നാല് പെണ്‍കുട്ടികളെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പിതാവ് അറസ്റ്റില്‍

Posted on: January 16, 2018 11:01 pm | Last updated: January 16, 2018 at 11:01 pm

പാറ്റ്‌ന: യാത്രക്കിടെ നാല് പെണ്‍മക്കളെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ബിഹാര്‍ സ്വദേശിയെ ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജി ആര്‍ പി) അറസ്റ്റ് ചെയ്തു. ബിഹാറില്‍ നിന്ന് ജമ്മുവിലേക്കുള്ള യാത്രക്കിടെ ഉത്തര്‍ പ്രദേശിലെ സിതാപൂരിന് സമീപമാണ് നാല് പെണ്‍മക്കളെ ഇദ്ദു മിയാന്‍ എന്ന മോത്തിഹാരി സ്വദേശി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടത്. സംഭവത്തിന് ശേഷം മൂന്ന് മാസത്തോളമായി ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ തിങ്കളാഴ്ച വീട്ടിലെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജി പി ആര്‍ സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് തെളിവെടുപ്പിനായി ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുപോയി.

കമഖ്യ- കത്ര എക്‌സ്പ്രസില്‍ ഭാര്യക്കും അഞ്ച് പെണ്‍മക്കള്‍ക്കും ഒപ്പം യാത്ര ചെയ്യവെയാണ് ഇദ്ദു മിയാന്‍ ക്രൂരമായ പ്രവൃത്തി ചെയ്തത്. റബീന ഖതൂന്‍ (12), അല്‍ഗുന്‍ ഖതൂന്‍ (9), മുനിയ (7), ശമീന (4) എന്നിവരെയാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. ഭാര്യ അഫ്രീന ഖതൂന്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. അഞ്ചാമത്തെ മകള്‍ മാതാവിന്റെ മടിയില്‍ ഉറങ്ങുകയായിരുന്നതിനാല്‍ ആപായപ്പെടുത്താന്‍ സാധിച്ചില്ല. പുറത്തെറിഞ്ഞ കുട്ടികളെ പിന്നീട് പരുക്കുകളോടെ റെയില്‍പ്പാളത്തില്‍ കണ്ടെത്തി. ചികിത്സയിലായിരുന്ന മുനിയ പിന്നീട് മരിച്ചു.
കുട്ടികളെ ട്രെയിനില്‍ നിന്ന് പുറത്തെറിഞ്ഞ ഉടനെ ഇദ്ദു മിയാന്‍ അപ്രത്യക്ഷനായിരുന്നു. അഫ്രീനയും ചെറിയ മകളും മാത്രമാണ് ജമ്മുവില്‍ എത്തിച്ചേര്‍ന്നത്.