Connect with us

International

റോഹിംഗ്യകളെ മ്യാന്മറിലേക്ക് തിരിച്ചയക്കും

Published

|

Last Updated

ധാക്ക: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കഴിയുന്ന ആറര ലക്ഷത്തോളം വരുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെ മ്യാന്മറിലേക്ക് തിരിച്ചയക്കാന്‍ ധാരണയായി. രണ്ട് വര്‍ഷത്തിനുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാക്കാനും ഓരോ ആഴ്ചയും 1,500 പേരെ മ്യാന്മറിലെത്തിക്കാനും ധാരണയായതായി ബംഗ്ലാദേശ് വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍, മ്യാന്മറിലെ റോഹിംഗ്യന്‍ സുരക്ഷസംബന്ധിച്ച് കടുത്ത ആശങ്ക നിലനില്‍ക്കുകയാണ്. ബുദ്ധ സന്യാസികള്‍ നേതൃത്വം നല്‍കുന്ന തീവ്രവാദി സംഘടനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ റോഹിംഗ്യകള്‍ക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. സ്വന്തം നാട്ടിലേക്ക് തിരിക്കാന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിംഗ്യകളും ഭയക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ സൈന്യത്തിന്റെയും ബുദ്ധ വര്‍ഗീയ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന വംശീയ ആക്രമണങ്ങളെ തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിംഗ്യകളാണ് മ്യാന്മറിലെ റാഖിനെയില്‍ നിന്ന് ബംഗ്ലാദേശ് അതിര്‍ത്തിയിലെ കോക്‌സസ് ബസാറിലും സമീപ നഗരങ്ങളിലും അഭയം തേടിയത്.
പുനരധിവാസത്തിന്റെ ഭാഗമായി ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഞ്ച് ക്യാമ്പുകള്‍ ആരംഭിക്കാനും അവിടെ നിന്ന് മ്യാന്മറിലെ രണ്ട് കേന്ദ്രങ്ങളിലേക്കായി റോഹിംഗ്യകളെ അയക്കാനുമാണ് ധാരണ. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തയാഴ്ച മുതല്‍ പുനരധിവാസം ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 30,000 പേരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന ക്യാമ്പ് നിര്‍മിക്കുമെന്ന് മ്യാന്മറും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മ്യാന്മറിലേക്കുള്ള തിരിച്ചുപോക്ക് റോഹിംഗ്യന്‍ അഭയാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഭീതിയോടെയാണ് കാണുന്നത്. റോഹിംഗ്യകളുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു ഉറപ്പും നല്‍കാത്ത മ്യാന്മര്‍ സര്‍ക്കാറിന്റെ പുതിയ തീരുമാനം സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ആറര ലക്ഷത്തോളം വരുന്ന അഭയാര്‍ഥികളെ സ്വീകരിക്കാന്‍ 30,000 പേരെ ഉള്‍ക്കൊള്ളിക്കാനാവുന്ന കേവലം രണ്ട് ക്യാമ്പുകളാണ് മ്യാന്മര്‍ സര്‍ക്കാര്‍ ഒരുക്കിയത്. കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമേര്‍പ്പെടുത്തിയ വിലക്ക് തുടരുന്നതിനാല്‍ റാഖിനെയിലെ റോഹിംഗ്യകളുടെ അവസ്ഥ പുറം ലോകം അറിയാനും സാധ്യതയില്ല.

സുരക്ഷയുടെ കാര്യത്തില്‍ മ്യാന്മറിന്റെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിക്കാതെ റോഹിംഗ്യകളെ പുനരധിവസിപ്പിക്കരുതെന്ന് യു എന്‍ അഭയാര്‍ഥി ഹൈ കമ്മീഷന്‍ വക്താവ് അറിയിച്ചു. റോഹിംഗ്യകളുടെ വിഷയത്തില്‍ നിരവധി വെല്ലുവിളികള്‍ മറികടക്കാനുണ്ടെന്നും അഭയാര്‍ഥികളുടെ ആഗ്രഹത്തിനനുസരിച്ച് മാത്രമെ പുനരധിവാസം നടത്താകൂയെന്നും യു എന്‍ എച്ച് സി ആര്‍ വക്താവ് ആന്‍ഡ്രിജ് മെഹെസിസ് വ്യക്തമാക്കി. അതേസമയം, പരിശോധനകള്‍ക്ക് ശേഷം റോഹിംഗ്യകള്‍ക്ക് പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാമെന്ന് മ്യാന്മര്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവ് സാവ് ഹിതെയ് വ്യക്തമാക്കി. ഇത്തരം പരിശോധനകള്‍ക്കായി റോഹിംഗ്യകള്‍ക്കായി ഒരുക്കുന്ന ക്യാമ്പുകളില്‍ സൗകര്യമുണ്ടാകുമെന്നും ദിവസേന 150 പേരുടെ രേഖകളും മറ്റും പരിശോധിക്കുമെന്ന് മ്യാന്മര്‍ കുടിയേറ്റ മന്ത്രാലയം സെക്രട്ടറി മിന്റ് ക്യായിംഗ് വ്യക്തമാക്കി.
റോഹിംഗ്യകള്‍ക്കെതിരെ ക്രൂരമായ വംശീയാതിക്രമങ്ങളാണ് സൈന്യവും ബുദ്ധ തീവ്രവാദികളും ചേര്‍ന്ന് നടത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ റാഖിനെയിലും മറ്റും നടന്ന ആക്രമണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ അടുത്തിടെ പുറത്തുവന്നിരുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും ക്രൂരമായ ബലാത്സംഗത്തിനിരയാക്കുക, വീടുകളും ഗ്രാമങ്ങളും ചുട്ടെരിക്കുക തുടങ്ങിയ ആക്രമണ മുറകള്‍ക്ക് സൈന്യം നേതൃത്വം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ നടപടിയുണ്ടാകേണ്ട ഇത്തരം ആക്രമണങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ പോലും സമാധാന നോബെല്‍ ജേതാവായ ആംഗ് സാന്‍ സൂക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് സാധിച്ചിട്ടില്ല. മ്യാന്മറിലേക്കുള്ള യു എന്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടിരിക്കുകമ്പോഴാണ് പുതിയ പുനരധിവാസ പദ്ധതി മ്യാന്മര്‍ പ്രഖ്യാപിക്കുന്നത്.
അതിനിടെ, മ്യാന്മറിലേക്ക് പോകേണ്ടിവരുമെന്ന വാര്‍ത്ത ഏറെ ആശങ്കയോടെയാണ് അഭയാര്‍ഥി ക്യാമ്പുകളിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ കേട്ടത്. ഭക്ഷണമില്ലെങ്കിലും ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പില്‍ സുരക്ഷയും സമാധാനവുമുണ്ടെന്നും മ്യാന്മറിലേക്ക് പോയാല്‍ അതുണ്ടാകില്ലെന്നും കോക്‌സസ് ബസാറിലെ 33കാരനായ അഭയാര്‍ഥി യുവാവ് റാശിദ് അഹ്മദ് വ്യക്തമാക്കി. മ്യാന്മര്‍ സൈന്യം നശിപ്പിച്ച വീടും സ്വത്തുക്കളും തിരിച്ചുകിട്ടിയതിന് ശേഷമാകാം റാഖിനെയിലേക്കുള്ള മടക്കമെന്ന് മറ്റൊരാള്‍ അഭിപ്രായപെട്ടു.

 

Latest