പ്രതിസന്ധിക്ക് പരിഹാരമാകുന്നു ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച

Posted on: January 16, 2018 3:30 pm | Last updated: January 16, 2018 at 6:46 pm
SHARE

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ നിലവിലുള്ള പ്രതിസന്ധി പരിഹാരമാകുന്നതിന്റെ സൂചന. ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാവിലെ ചര്‍ച്ച നടത്തി. 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ തര്‍ക്കവിഷയങ്ങളും ചര്‍ച്ച ചെയ്തു. ചര്‍ച്ച നാളെയും തുടരും. ഇന്ന് രാവിലെ കോടതി ആരംഭിക്കും മുമ്പാണ് ചീഫ് ജസ്റ്റിസ് നാലു ജഡ്ജിമാരുമായി പ്രത്യേക ചര്‍ച്ച നടത്തിയത്.

ചീഫ് ജസ്റ്റിസിനെതിരെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിക്ക് പുറത്ത് പരസ്യമായി പത്രസമ്മേളനം വിളിച്ചതിലൂടെ രൂപംകൊണ്ട ഗുരുതരമായ പ്രതിസന്ധിക്കു പരിഹാരമായില്ലെന്ന് അറ്റോര്‍ണി ജനറല്‍ (എജി) കെ.കെ.വേണുഗോപാല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും എജി പറഞ്ഞു. സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് തിങ്കളാഴ്ച എജി അവകാശപ്പെട്ടിരുന്നു. എന്നാല്‍ സുപ്രധാന കേസുകള്‍ പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രൂപീകരിച്ച ബെഞ്ചില്‍, പ്രതിഷേധമുയര്‍ത്തിയ നാലു ജഡ്ജിമാരും ഉള്‍പ്പെടാതിരുന്നതോടെ തര്‍ക്കം പരിഹരിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. അതിനിടെ, ഈയാഴ്ച തന്നെ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് ബാര്‍ കൗണ്‍സിലും പ്രതീക്ഷ പ്രകടിപ്പിച്ചു.

വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി നാലു മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയത്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ തുടര്‍ന്നാല്‍ ജനാധിപത്യം തകരുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.