തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് പ്രവീണ്‍ തൊഗാഡിയ

Posted on: January 16, 2018 12:42 pm | Last updated: January 16, 2018 at 7:34 pm

ന്യൂഡല്‍ഹി:കാണാനില്ലെന്ന വാര്‍ത്തകളോട് തൊഗാഡിയ പ്രതികരിച്ചു. തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നാണ് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ മാധ്യമങ്ങളോട് സംസാരിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ തൊഗാഡിയയെ പിന്നീട് അഹമ്മദാബാദിനടുത്ത ഷാഹിബാഗിലെ പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ഉടന്‍തന്നെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്നു കാര്യങ്ങള്‍ വിശദീകരിക്കാന്‍ തൊഗാഡിയ തന്നെ നേരിട്ടു മാധ്യമങ്ങള്‍ക്കു മുന്‍പിലെത്തുകയായിരുന്നു. വീല്‍ചെയറില്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ തൊഗാഡിയ വികാരഭരിതനായാണു സംസാരിച്ചത്.

 

ഒരു ദശകത്തോളം പഴക്കമുള്ള കേസിന്റെ പേരിലാണു പോലീസ് തന്നെ ലക്ഷ്യമിടുന്നത്. തന്റെ ശബ്ദം ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. രാജസ്ഥാന്‍ പൊലീസാണ് അറസ്റ്റ് ചെയ്യാനെത്തിയത്. തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് ഒരാള്‍ പറഞ്ഞതായും പ്രവീണ്‍ തൊഗാഡിയ വാര്‍ത്താസമ്മളനത്തില്‍ വ്യക്തമാക്കി.