Connect with us

Articles

ഹെലികോപ്റ്റര്‍ വിവാദം

Published

|

Last Updated

ഓഖി ദുരിതാശ്വാസത്തിനായി വന്ന കേന്ദ്ര സംഘത്തെ കാണാന്‍ മുഖ്യമന്ത്രി തൃശൂരിലെ നാട്ടികയില്‍ നിന്നു വാടകക്കെടുത്ത ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പതിവു പോലെ മുന്‍ സര്‍ക്കാറുകളും ഇങ്ങനെ ചെയ്തിട്ടുണ്ട് തുടങ്ങിയ വാദങ്ങള്‍ ഉപയോഗിച്ച് ഇതിനെ നേരിടാനാണ് സര്‍ക്കാറും സി പി എമ്മും ശ്രമിക്കുന്നത്. മറ്റു പല വിഷയങ്ങളിലുമെന്ന പോലെ പ്രതിപക്ഷമല്ല, മാധ്യമങ്ങളാണ് പ്രശ്‌നം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഈ യാത്രക്കാവശ്യമായ പണം ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നെടുത്തു എന്നതാണ് പലരും വിവാദത്തിനടിസ്ഥാനമാക്കിയത്. എന്നാല്‍, ഇത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണെന്നും ഓഖി ബാധിതരുടെ ഫണ്ടില്‍ നിന്നല്ലെന്നും വാദിച്ചുകൊണ്ട് ഭരണപക്ഷം അതിനെ നേരിട്ടു. മുഖ്യമന്ത്രിമാരുടെ യാത്രയും ഭക്ഷണവും താമസവും ചികിത്സയുമടക്കമുള്ള കുടുംബാംഗങ്ങളുടെ ചിലവുകളും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ് എടുക്കുന്നത് എന്നതിനാല്‍ ഇതില്‍ മാത്രം ഇത്ര ബഹളംവെക്കാന്‍ എന്തിരിക്കുന്നു എന്നുള്ള മറുചോദ്യവും വരുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയും ഇതുപോലെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നു പണമെടുത്ത് ഹെലികോപ്റ്റര്‍ യാത്ര നടത്തിയതിന്റെയും, മോദി വിവിധ യാത്രകള്‍ നടത്തിയതിന്റെയും കണക്കുകളും ഇപ്പോള്‍ പുറത്തുവിടുന്നുണ്ട്. തെറ്റ് കണ്ടെത്തിയപ്പോള്‍ സര്‍ക്കാര്‍ അത് തിരുത്തിയെന്നും മുന്‍ സര്‍ക്കാറുകളില്‍ നിന്നും തങ്ങള്‍ മെച്ചമാണെന്നു സ്ഥാപിക്കാനും ശ്രമം നടക്കുന്നു. മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഡി ജി പിയുടെയും ഓഫീസുകളില്‍ കൂടി കടന്നാണ് ഒന്നര ആഴ്ച മുമ്പ് ഈ യാത്രക്കുള്ള പണം അനുവദിച്ചത് എന്നും അവരാരും ഇതില്‍ ഒരു ക്രമക്കേടും കണ്ടില്ലെന്നും ഓര്‍ക്കുക. ഏതു ഫണ്ടില്‍ നിന്നാണ് പണം എടുക്കുന്നതെന്നു മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടതില്ലെന്നതിനാല്‍ താന്‍ അറിഞ്ഞ ഉടനെ ആ ഉത്തരവ് റദ്ദാക്കി എന്നും അതുകൊണ്ട് ഒരു തെറ്റും ഇവിടെ സംഭവിച്ചിട്ടില്ലെന്നും പറയുന്നു. മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് വരെ എന്തുകൊണ്ട് കണ്ടില്ല എന്ന ചോദ്യം പ്രസക്തമാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം മുടക്കി എട്ട് ഉപദേഷ്ടാക്കളെ മുഖ്യമന്ത്രിക്കായി നിയമിച്ചിട്ടുണ്ട്. അവരും കണ്ടില്ല.

