ഒരു സമരം

Posted on: January 16, 2018 7:12 am | Last updated: January 15, 2018 at 10:16 pm

രണ്ട് വര്‍ഷത്തിലേറെ നീണ്ടുനിന്ന നെയ്യാറ്റിന്‍കര ശ്രീജിത്തിന്റെ ത്യാഗപൂര്‍ണമായ സമരം അവസാനം ലക്ഷ്യത്തിലേക്കെത്തുകയാണ്. സഹോദരന്‍ ശീജിവിന്റെ കസ്റ്റഡി മരണം സി ബി ഐ അന്വേഷിക്കണമെന്ന ശ്രീജിത്തിന്റെ ആവശ്യത്തില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഉറപ്പുനല്‍കിയതായി എം പി മാരായ കെ സി വേണുഗോപാലും ശശി തരൂരും അറിയിച്ചതായി വാര്‍ത്തകളുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെയും ഗവര്‍ണറുടെയും എം പിമാരുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് നേരത്തെ ഏറ്റെടുക്കാന്‍ നിരസിച്ച ആവശ്യത്തില്‍ കേന്ദ്രം ഇപ്പോള്‍ അനുഭാവപൂര്‍വമായ സമീപനത്തിലേക്കെത്തുന്നത്. കേസ് സി ബി ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജുലൈ 18ന് കത്ത് നല്‍കിയിരുന്നതാണ്.

കേസുകളുടെ ബാഹുല്യം ചൂണ്ടിക്കാട്ടിയും ഇതൊരു അപൂര്‍വ കേസല്ലെന്ന ന്യായത്തിലും കേന്ദ്ര അന്വേഷണ ഏജന്‍സി സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാല്‍, ഈ അപേക്ഷ നിരസിക്കുന്നതിന് ഒരു മാസം മുമ്പാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും അന്വേഷിക്കാമെന്ന് സംസ്ഥാന സര്‍ക്കാറോ കോടതിയോ ആവശ്യപ്പെടാതെ തന്നെ സി ബി ഐ സ്വമേധയാ ഹൈക്കോടതിയില്‍ സന്നദ്ധത അറിയിച്ചത്.

2014-മെയ് 21നാണ് നെയ്യാറ്റിന്‍കര ശ്രീജിവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്ത ശ്രീജിവ് അടിവസ്ത്രത്തില്‍ സൂക്ഷിച്ച വിഷം ലോക്കപ്പിലേക്ക് കടത്തി അത് കുടിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ പാറശ്ശാല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയുമായുള്ള ശ്രീജിവിന്റെ പ്രണയമാണ് അറസ്റ്റിന് പിന്നിലെന്നും പോലീസ് മര്‍ദനത്തിലാണ് മരണമെന്നുമാണ് കുടുംബക്കാര്‍ വിശ്വസിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ ശ്രീജിവിനെ പാറശ്ശാല സി ഐയും എ എസ് ഐമാരും ചേര്‍ന്ന് മര്‍ദിച്ചതായും സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ ഇതിന് കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. മര്‍ദിച്ചവശനാക്കിയ ശേഷം പോലീസ് വിഷം കഴിപ്പിച്ചതാണെന്നാണ് അതോറിറ്റിയുടെ വിലയിരുത്തല്‍. മഹസര്‍ തയ്യാറാക്കിയ എസ് ഐ വ്യാജരേഖ ചമച്ചതായി തെളിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടരന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ശ്രീജിവിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കാനും നിര്‍ദേശിച്ചിരുന്നു.

കംപ്ലെയിന്റ് അതോറിറ്റിയുടെ ഉത്തരവില്‍ സര്‍ക്കാര്‍ നടപടികളൊന്നും എടുക്കാത്തതിനെ തുടര്‍ന്നാണ് ശ്രീജിത്ത് സമരം തുടങ്ങിയത്. കേസ് സി ബി ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 767 ദിവസമായി ശ്രീജിത്ത് ഏകനായി സമരം ആരംഭിച്ചിട്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയും അധികൃതര്‍ അവഗണിക്കുകയും ചെയ്ത, ആരാരും ശ്രദ്ധിക്കാതിരുന്ന ഈ സമരത്തെ സാമൂഹിക മാധ്യമങ്ങളാണ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. അതോടെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് ശ്രീജിത്തിന് പിന്തുണ ലഭിക്കുകയും ധാരാളം പേര്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു സമരത്തില്‍ പങ്കാളികളായിവുകയുണ്ടായി. ഇതുവരെ തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയക്കാരും നേതാക്കളുമെല്ലാം സമരപ്പന്തലിലെത്തുകയും ചെയ്തു.

ഒറ്റപ്പെട്ട കാര്യമല്ല ശ്രീജിത്തിന്റെ സമരവുമായി ബന്ധപ്പെട്ട വിഷയം. പോലീസുകാരുടെ ക്രൂരതകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നിരപരാധികളെ കുറ്റവാളികളാക്കി മുദ്രയടിച്ചു പീഡനങ്ങളേല്‍പ്പിച്ചു കൊല്ലുന്ന ഭീകരതക്കുമെതിരെയുമുള്ള സമരമാണ് യഥാര്‍ഥത്തില്‍ അദ്ദേഹം നടത്തിയത്. പോലീസിന്റെ മൂന്നാം മുറയെ തുടര്‍ന്നുള്ള കസ്റ്റഡി മരണങ്ങള്‍ അവ ആത്മഹത്യയായോ രോഗത്തെ തുടര്‍ന്നുള്ള മരണമായോ രേഖകള്‍ ചമച്ചു ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും. മിക്കപ്പോഴും പരാതിപ്പെടാന്‍ ആരും ധൈര്യപ്പെടില്ല. അഥവാ പരാതിയുമായി വന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയോ, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭരണാധികാരികളിലുള്ള സ്വാധീനം ഉപയോഗിച്ചു അവര്‍ അന്വേഷണം അട്ടിമറിക്കുകയോ ചെയ്യും.

പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ സേനയുടെ മനോവീര്യം നശിക്കുമെന്നും പോലീസില്‍ ഭരണവിരുദ്ധ വികാരം ഉടലെടുക്കുമെന്നുമുള്ള ചിന്തയില്‍ സത്യം ബോധ്യപ്പെട്ടാലും കുറ്റവാളികളായ ഉദ്യഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറില്‍ നിന്ന് കണ്ടുവരുന്നത്. നിരപരാധികളായ സാധാരണക്കാര്‍ക്ക് നീതിനിഷേധിക്കപ്പെടുന്നുവെന്നതാണ് അനന്തരഫലം. നിമയത്തിന് മുമ്പില്‍ സാധാരണക്കാരനും ഉദ്യോഗസ്ഥരും ഭരണാധികാരികളും തുല്യരായിരിക്കണം. ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിച്ചെങ്കില്‍ മാത്രമേ മൂന്നാം മുറയും മനഃപൂര്‍വമുള്ള കസ്റ്റഡി മരണങ്ങളും ഒഴിവാക്കാനാകൂ. കേസ് ഏറ്റെടുക്കാന്‍ സി ബി ഐ ഇനിയും വിസമ്മതിച്ചാല്‍ കോടതിയെ സമീപിച്ചു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവരണം.