Connect with us

National

യാത്രക്കാരില്‍ നിന്ന് പിഴയീടാക്കി റെക്കോര്‍ഡുമായി മധ്യ റെയില്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി: ടിക്കറ്റ് പരിശോധനയില്‍ റെക്കോര്‍ഡ് നേട്ടവുമായി മധ്യ റെയില്‍വേ. ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്നും ക്ലാസ് മാറിക്കയറിയവരില്‍ നിന്നും മറ്റുമായി 121.09 കോടി രൂപയാണ് റെയില്‍വേ ഈടാക്കിയത്. 2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിത്. 2016ല്‍ ഇതേ കാലയളവില്‍ ഇത് 100.53 കോടിയായിരുന്നു. 20.46 കോടി രൂപയുടെ വര്‍ധനവമാണ് കഴിഞ്ഞ വര്‍ഷമുണ്ടായതെന്ന് മധ്യ റെയില്‍വേ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

2017 ഡിസംബറില്‍ മാത്രം ടിക്കറ്റുമായും ലഗേജുമായും ബന്ധപ്പെട്ട് 2.06 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016 ഡിസംബറില്‍ ഇത് 1.81 ലക്ഷം മാത്രമായിരുന്നു. 2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ മൊത്തം 24.41 കേസുകളാണ് എടുത്തത്. 2016ല്‍ ഇതേ കാലയളവില്‍ മൊത്തം കേസുകളുടെ എണ്ണം 20.69 ആയിരുന്നു. റിസര്‍വ് ചെയ്ത ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്തതുമായി ബന്ധപ്പെട്ട് 2017 ഡിസംബറില്‍ 439 കേസുകളെടുക്കുകയും 3.56 ലക്ഷം പിഴയായി ഈടാക്കുകയും ചെയ്തുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പിഴയീടാക്കുക വഴി ഇത്തരം പ്രവണത തടയുക കൂടിയാണ് ലക്ഷ്യമെന്നും ടിക്കറ്റ് ലഭ്യമാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മധ്യ റെയില്‍വേ കൊമേഴ്‌സ്യല്‍ മാനേജര്‍ ശൈലേന്ദ്ര കുമാര്‍ പറഞ്ഞു.