പതിവു പോലെ ഒരു പ്രശ്‌നത്തിന്റെ യഥാര്‍ഥ വശം ഈ ചര്‍ച്ചകളില്‍ വരുന്നില്ല എന്നതാണ് പ്രശനം. ഈ വിഷയത്തെ ഒന്ന് വിശകലനം ചെയ്യാം. എല്ലാ നേതാക്കളും ഒരു സ്ഥാനത്തിരിക്കുമ്പോള്‍ നടത്തുന്ന യാത്രകളുടെ ചെലവ് സര്‍ക്കാറാണ് വഹിക്കുന്നത്. സി പി എം പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. അതിനായി ചെയ്യുന്ന യാത്രകളുടെ ചെലവ് മുഖ്യമന്ത്രിക്ക് സര്‍ക്കാറില്‍ നിന്നെടുക്കുന്നതില്‍ ഇത് വരെ ആരും തെറ്റ് കണ്ടിട്ടില്ല. പക്ഷേ, ഇവിടെ അങ്ങനെ ഒരു സാധാരണ അവസ്ഥയല്ല ഉണ്ടായിരിക്കുന്നത്. സാധാരണ ഗതിയില്‍ തൃശൂരില്‍ നിന്നും മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് പോകാന്‍ കാറോ തീവണ്ടിയോ അങ്ങേയറ്റം യാത്രാ വിമാനമോ ഉപയോഗിക്കാം. ഇതിനു വരാവുന്ന പരമാവധി ചെലവ് രണ്ടോ മൂന്നോ ആയിരം രൂപ മാത്രം. ആര്‍ക്കും പരാതിയില്ല. പക്ഷേ, ഇവിടെ ഒരൊറ്റ യാത്രക്ക് ചെലവാക്കിയിരിക്കുന്നത് എട്ട് ലക്ഷം രൂപയാണ്. ഇങ്ങനെ ചെലവ് ചെയ്യേണ്ടി വരുന്നത് ഏതെങ്കിലും അവിചാരിതമായ, അപ്രതീക്ഷിതമായ സാഹചര്യം മൂലമാണെങ്കില്‍ അത് വേറെ കാണണം. ഉദാഹരണത്തിന് തൃശൂര്‍ സമ്മേളനം നടക്കുമ്പോള്‍ ഓഖി പോലൊരു ദുരന്തം ഉണ്ടാകുന്നു എന്ന് വെക്കുക. മുഖ്യമന്ത്രിക്ക് അവിടെ കഴിയുന്നത്ര വേഗത്തില്‍ എത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ മനസ്സിലാക്കാം. ഇതാണോ ഇവിടെ ഉണ്ടായത്? കേന്ദ്ര സംഘം വരുന്ന വിവരം എത്രയോ നേരത്തെ അറിയാം. പാര്‍ട്ടി സമ്മേളനത്തിന്റെ കാര്യം അതിനു മുമ്പേ അറിയാം. കേന്ദ്ര സംഘത്തിനു മുന്നില്‍ മുഖ്യമന്ത്രി കേരളത്തിന്റെ ആവശ്യങ്ങള്‍ അവതരിപ്പിക്കേണ്ടതും അനിവാര്യമാണ്. നമ്മുടെ മുന്നില്‍ രണ്ട് കാര്യങ്ങള്‍ വരുമ്പോള്‍ അതില്‍ ഒന്നിന് മുന്‍ഗണന കൊടുക്കേണ്ടിവരും. ഇവിടെ പാര്‍ട്ടി സമ്മേളനത്തിന്റെ ഒരു സെഷന്‍ (രാവിലെയോ വൈകീട്ടോ) ഒഴിവാക്കിയിരുന്നെങ്കില്‍ സാധാരണ യാത്ര വഴി മുഖ്യമന്ത്രിക്ക് ഇവരെ കാണാമായിരുന്നു. ഒരുപക്ഷേ, മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കില്‍ അതി രാവിലെയോ അല്‍പം വൈകിയോ കാണാന്‍ അവര്‍ക്ക് സമ്മതിക്കേണ്ടിവരും. അപ്പോഴും ഈ അധിക ചെലവ് ഒഴിവാക്കാമായിരുന്നു.

