ ഡേവിഡ് ജെയിംസ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക തൊപ്പിയണിയുന്നത്.
ജെയിംസിന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിട്ടില്ല. ഒരു ഡ്രോയും രണ്ട് ജയവും. മത്സരം 1-0ന് ആയാലും ജയിച്ചാല്‍ മതിയെന്നതാണ് ജെയിംസിന്റെ രീതി.

LEAVE A REPLY

Please enter your comment!
Please enter your name here