മാധ്യമ വക്കാലത്ത്

ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി, ചീഫ് ജസ്റ്റിസിന്റെ നടപടികളെ നേരിട്ടും അത്തരം നടപടികളിലേക്ക് ചീഫ് ജസ്റ്റിസിനെ നിര്‍ബന്ധിതനാക്കുന്ന സാഹചര്യത്തെ നേരിട്ടല്ലാതെയും വിമര്‍ശിക്കുകയാണ് ചെയ്തത്. ആ സാഹചര്യം, ഏകാധിപത്യ പ്രവണത കാട്ടുന്ന, തീവ്ര ഹിന്ദുത്വ അജന്‍ഡകളുള്ള ഭരണകൂടം, നീതിന്യായ സംവിധാനത്തില്‍ നടത്തുന്ന അവിഹിതമായ ഇടപെടലുകളുടെ സൃഷ്ടിയാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ കേവലം കേസുകളുടെ വീതംവെപ്പിലുള്ള തര്‍ക്കം മാത്രമാണ് പ്രശ്‌നമെന്ന് പ്രചരിപ്പിക്കാന്‍ വലിയ ശ്രമം നടക്കുന്നുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മോദിയുടെ പക്ഷം ചേരുകയും പ്രധാനമന്ത്രി പദമേറ്റതോടെ വിനീത വിധേയരായി മാറുകയും ചെയ്ത ദേശീയ മാധ്യമങ്ങളാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍, ആരോപണങ്ങളില്‍ കല്ലും നെല്ലും തിരിയും മുമ്പ് മാധ്യമങ്ങളില്‍ വലിയൊരു വിഭാഗം, ആരോപണങ്ങളുടെ മുന നീളുന്നവരുടെ വക്കാലത്തുമായി എത്തുമ്പോള്‍ സംശയങ്ങളുടെ കനം ഏറുകയാണ്.    
Posted on: January 16, 2018 7:17 am | Last updated: January 15, 2018 at 10:25 pm

നാല് മുതിര്‍ന്ന ജഡ്ജിമാര്‍ സുപ്രീം കോടതിക്ക് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയും കോടതിയുടെ പ്രവര്‍ത്തനങ്ങളിലെ ക്രമവിരുദ്ധത ചൂണ്ടിക്കാട്ടുകയും അത്തരം ക്രമവിരുദ്ധതകള്‍ക്ക് കാരണം സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ സംവിധാനത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് തുറന്ന് പറയുകയും ചെയ്തതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തീവ്ര ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചീഫ് ജസ്റ്റിസുമായും പരസ്യമായി പ്രതികരിച്ച ജഡ്ജിമാരുമായും അഭിഭാഷക സംഘടനകളുടെ പ്രതിനിധികളും സര്‍ക്കാറിന്റെ പ്രതിനിധിയായ അറ്റോര്‍ണി ജനറലും സംസാരിച്ചു. മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങളുമായി പങ്കുവെച്ചത് ചില ആശങ്കകള്‍ മാത്രമാണെന്നും ചീഫ് ജസ്റ്റിസുമായുള്ള അനൗദ്യോഗിക ആശയ വിനിമയത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറയുകയും ചെയ്തു.

ഇത്ര എളുപ്പത്തില്‍ പരിഹാരം കാണാവുന്ന ആശങ്കകളാണോ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ മാധ്യമങ്ങളോട് പങ്കുവെച്ചത് എന്ന സംശയം ശേഷിക്കുകയാണ്. അത്തരം ആശങ്കയേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍, ഇവര്‍ കോടതി നിര്‍ത്തിവെച്ച് മാധ്യമങ്ങളോട് സംസാരിക്കേണ്ട ആവശ്യം എന്തായിരുന്നു? നീതിന്യായ സംവിധാനത്തെയും അതിലൂടെ ജനാധിപത്യ വ്യവസ്ഥയെയും അപകടത്തിലാക്കും വിധത്തിലുള്ള പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടി ഏതാനും മാസം മുമ്പ് ഇവര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്ത് നല്‍കിയിരുന്നു. അറ്റോര്‍ണി ജനറല്‍ പറഞ്ഞ വിധത്തില്‍, പരിഹരിക്കപ്പെടാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ കത്ത് കിട്ടിയയുടന്‍ ചീഫ് ജസ്റ്റിസിന് അത് തീര്‍ക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിന് അദ്ദേഹം സന്നദ്ധനാകാതിരുന്നത് എന്തുകൊണ്ടാവും?

ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍, സുപ്രീം കോടതിയില്‍ നിന്ന് സമീപകാലത്തുണ്ടായ ചില വിധികള്‍ ഹൈക്കോടതിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും നീതിന്യായസംവിധാനത്തിന്റെ നടത്തിപ്പിനെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് നാല് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ അവസ്ഥ ഇല്ലാതാക്കുന്നതിന് എന്ത് നടപടിയാണ് ഈ ദിവസങ്ങള്‍ക്കുള്ളില്‍ സ്വീകരിച്ചത് എന്ന് വ്യക്തമാക്കേണ്ട ബാധ്യത ചീഫ് ജസ്റ്റിസിനും ഇപ്പോഴുണ്ടായത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് വിശദീകരിച്ച അറ്റോര്‍ണി ജനറലിനുമുണ്ട്. അവരത് ചെയ്യുന്നില്ലെങ്കില്‍, പ്രശ്‌നമുന്നയിച്ച ജഡ്ജിമാര്‍ തന്നെ ഇക്കാര്യം ജനങ്ങളോട് പറയണം. ഇല്ലെങ്കില്‍ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത കൂടുതല്‍ ചോദ്യംചെയ്യപ്പെടും.

ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി, ചീഫ് ജസ്റ്റിസിന്റെ നടപടികളെ നേരിട്ടും അത്തരം നടപടികളിലേക്ക് ചീഫ് ജസ്റ്റിസിനെ നിര്‍ബന്ധിതനാക്കുന്ന സാഹചര്യത്തെ നേരിട്ടല്ലാതെയും വിമര്‍ശിക്കുകയാണ് ചെയ്തത്. ആ സാഹചര്യം, ഏകാധിപത്യ പ്രവണത കാട്ടുന്ന, തീവ്ര ഹിന്ദുത്വ അജന്‍ഡകളുള്ള ഭരണകൂടം, നീതിന്യായ സംവിധാനത്തില്‍ നടത്തുന്ന അവിഹിതമായ ഇടപെടലുകളുടെ സൃഷ്ടിയാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ കേവലം കേസുകളുടെ വീതംവെപ്പിലുള്ള തര്‍ക്കം മാത്രമാണ് പ്രശ്‌നമെന്ന് പ്രചരിപ്പിക്കാന്‍ വലിയ ശ്രമം നടക്കുന്നുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് നരേന്ദ്ര മോദിയുടെ പക്ഷം ചേരുകയും അദ്ദേഹം പ്രധാനമന്ത്രി പദമേറ്റതോടെ വിനീത വിധേയരായി മാറുകയും ചെയ്ത ദേശീയ മാധ്യമങ്ങളാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കാന്‍ ഇടയുള്ള കേസുകള്‍ തിരഞ്ഞെടുത്ത്, തനിക്ക് താത്പര്യമുള്ള ജഡ്ജിമാരടങ്ങുന്ന ബഞ്ചിന് കൈമാറുന്നുവെന്നതാണ് ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിക്കപ്പെട്ട പ്രധാന ആരോപണം. ഇവ്വിധം കൈമാറാന്‍ ചീഫ് ജസ്റ്റിസിനെ പ്രേരിപ്പിക്കുന്നത് ആരെന്ന ചോദ്യത്തിനാണ് പ്രധാനമായും ഉത്തരം കിട്ടേണ്ടത്. മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി, പുതുതായി സുപ്രീം കോടതിയുടെ പടി കയറിയ ജഡ്ജിമാരടങ്ങുന്ന ബഞ്ചുകളിലേക്കാണ് സുപ്രധാന കേസുകള്‍, ചീഫ് ജസ്റ്റിസ് കൈമാറിയിരുന്നത്. അതില്‍ അത്ര വലിയ അപാകമൊന്നുമില്ലെന്ന് സ്ഥാപിക്കാനാണ് ഒരു ദേശീയ മാധ്യമം ശ്രമിക്കുന്നത്.