ഇതൊന്നും പെട്ടന്ന് സംഭവിച്ചതല്ല എന്നതിനാല്‍ കൃത്യമായി ആസൂത്രണം ചെയ്യാമായിരുന്നു. പക്ഷേ, പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അത്തരം ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. അതിലും തെറ്റില്ല. (ഇതേ മുഖ്യമന്ത്രി തലസ്ഥാനത്തുണ്ടായിട്ടും ആറാം ദിവസമാണ് ദുരന്തബാധിതരെ കാണാന്‍ പോയത് എന്നതും കൂട്ടി വായിക്കണം.) പക്ഷേ, അങ്ങനെയെങ്കില്‍ ആ യാത്രക്ക് വേണ്ട അധിക ചെലവ് വഹിക്കേണ്ടത് സര്‍ക്കാറല്ല, പാര്‍ട്ടിയാണ്. കാരണം മുഖ്യമന്ത്രി നിര്‍ബന്ധം പിടിച്ചത് പാര്‍ട്ടി സമ്മേളനത്തില്‍ മുടക്കം വരാതിരിക്കാനാണ്. അത് ജനങ്ങളുടെ ആവശ്യമല്ല, പാര്‍ട്ടി സമ്മേളനം ഇല്ലായിരുന്നെങ്കില്‍ മറ്റെന്തെങ്കിലും കാര്യത്തിനാണ് മുഖ്യമന്ത്രി തൃശൂരില്‍ പോയിരുന്നതെങ്കില്‍ ഈ ചെലവ് വരില്ലായിരുന്നല്ലോ. പാര്‍ട്ടിയുടെ ആവശ്യമാണ്. ഇത് മനസ്സിലാക്കിയാകാം ആദ്യദിവസം മന്ത്രി കടകംപിള്ളി തന്നെ പണം പാര്‍ട്ടി തിരിച്ചടക്കുമെന്നു പറഞ്ഞത്. മുമ്പ് എ കെ ആന്റണി ഡല്‍ഹിയില്‍ നിന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വന്ന വിമാനത്തിന്റെ ചെലവ് സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ ഓര്‍ക്കാം. അന്ന് ഇടതുപക്ഷം എടുത്ത നിലപാടും ഓര്‍ക്കാം. അഭിപ്രായങ്ങള്‍ ഇരുമ്പുലക്ക അല്ലല്ലോ. പക്ഷേ, അത് എങ്ങനെയും വലിച്ചു നീട്ടാവുന്ന ഇലാസ്റ്റിക്കും ആകരുത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടു യാത്രകള്‍ ഈ സന്ദര്‍ഭത്തില്‍ പരാമര്‍ശിക്കപ്പെട്ടു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണമെടുത്ത് ഒരിക്കല്‍ അടിമാലിക്ക് പോയതാണ്. അത് ദുരന്തബാധിതപ്രദേശം കാണാന്‍ വേണ്ടിയാണ്. കൊച്ചിയില്‍ വിമാനം ഇറങ്ങി റോഡ് മാര്‍ഗമുള്ള യാത്ര തടസ്സപ്പെട്ട പ്രദേശം കാണാന്‍ പോകുമ്പോള്‍ ഇതില്‍ തെറ്റ് പറയാന്‍ പറ്റില്ല. എന്നാല്‍, ഇദ്ദേഹം തന്നെ തമിഴ്‌നാട്ടിലെ ഊട്ടിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ ഹെലികോപ്ടറില്‍ പോയ കാര്യവും ചിലര്‍ സൂചിപ്പിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ അവിടെ ഇറങ്ങാന്‍ കഴിയാതെ തലസ്ഥാനത്ത് തന്നെ വന്നു തിരിച്ചിറങ്ങിയത്രേ. അതിനായുള്ള പണം സര്‍ക്കാറില്‍ നിന്നാണ് എടുത്തതെങ്കില്‍ അത് തെറ്റ് തന്നെയാണ്. ഊട്ടിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നത് കേരളീയരുടെ ആവശ്യമല്ല. അതിന്റെ ചെലവ് സര്‍ക്കാ റല്ല കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ എടുക്കണം.

