ജനകീയ വഴിയില്‍ കൗമാര കലോത്സവം

Posted on: January 17, 2018 6:26 am | Last updated: January 16, 2018 at 11:28 pm

‘മത്സരമല്ല കലോത്സവം, അത് എല്ലാ അര്‍ഥത്തിലും ഉത്സവമാകണം. ഭാവിയിലത് സാംസ്‌കാരികോത്സവത്തിലേക്ക് മാറുകയും വേണം. പൊതുഇടങ്ങള്‍ കണ്ടെത്തി വികസിപ്പിക്കാന്‍ കലോത്സവങ്ങള്‍ക്കു കഴിയണം. മാനവിക ആശയങ്ങളാകണം അവിടെ ഉടലെടുക്കേണ്ടത്. സര്‍ഗശേഷിയുടെ യഥാര്‍ഥ കണ്ടെത്തലുകളാണോ വിദ്യാലയങ്ങളില്‍ നടക്കുന്നതെന്നത് പരിശോധിക്കേണ്ട വിഷയമാണ്’- തൃശൂരില്‍ നടന്ന കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവം-2018 ജനകീയവും സര്‍ഗാത്മകവുമാക്കുന്നതിന് ചുക്കാന്‍ പിടിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റേതാണീ വാക്കുകള്‍. സര്‍ക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഈ കാഴ്ചപ്പാട് ഇത്തവണത്തെ കലോത്സവ വേദിയില്‍ ഏറെക്കുറെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍.

മാന്വല്‍ പരിഷ്‌കരണം, ആര്‍ഭാട രഹിതം, ഗ്രീന്‍ പ്രോട്ടോക്കോള്‍, സംഘാടന മികവ് തുടങ്ങി വ്യതിരിക്തവും സവിശേഷവുമായ നിരവധി കാര്യങ്ങളാല്‍ ശ്രദ്ധേയമായിരുന്നു കലോത്സവം. മത്സരത്തിന്റെ അനാരോഗ്യ പ്രവണതകളോട് അകലം പാലിച്ച് നൈസര്‍ഗികവും ജനകീയവുമായി അത് മാറുന്നതിന്റെ വ്യക്തമായ സൂചനകളാണ് വേദികളിലുടനീളം കണ്ടത്. കലാകൗമാരത്തിന്റെ പ്രതിഭാ വിലാസങ്ങള്‍ നുകരാനായി പതിനായിരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയത്. അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കലോത്സവം ഏഴില്‍ നിന്ന് അഞ്ച് ദിവസമായി ചുരുക്കിയത് മത്സരങ്ങള്‍ നീളാന്‍ ഇടയാക്കിയെങ്കിലും, അക്കാദമിക് വിദഗ്ധനായ ഒരു ജനപ്രതിനിധിയുടെ കീഴില്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന ക്രിയാത്മക നയങ്ങള്‍ക്ക് പൊന്‍തൂവല്‍ ചാര്‍ത്തുന്നതായി. മാന്വല്‍ പരിഷ്‌കാരത്തിന്റെ ഭാഗമായി കലോത്സവത്തിന്റെ ആരംഭകാലം മുതല്‍ അനുവര്‍ത്തിച്ചുവന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ഒഴിവാക്കി ഗ്രേഡുകള്‍ മാത്രമാക്കിയത് മത്സരത്തിന്റെ വീറും വാശിയും ഇല്ലാതാക്കാന്‍ കാരണമായെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശമുയര്‍ന്നു. എന്നാല്‍, സ്ഥാനങ്ങളെ ചൊല്ലി മത്സരാര്‍ഥികള്‍ മാത്രമല്ല രക്ഷിതാക്കളും പരിശീലകരും അധ്യാപകരുമെല്ലാം ചേര്‍ന്നു പലപ്പോഴും സംഘര്‍ഷഭരിതമായി മാറ്റിയിരുന്ന വേദികളെ അതില്‍ നിന്ന് ഒട്ടൊക്കെ വിമോചിപ്പിക്കാനായി എന്നത് ചെറിയ കാര്യമല്ല. 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന എല്ലാവര്‍ക്കും എ ഗ്രേഡ് ഏര്‍പ്പെടുത്തിയത് കൂടുതല്‍ പ്രതിഭകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ സാഹചര്യമൊരുക്കി. വിധികര്‍ത്താക്കളുടെ സമ്മര്‍ദം കുറയാനും അത് സഹായിച്ചു.
അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടിയും വേദിയിലെ വിജിലന്‍സ് നിരീക്ഷണവുമാണ് എടുത്തു പറയേണ്ട പ്രത്യേകത. അപ്പീലുകള്‍ കഴിഞ്ഞ തവണത്തെ 1435 ല്‍ നിന്ന് 1200 ആയി കുറഞ്ഞു. വ്യാജ അപ്പീല്‍ നിര്‍മിച്ച കേസില്‍ ചിലരെ പിടികൂടാനായത് വിജിലന്‍സ് നിരീക്ഷണത്തിലൂടെയാണ്. ആര്‍ഭാടം കുറക്കുന്നതിന് തുടക്കത്തിലേ ഘോഷയാത്ര വേണ്ടെന്നു വെച്ചത് ദുര്‍വ്യയത്തിന് കടിഞ്ഞാണിടുന്നതില്‍ പ്രധാനമായി. പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടുള്ള സംവിധാനങ്ങള്‍ കടലാസ് പേനയില്‍ തുടങ്ങി ഭക്ഷണപ്പന്തലിലേക്ക് വിദ്യാര്‍ഥികളുടെ വീടുകളില്‍ വിളയുന്ന പച്ചക്കറികള്‍ സ്വീകരിക്കുന്നതിലൂടെ കടന്ന്, വൃക്ഷത്തൈകള്‍ നടുന്നതു വരെയുള്ള വൈവിധ്യങ്ങളാല്‍ സമ്പന്നമായി. നിയമസഭയില്‍ തൃശൂരിനെ പ്രതിനിധീകരിക്കുന്ന എം എല്‍ എ കൂടിയായ മന്ത്രി വി എസ് സുനില്‍ കുമാറും തന്റെ വകുപ്പിനെ ഉപയോഗപ്പെടുത്തി കലോത്സവത്തെ ജൈവികമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ കുട്ടി പ്രതിഭകളുടെ ഫോട്ടോ വെച്ചുകൊണ്ടുള്ള സ്റ്റാമ്പ് പ്രകാശനവും വ്യത്യസ്തമായി. കലോത്സവചരിത്രവും അനുഭവങ്ങളുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രേഖ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നുമുണ്ട്.

