പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: January 15, 2018 11:19 pm | Last updated: January 16, 2018 at 10:56 am

ഗാന്ധിനഗര്‍: വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ അഹമ്മദാബാദില്‍ കണ്ടെത്തിയതായും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും െ്രെകംബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം അവശ നിലയില്‍ ആയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ രാജസ്ഥാന്‍ പോലീസ് അറസ്റ്റുചെയ്തുവെന്ന് ആരോപിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

തൊഗാഡിയയെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ഷാഹിബങ്ങിലെ ചന്ദ്രമണി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

 

 

തൊഗാഡിയയെ കാണാനില്ലെന്ന് പരാതി; പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വിഎച്പി, ഇല്ലെന്ന് പോലീസ്

ഗാന്ധിനഗര്‍: വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്ന് പ്രവര്‍ത്തകരുടെ പരാതി. രാജസ്ഥാന്‍ പോലീസ് അറസ്റ്റുചെയ്തുവെന്നാണ് വി.എച്ച്.പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. എന്നാല്‍ പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പ്രതികരിച്ചു.തൊഗാഡിയ പോലീസിന്റെ കസ്റ്റഡിയില്‍ ഇല്ലെന്ന് ഭരത്പുര്‍ റേഞ്ച് ഐ.ജി അലോക് കുമാര്‍ വസിഷ്ഠ വ്യക്തമാക്കി.

ഒരു പഴയ കേസില്‍ തൊഗാഡിയയെ അറസ്റ്റു ചെയ്യാന്‍ രാജസ്ഥാന്‍ പോലീസ് സംഘം ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ഈ മറുപടിയില്‍ തൃപ്തരാകാതെയാണ് വി.എച്ച്.പി പ്രവര്‍ത്തകര്‍ സോള പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തത്. തൊഗാഡിയെ പോലീസ് ഉടന്‍ കണ്ടെത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.