1998 മുതലിങ്ങോട്ടുള്ള 20 വര്‍ഷത്തിനിടെ പലകാരണങ്ങളാല്‍ പ്രാധാന്യമുള്ള കേസുകള്‍ സുപ്രീം കോടതിയുടെ ഏതൊക്കെ ബഞ്ചുകള്‍ കൈകാര്യം ചെയ്തുവെന്ന് വിശദീകരിച്ചാണ്, തുടക്കക്കാരായ ജഡ്ജിമാരുള്ള ബഞ്ചുകളിലേക്ക് കേസുകള്‍ കൈമാറുന്നത് കീഴ്‌വഴക്കമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

സുപ്രീം കോടതിയിലെ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള കോടതികള്‍, ജഡ്ജിമാരുടെ സീനിയോറിറ്റിയെ പ്രതിനിധാനം ചെയ്യുന്നതാണ്. ഒന്നാം കോടതിയില്‍ ചീഫ് ജസ്റ്റിസാകും അധ്യക്ഷന്‍, രണ്ടാം കോടതിയില്‍ തൊട്ട് താഴെയുള്ള ജഡ്ജി അധ്യക്ഷനാകും. അങ്ങനെ. എണ്ണം കൂടുന്തോറും അധ്യക്ഷതവഹിക്കുന്ന ജഡ്ജിയുടെ സീനിയോറിറ്റി കുറയുമെന്ന് ചുരുക്കം. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനിയും മറ്റും നല്‍കിയ അപ്പീല്‍ പരിഗണിച്ചത് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ എട്ടാം നമ്പര്‍ കോടതിയായിരുന്നു. 1999ല്‍ ബൊഫോഴ്‌സ് കേസ് ജസ്റ്റിസ് എം ബി ഷാ അധ്യക്ഷനായ എട്ടാം കോടതി പരിഗണിച്ചു. 2007ല്‍ സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ച വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് തരുണ്‍ ചാറ്റര്‍ജി അധ്യക്ഷനായ പതിനൊന്നാം നമ്പര്‍ കോടതി. പട്ടിക നീണ്ട് 2016ല്‍ വിജയ് മല്യ കേസ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പത്താം നമ്പര്‍ കോടതി കൈകാര്യം ചെയ്തുവെന്നതില്‍ അവസാനിക്കുന്നു. രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കാന്‍ ഇടയുണ്ടായിരുന്ന മേല്‍പ്പറഞ്ഞ കേസുകളൊക്കെ താരതമ്യേന ജൂനിയറായ ജഡ്ജിമാരടങ്ങുന്ന ബഞ്ചുകളെ ഏല്‍പ്പിച്ചപ്പോഴുണ്ടാകാതിരുന്ന വിമര്‍ശം ഇപ്പോഴുന്നയിക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്നോ നേരായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പരമോന്നത നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടെന്നോ ആണ് ദേശീയ മാധ്യമത്തിന്റെ വ്യംഗ്യം.