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഇന്ത്യ ടുഡേ എന്ന മാധ്യമസ്ഥാപനം നല്‍കിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ വേണ്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഒരു ചാര്‍ട്ടയേഡ് വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നു ജയപുര്‍ പോയി എന്നും അതിനുള്ള പണം ഡല്‍ഹി സര്‍ക്കാറാണ് നല്‍കിയതെന്നും ഒരു എല്‍ ഡി എഫ് നേതാവ് പറഞ്ഞു. അദ്ദേഹം പറഞ്ഞതില്‍ ആദ്യപകുതി ശരിയാണ്. ഇന്ത്യയൊട്ടാകെ ആ മാധ്യമം നടത്തിയ സര്‍വേയില്‍ കെജ്‌രിവാളിനെ ആ വര്‍ഷത്തെ പ്രമുഖ വ്യക്തിയായി തിരഞ്ഞെടുക്കുകയും അദ്ദേഹത്തിനൊപ്പം ഒരു സായാഹ്നം എന്ന പരിപാടിക്ക് ക്ഷണിക്കുകയും അദ്ദേഹം പോകുകയും ചെയ്തു. പോയത് വിമാനം ചാര്‍ട്ട് ചെയ്താണ് താനും. പക്ഷേ, രണ്ടാം പകുതി ശരിയല്ല. അതിനായി പണം മുടക്കിയത് ഇന്ത്യ ടുഡേ ആണ്. ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ഇന്ത്യ ടുഡേ ഇക്കാര്യം വിശദീകരിച്ചു പ്രസ്താവന ഇറക്കുകയും ചെയ്തു. മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ പരിപാടികള്‍ മുടങ്ങാതിരിക്കണമെങ്കില്‍ എപ്പോള്‍ പോകാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. ആ സമയത്ത് പോകാന്‍ കഴിയുംവിധം യാത്രാ വിമാനം ഇല്ലാത്തതിനാല്‍ അവര്‍ തന്നെ ഒരു വിമാനം ചാര്‍ട്ട് ചെയ്തു കൊടുക്കുകയായിരുന്നു. അതില്‍ ഒരു തെറ്റുമില്ല താനും. കാരണം അവിടെ ആവശ്യക്കാര്‍ മാധ്യമ സ്ഥാപനമായിരുന്നു.
കേരളത്തിലെ വിഷയത്തില്‍ ദുരൂഹമായ ഒട്ടേറെ കാര്യങ്ങളുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ഈ യാത്ര സംബന്ധിച്ച് ആസൂത്രണം നടത്തിയത് ഡി ജി പി ആയിരുന്നു. അദ്ദേഹമാണ് കോപ്ടര്‍ കമ്പനിയുമായി വിലപേശി ഉറപ്പിച്ചത്. ഡിസംബര്‍ 25നു അദ്ദേഹം ഇത് സംബന്ധിച്ച് നോട്ട് തയ്യാറാക്കി മറ്റുള്ളവര്‍ക്ക് അയച്ചിരുന്നു. അതിനു ചീഫ് സെക്രട്ടറിയും മറ്റും അംഗീകാരം നല്‍കി. റവന്യൂ സെക്രട്ടറിയോട് ഇതിനാവശ്യമായ പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്നു ഡി ജി പിക്ക് നല്‍കാാനാണ് ഉത്തരവിറക്കിയത്. പിന്നീട് ചോദിച്ചപ്പോള്‍ ഡി ജി പി ഇക്കാര്യം തനിക്കറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളം. ഈ ഇടപാടിനെ ന്യായീകരിച്ചു കൊണ്ടു ആദ്യം രംഗത്ത് വന്നത് അന്നത്തെ ചീഫ് സെക്രട്ടറിയാണ്. ഡിസംബര്‍ അവസാനത്തോടെ പദവി ഒഴിഞ്ഞ അദ്ദേഹത്തിനു പുതിയൊരു ലാവണം ഒരുക്കാനുള്ള തീരുമാനമെടുത്ത ദിവസം തന്നെയാണ് ഈ ഫയലിലും ഒപ്പിട്ടത്. കുറച്ചു വര്‍ഷങ്ങളായി അടുത്തൂണ്‍ പറ്റുന്ന ഉന്നത ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം ഉയര്‍ന്ന വേതനവും മറ്റു ആനുകൂല്യങ്ങളുമുള്ള പദവികള്‍ നല്‍കുന്നത് ഒരു പതിവായിരിക്കുന്നു. ഇടതുവലതു വ്യത്യാസമൊന്നും ഇക്കാര്യത്തിലില്ല. ഒരിക്കലും വരാത്ത അതിവേഗ റെയില്‍ കോര്‍പറേഷന്‍ തുടങ്ങിയ പദവികളാണ് ഇവര്‍ക്കായി നല്‍കുന്നത്. ഇതില്‍ ഒരേയൊരു അപവാദം എസ് എം വിജയാനന്ദ് മാത്രമാണെന്നാണ് തോന്നുന്നത്. ഈ പദവികള്‍ കിട്ടാന്‍ മാറി മാറി വരുന്ന ഭരണകക്ഷികളുടെ വിശ്വസ്തരായിരിക്കണം. ആ നിലയില്‍ നോക്കിയാല്‍ അന്നത്തെ ചീഫ് സെക്രട്ടറിയും ഒരു ഉപകാരസ്മരണ കാട്ടി എന്ന് മാത്രം കരുതിയാല്‍ മതി. മുഖ്യമന്ത്രിയെ സന്തോഷിപ്പിച്ചാല്‍ മാത്രമേ ഈ സര്‍ക്കാറിന്റ സൗജന്യം കിട്ടൂ എന്നാര്‍ക്കാണറിയാത്തത്? സ്വന്തം വകുപ്പുമന്ത്രിയെ ധിക്കരിച്ചു മുഖ്യമന്ത്രിക്കായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച വ്യക്തിയാണ് റവന്യൂവിന്റെ ചുമതല വഹിക്കുന്നത്. അദ്ദേഹത്തിനും പൂര്‍ണ സമ്മതം. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്ത ഒരു ഇടപാടാണിത് എന്ന് കാണാം. അത് മനസ്സിലായെങ്കില്‍ ആ പണം പാര്‍ട്ടിയോട് തിരിച്ചടക്കാന്‍ പറയുകയല്ലേ വേണ്ടത്?
ദുരന്തം കാണാന്‍ വന്ന കേന്ദ്രസംഘത്തിലെ അഞ്ച് പേര്‍ ഡല്‍ഹിയില്‍ നിന്നെത്തി അഞ്ചുദിവസം കേരളത്തിന്റെ പലഭാഗത്തു സഞ്ചരിച്ചു തെളിവെടുപ്പും ചര്‍ച്ചകളും നടത്തിയതിനു ആകെ വന്ന ചെലവ് 10 ലക്ഷം മാത്രമായിരിക്കെ ഒരു മണിക്കൂര്‍ ചര്‍ച്ചക്ക് വേണ്ടി മുഖ്യമന്ത്രി മുടക്കിയത് എട്ട് ലക്ഷം രൂപ. ഇന്നത്തെ സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കുമ്പോള്‍ ഇതൊരു തെറ്റിനപ്പുറം പാപം തന്നെയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശമനുസരിച്ചുള്ള ആശ്വാസം നല്‍കാന്‍ സര്‍ക്കാറിന്റെ കൈയില്‍ പണമില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാറിന്റെ മുഖ്യമന്ത്രി ആണിത്. അര്‍ബുദരോഗികള്‍ക്കുള്ള ആശാകിരണ്‍ പോലുള്ള ചികിത്സാ പദ്ധതികള്‍ക്ക് നല്‍കാന്‍ പണമില്ലാത്ത സര്‍ക്കാറാണിത്. സഹമന്ത്രിമാരും എം എല്‍ എമാരും ചികിത്സാ സഹായ ഫണ്ടില്‍ നിന്നും മത്സരിച്ചു ഊറ്റുന്നു എന്നതും ചേര്‍ത്തുവായിക്കാം. ചുരുക്കത്തില്‍ ഹെലികോപ്ടര്‍ യാത്രക്കുള്ള പണം പാര്‍ട്ടി തന്നെ അടക്കണം. ഇതില്‍ കേവലം നിയമപ്രശ്‌നത്തിനപ്പുറം ഒരു രാഷ്ട്രീയമുണ്ട്, ധാര്‍മികതയുമുണ്ട്.

 

 

Latest