അതേസമയം, മാപ്പിള കലകളെ സംഘ്പരിവാര്‍ ഉള്‍പ്പടെയുള്ള ചില ശക്തികളുടെ ഇടപെടലിന് വിധേയമായി പ്രധാന വേദികളില്‍ നിന്ന് മാറ്റിയത് കേരളത്തിന്റെ മതേതര-സാംസ്‌കാരിക പാരമ്പര്യത്തിനു മേല്‍ കളങ്കം ചാര്‍ത്തുന്നതായി. ഇതിനെതിരെ ആദ്യദിവസം തന്നെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. മത്സരങ്ങള്‍ സമയത്തിനു പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നപ്പോഴും സാഹിത്യ അക്കാദമി പോലുള്ള സംവിധാനങ്ങളെ ശരിയായി ഉപയോഗപ്പെടുത്താതെ മൂന്നാം വേദി സാംസ്‌കാരിക പരിപാടികള്‍ക്ക് മാത്രമായി മാറ്റിവച്ചതും വിമര്‍ശം ക്ഷണിച്ചുവരുത്തി. ഒരേയാളെ ഒരേ ഇനത്തില്‍ തുടര്‍ച്ചയായി വിധികര്‍ത്താവായി നിയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശം ചില വേദികളില്‍ പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപവുമുണ്ടായി.
ഇത്തരം കുറവുകള്‍ക്കിടയിലും വിവാദങ്ങളും അസുഖകരങ്ങളായ സംഭവങ്ങളും പരമാവധി കുറച്ച് നല്ലൊരു കലോത്സവം നടത്താനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഡി പി ഐ മോഹന്‍കുമാര്‍ ഉള്‍പ്പെടെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെല്ലാം. പ്രത്യേകിച്ച് സാംസ്‌കാരിക തലസ്ഥാനത്തെ പൗരാവലി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന ചടങ്ങില്‍ കലോത്സവ നടത്തിപ്പിനെ ശ്ലാഘിച്ചത് ഇതുള്‍ക്കൊണ്ടാകണം.
പരീക്ഷണാര്‍ഥം നടപ്പാക്കിയ കാര്യങ്ങള്‍ അവലോകനം ചെയ്ത് കുറവുകള്‍ പരിഹരിച്ചും ഗുണങ്ങള്‍ നിലനിര്‍ത്തിയും മാന്വല്‍ വീണ്ടും പരിഷ്‌കരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരിഷ്‌കാരങ്ങളുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തി വിദ്യാഭ്യാസ വകുപ്പിന് അയച്ചാല്‍ ഗൗരവമായി പരിശോധിക്കുമെന്നും കാതലായ അഭിപ്രായങ്ങള്‍ സ്വീകരിച്ച് പ്രാവര്‍ത്തികമാക്കുമെന്നുമുള്ള മന്ത്രിയുടെ വാഗ്ദാനവും നിറഞ്ഞ മനസ്സോടെയാണ് കേരളത്തിന്റെ പൊതു മണ്ഡലം സ്വീകരിച്ചിട്ടുള്ളത്. കലാകായിക, ശാസ്ത്ര പ്രതിഭകളുടെ മഹാ സംഗമം വിളിച്ചു ചേര്‍ത്ത് അവരുടെ സര്‍ഗശേഷി വികസിപ്പിക്കുകയും അതിനെ നാടിന്റെ മൂല്യവത്തായ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാക്കുകയും ചെയ്യുമെന്ന് മന്ത്രി പറയുമ്പോള്‍ കലാ-സാംസ്‌കാരിക കേരളം ഏറെ പ്രതീക്ഷയിലാണ്.