Connect with us

Editorial

കനല്‍ അണയാതെ ജുഡീഷ്യറി

Published

|

Last Updated

സുപ്രിം കോടതിയിലെ പ്രതിസന്ധി പരിഹാരമാകാതെ തുടരുകയാണ്. അതൊരു ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നു, എല്ലാം പരിഹൃതമായെന്ന് തിങ്കളാഴ്ച അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പ്രസ്താവിച്ചിരുന്നെങ്കിലും സുപ്രധാന കേസുകള്‍ കേള്‍ക്കാനായി രൂപവത്കരിച്ച ഭരണഘടനാ ബെഞ്ചില്‍ നിന്ന് മുതിര്‍ന്ന നാല് ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയ വിവരം പുറത്തുവന്നതോടെ അറ്റോര്‍ണി ജനറലിന് തന്റെ പ്രസ്താവന തിരുത്തേണ്ടിവന്നു. പ്രശ്‌നങ്ങള്‍ പൂര്‍ണമായും തീര്‍ന്നിട്ടില്ലെന്നും പരിഹാരത്തിനുള്ള തീവ്രശ്രമത്തിലാണെന്നുമാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. ആധാര്‍, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങിയ സുപ്രധാന കേസുകള്‍ പരിഗണിക്കാനായി പുനഃസംഘടിപ്പിച്ച ബെഞ്ചിലാണ് തനിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ പ്രമുഖരായ നാല് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ജൂനിയറായ ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ഉള്‍ക്കൊള്ളിച്ചത്. കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു തനിക്ക് താത്പര്യമുള്ള ജൂനിയര്‍ ജഡ്ജിമാര്‍ക്ക് പ്രധാന കേസുകള്‍ ഏല്‍പിക്കുന്നുവെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ സീനിയര്‍ ജഡ്ജിമാര്‍ ഉന്നയിച്ച പ്രധാന ആരോപണങ്ങളില്‍ ഒന്ന്. ഇതിന് അടിവരയിടുന്നതാണ് പുതിയ ഭരണഘടനാ ബെഞ്ച് രൂപവത്കരണത്തിലെ മിശ്രയുടെ ഏകപക്ഷീയ നിലപാട്.
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആരോപണ വിധേയനായ ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസിന്റെ വാദം കേള്‍ക്കാന്‍ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനെ തന്നെ ചീഫ് ജസ്റ്റിസ് നിയോഗിച്ചതും മാന്യമായ ഒത്തുതീര്‍പ്പിന് അദ്ദേഹം സന്നദ്ധനല്ലെന്നതിന്റെ സൂചനയാണ്. അതീവ സുപ്രധാനമായ കേസായതിനാല്‍ ഇത് മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചന് വിടണമെന്ന് ജസ്റ്റിസ് ചെലമേശ്വറും സഹജഡ്ജിമാരും നേരത്തെ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതാണ്. ജസ്റ്റിസ് അരുണ്‍ മിശ്ര മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് പൊതുവെ അനഭിമതനുമാണ്. എന്നിട്ടും കേസ് അരുണ്‍ മിശ്ര അധ്യക്ഷനായ പത്താം നമ്പര്‍ കോടതിക്ക് വിട്ടതാണ് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്തു വരാനുണ്ടായ കാരണം. ഈ കേസിന് ഇനി സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ ഗതിവരുമോ എന്നാണ് സന്ദേഹിക്കുന്നത്. കേസ് ജസ്റ്റിസ് ലോയ കൈകാര്യം ചെയ്തപ്പോള്‍ കുറ്റാരോപിതര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുകയും അമത് ഷായോട് കോടതിയില്‍ നേരിട്ടു ഹാജറാകാന്‍ ഉത്തരിവിടുകയും ചെയ്തിരുന്നു. ലോയയുടെ മരണ ശേഷം കേസ് ഏല്‍പ്പിച്ചത് ജസ്റ്റിസ് എം ബി ഗോസാവിയയെ ആണ്. അദ്ദേഹം കേസ് പരിഗണിച്ചു ഒരു മാസത്തിനകം മുഴവന്‍ പ്രതികളെയും വെറുതെ വിടുകയായിരുന്നു.

മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥരുമായല്ല നീതിന്യായ വ്യവസ്ഥ ചീഫ് ജസ്റ്റിസിനെയും സഹ ജഡ്ജിമാരെയും കാണുന്നത്. ഒരേ പദവിയിലുള്ള ആളുകളില്‍ നിന്ന് സീനിയോറിറ്റി മാനദണ്ഡമാക്കി ഒരാളെ ഒന്നാമനായി കണ്ടെത്തുക മാത്രമാണ് ചീഫ് ജസ്റ്റിസ് പദവി കൊണ്ടര്‍ഥമാക്കുന്നത്. കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ മറ്റു ജഡ്ജമാരെ പോലെ ചീഫ് ജസ്റ്റിസിനും ഒരു വോട്ട് മാത്രമാണുള്ളത്. സുപ്രീം കോടതി ജഡ്ജിമാരിലെ ഒന്നാമന്‍ എന്ന അടിസ്ഥാനത്തിലാണ് കോടതികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കേസുകള്‍ ഏത് ബഞ്ചിന് കൈമാറണമെന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്തം ചീഫ് ജസ്റ്റിസിന് നല്‍കിയത്. കേസുകള്‍ പരിഗണിക്കേണ്ട ജഡ്ജിമാരെ നിശ്ചയിക്കുന്നതില്‍ അദ്ദേഹം സുതാര്യത ഉറപ്പ് വരുത്തുകയും പരമാവധി നീതിയുക്തമാകാന്‍ ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്. ജഡ്ജിമാരെ നിയോഗിക്കുന്നതില്‍ അദ്ദേഹത്തിന് തന്നിഷ്ടവും ഏകപക്ഷീയ നിലപാടും പാടില്ല. ജുഡീഷ്യറിയിലെ പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി പി ബി സാവന്ത്, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷാ, ബോംബെ ഹൈക്കോടതി മുന്‍ ജസ്റ്റിസ് എച്ച് സുരേഷ,് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ ചന്ദ്രുഎന്നിവര്‍ ചേര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കു എഴുതിയ തുറന്ന കത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ഇത്തരം വിഷയങ്ങളില്‍ മുതിര്‍ന്ന ജഡ്ജിമാരുടെ അഭിപ്രായം തേടുന്നതും അവരുടെ വികാരം മാനിക്കുന്നതും വിവാദങ്ങള്‍ ഒഴിവാക്കാനും പ്രവര്‍ത്തനം കുറ്റമറ്റതാക്കാനും സഹായിക്കും.

ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍, നീതിന്യായ മേഖലയിലാണ് ഇന്ത്യന്‍ ജനത അല്‍പമെങ്കിലും പ്രതീക്ഷ പുലര്‍ത്തുന്നത്. ജുഡീഷ്യറിക്ക് കൂടി ക്ഷതമേറ്റാല്‍ സ്ഥിതി കൂടുതല്‍ വിപത്കരമാകും. അതുകൊണ്ടു തന്നെ പുതിയ പ്രതിസന്ധിയും ഭിന്നതയും എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ അനുരഞ്ജന നീക്കങ്ങള്‍ക്ക് ഏഴംഗ സമിതിയെ നിയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ജുഡീഷ്യറിയെ സ്വാധീനിക്കാനുള്ള ഭരണകൂടത്തിന്റെ കരുനീക്കങ്ങളിലാണ് പ്രശ്‌നത്തിന്റെ അടിവേര് എന്നതിനാല്‍ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട സംഘടനകള്‍ തന്നെയാണ് മാധ്യസ്ഥത്തിന് ഉചിതം. വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ചു തങ്ങള്‍ ബോധവാന്മാരാണെന്നും ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സഹായകമായ ഒത്തുതീര്‍പ്പിന് ശ്രമിക്കുമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര വ്യക്തമാക്കിയിരിക്കുകയാണ്.