Connect with us

National

ഹജ്ജ് സബ്‌സിഡി കേന്ദ്ര സർക്കാർ നിര്‍ത്തലാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഹജ്ജ് യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സബ്‌സിഡി നിര്‍ത്തലാക്കി. പകരം ഇതിനായി വകയിരുത്തിയിരുന്ന തുക മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി വിനിയോഗിക്കും. 2018 മുതല്‍ സബ്‌സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ചില ഏജന്‍സികള്‍ക്ക് മാത്രമാണ് സബ്‌സിഡി ഗുണം ചെയ്തതെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. എയര്‍ ഇന്ത്യക്കാണ് ഇതിന്റെ ഗുണം ലഭിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.

സബ്‌സിഡി നിര്‍ത്തലാക്കിയ തീരുമാനം 1.70 ലക്ഷം തീര്‍ഥാടകരെ ബാധിക്കും. സബ്‌സിഡി ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ 2012ല്‍ സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. 2022നകം പൂര്‍ണമായും നിര്‍ത്തണമെന്നായിരുന്നു സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതേതുടര്‍ന്ന് വിഷയം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിക്കുകയും സമിതിയുടെ നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കുകയുമായിരുന്നു. പ്രതിവര്‍ഷം സബ്‌സിഡി തുക പത്ത് ശതമാനം വീതം കുറച്ചുവന്നിരുന്നു. 2012ല്‍ 836 കോടിയായിരുന്ന സബ്‌സിഡി 2017ല്‍ 450 കോടിയായി കുറഞ്ഞിരുന്നു.

ഹജ്ജ് യാത്രക്ക് വിമാനടിക്കറ്റില്‍ സര്‍ക്കാര്‍ നല്‍കിവന്നിരുന്ന സബ്‌സിഡിയാണ് ഹജ് സബ്‌സിഡി.

Latest