ന്യൂഡല്‍ഹി: സി ബി ഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറുന്നു. കേസ് മറ്റൊരു ബഞ്ചിന് വിടണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. സുപ്രധാനമായ കേസ് ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പെട്ട ബഞ്ചിന് കൈമാറിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സുപ്രീം കോടതിയിലെ പൊട്ടിത്തെറികള്ക്കിടയാക്കിയത്.
പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന് ജസ്റ്റിസ് അരുണ്‍ മിശ്ര സന്നദ്ധത അറിയിച്ചത്.
അതേസമയം, കേസിലെ മുഴുവന്‍ രേഖകളുടെയും പകര്‍പ്പ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയവര്‍ക്ക് നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിനോട് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍, ശന്തനഗൗഡര്‍ എന്നിവരടങ്ങിയ ബഞ്ച് നിര്‍ദേശിച്ചു. മരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ടെന്നും അതീവ രഹസ്യമായതൊന്നും ഇല്ലെന്നും കോടതി പറഞ്ഞു.
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സുഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ടിരുന്നത് ബി എച്ച് ലോയയായിരുന്നു. ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ടി പൂനാവാല, മാധ്യമ പ്രവര്‍ത്തകനായ ബി ആര് ലോനെ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഏഴ് ദിവസത്തിനു ശേഷം ഹരജി വീണ്ടും പരിഗണിക്കും.