ഇതേ പ്രശ്‌നം തന്നെയാണ് തിരികെ ഉന്നയിക്കാനുള്ളതും. കണക്കില്‍ ഉള്‍പ്പെടുത്തിയ 1998 മുതല്‍ 2016 വരെയുള്ള കേസുകള്‍, താരതമ്യേന ജൂനിയറായ ജഡ്ജിമാരടങ്ങുന്ന ബഞ്ചുകളിലേക്ക് കൈമാറിയപ്പോള്‍ വിമര്‍ശമുയരാതിരുന്നത്, ആ കൈമാറ്റത്തില്‍ മറ്റെന്തെങ്കിലും താത്പര്യം പ്രവര്‍ത്തിക്കുന്നുവെന്ന സംശയമോ അത്തരം സംശയത്തിന് ഇടയാക്കാവുന്ന അനുഭവ സാക്ഷ്യമോ ഉണ്ടാകാത്തതുകൊണ്ടാണ്. ആ സാഹചര്യം മാറിയിരിക്കുന്നുവെന്നാണ് നാല് ജഡ്ജിമാര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ വിശദീകരിച്ചത്. തിരഞ്ഞെടുത്ത കേസുകള്‍, തിരഞ്ഞെടുത്ത ജഡ്ജിമാരുള്‍ക്കൊള്ളുന്ന ബഞ്ചിലേക്ക് കൈമാറിയതും അവിടെ നിന്നുണ്ടായ വിധികള്‍ നീതിന്യായ സംവിധാനത്തിന്റെ സ്വതന്ത്ര, നിഷ്പക്ഷ സ്വഭാവത്തെ ഇല്ലാതാക്കിയതും അവര്‍ വ്യക്തമാക്കുന്നു. ഏതൊക്കെ കേസുകള്‍ എന്ന് ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ പറഞ്ഞിട്ടില്ല, മാധ്യമങ്ങളോട് വെളിപ്പെടുത്തിയുമില്ല. അതവരുടെ മാന്യതയായി മാത്രം കണക്കാക്കിയാല്‍ മതിയാകും. ഏതൊക്കെ കേസുകളാണ് തത്പരകക്ഷികള്‍ക്കു വേണ്ടി അട്ടിമറിച്ചത് എന്നത് ചീഫ് ജസ്റ്റിസിന് തന്നെ അറിയാവുന്നതായിരിക്കും. ആ കേസുകളുടെ പുനഃപ്പരിശോധന നടക്കാതെ, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത് എങ്ങനെ?

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി, ജൂനിയര്‍ ജഡ്ജിമാരുടെ ബഞ്ചിലേക്ക് കൈമാറിയതാണ്, അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാന്‍ മുതിര്‍ന്ന ജഡ്ജിമാരെ പ്രേരിപ്പിച്ച അവസാനത്തെ ഘടകം. മഹാരാഷ്ട്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ തഹ്‌സീന്‍ പൂനവാലയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹരജി പിന്‍വലിപ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ശ്രമിച്ചെന്നാണ് മറ്റൊരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ജസ്റ്റിസ് ലോയയെ സ്വാധീനിക്കാന്‍ ബോംബെ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ശ്രമിച്ചുവെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കേണ്ടതാണെന്നും സുഹ്‌റാബുദ്ദീന്‍ ശൈഖ് കേസില്‍ അമിത് ഷായെ വിചാരണക്ക് മുമ്പേ കുറ്റവിമുക്തനാക്കിയ പ്രത്യേക സി ബി ഐ കോടതി വിധി നിലനില്‍ക്കുന്നതല്ലെന്നും ജഡ്ജിമാരുടെ പരസ്യ പ്രതിഷേധത്തിന് മുമ്പേ തന്നെ വാദിച്ചയാളാണ് ദുഷ്യന്ത് ദവെ. അതേ വ്യക്തി, സുപ്രീം കോടതിയില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്ത ദേശീയ മാധ്യമം, ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം വ്യാജമായി കെട്ടിച്ചമച്ചതാണെന്നും അതില്‍ ദുഷ്യന്ത് ദവെയെപ്പോലുള്ളവര്‍ക്ക് സ്വാര്‍ഥ താത്പര്യമുണ്ടെന്നും സ്ഥാപിക്കാനാണ് ശ്രമിച്ചത്. ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച സാഹചര്യത്തിലും ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയ ബഞ്ചിന്റെ താത്പര്യങ്ങളില്‍ സംശയമുള്ളതുകൊണ്ടുമാണ്, ഹജി പിന്‍വലിക്കാന്‍ ദവെ ആവശ്യപ്പെട്ടത് എന്നതാണ് വസ്തുത. ഈ വസ്തുത മറച്ചുവെക്കുമ്പോള്‍ ഈ ദേശീയ മാധ്യമം ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തം.

ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കല്ലും നെല്ലും തിരിയും മുമ്പ് മാധ്യമങ്ങളില്‍ വലിയൊരു വിഭാഗം, ആരോപണങ്ങളുടെ മുന നീളുന്നവരുടെ വക്കാലത്തുമായി എത്തുമ്പോള്‍ സംശയങ്ങളുടെ കനം ഏറുകയാണ്. 2002ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യാ ശ്രമത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ (രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ വേറെ) അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നത്, നരേന്ദ്ര മോദി മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയുമായിരിക്കെയാണ്. വംശഹത്യാ ശ്രമത്തിന് അരുനിന്നുവെന്ന ആരോപണത്തിന് പുറമെയാണ്, സാക്ഷികളെ ഭീഷണിപ്പെടുത്തിയും വിവരങ്ങള്‍ രേഖപ്പെടുത്താതെയും വിചാരണക്കെത്തിയ കേസുകളുടെ വിവരങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് ചോര്‍ത്തി നല്‍കിയും കേസുകള്‍ അട്ടിമറിക്കാന്‍ നടന്ന ശ്രമത്തെ തുണച്ചുവെന്ന ആരോപണം. ഇതേ രീതിയാണ് വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും സ്വീകരിച്ചത്. ഗുജറാത്തില്‍ നീതിപൂര്‍വമായ വിചാരണ നടക്കില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സുഹ്‌റാബുദ്ദീന്‍ ശൈഖ് കേസ് മഹാരാഷ്ട്രയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. 2014ല്‍ കേന്ദ്രാധികാരം പിടിച്ചതോടെ അന്വേഷണ ഏജന്‍സിയെയും നീതിന്യായ സംവിധാനത്തെയും സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ കറുത്ത താടിയും നരച്ച താടിയും മടിച്ചില്ല.

ഇത് ഒരു വ്യക്തിയുടെ താത്പര്യത്തിനായിരുന്നുവെങ്കില്‍ മറ്റ് സ്വാധീനങ്ങള്‍ തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കലിന് വഴിയൊരുക്കാനാകണം. അത്തരം സ്വാധീനങ്ങള്‍ക്ക് പരമോന്നത നീതിപീഠവും അതിന്റെ അധികാരിയും വഴങ്ങിയോ എന്നതാണ് അറിയേണ്ടത്. അതറിയുക എന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ സംവിധാനത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പിന് അനിവാര്യവുമാണ്. അതുണ്ടാകുന്നില്ലെങ്കില്‍, വിശ്വാസ്യതയില്ലാത്ത നീതിപീഠമായി ഇത് തുടരും. രാജ്യത്തിന്റെയും ജനത്തിന്റെയും മുന്നില്‍ മാത്രമല്ല, ലോകത്തിന്റെ മുന്നിലും. ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് ലഘൂകരിച്ചതുകൊണ്ടോ, വിനീത വിധേയരെ ഉപയോഗപ്പെടുത്തിയുള്ള പ്രചണ്ഡ പ്രചാരണം കൊണ്ടോ വിശ്വാസ്യത വീണ്ടെടുക്കാനാകില്ല. വികാരതീവ്രമായ ശബ്ദഘോഷത്തിന് ജനത്തെ പണ്ടെപ്പോലെ പറ്റിക്കാന്‍ സാധിക്കുന്നില്ലെന്നതിന് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം സാക്ഷി.

 

 

 

ം.