പാസ്‌പോര്‍ട്ട് പരിഷ്‌കരണം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു മുഖ്യമന്ത്രി

Posted on: January 15, 2018 8:42 pm | Last updated: January 16, 2018 at 10:56 am
SHARE

തിരുവനന്തപുരം:പാസ്‌പോര്‍ട്ട് പരിഷ്‌കരണം രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുന്നതാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഗൗരവം മനസ്സിലാക്കി തീരുമാനം തിരുത്താന്‍ എത്രയും വേഗം കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമത്തിലൂടെ യാണ് മുഖ്യമന്ത്രി പാസ്‌പോര്‍ട്ട് പരിഷ്‌കരണത്തിനെതിരെ പ്രതികരിച്ചത്

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

 

ഇന്ത്യന്‍ പൗരന്മാരെ രണ്ടു തരത്തിലാക്കുന്ന പാസ്‌പോര്‍ട്ട് പരിഷ്‌കരണം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഭരണഘടനയിലെ 14 മുതല്‍ 18 വരെയുള്ള വകുപ്പുകള്‍ സമത്വത്തിനുള്ള അവകാശങ്ങളാണ് വിശദീകരിക്കുന്നത്. എല്ലാ പൗരന്മാരെയും ഒന്നായി കാണുന്നതാണ് അത്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീലനിറത്തിലുമാണ് ഇനി ഉണ്ടാവുക എന്നാണ് കേന്ദ്ര ഗവര്‍മെന്റ് പ്രഖ്യാപിച്ചത്. സാധാരണ തൊഴിലാളികളെയും അഭ്യസ്ത വിദ്യരെയും രണ്ടായി തിരിക്കുന്നതാണത്. പത്താംതരം പാസാകാത്ത തൊഴിലാളികള്‍ രണ്ടാംതരക്കാരായി പരിഗണിക്കപ്പെടും എന്ന അവസഥയാണ് ഇത് നടപ്പാക്കുന്നതിലൂടെ ഉണ്ടാവുക.

പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ വിലാസം ഉള്‍പ്പടെയുള്ള കുടുംബവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മറ്റൊരു തീരുമാനം. അങ്ങനെ വന്നാല്‍ വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാവില്ല.
നമ്മുടെ നാട്ടില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് മഹാഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്. അവരില്‍ പത്താം ക്ലാസ് പാസാകാത്തവരുണ്ടാകും. ബിസിനസ് സമൂഹത്തിലും അത്തരക്കാര്‍ കാണും. അവര്‍ക്കുള്ള പാസ്‌പോര്‍ട്ടിന് പ്രത്യേക നിറം നല്‍കിയാല്‍ ഇതര രാജ്യങ്ങളിലെത്തുമ്പോള്‍ അവര്‍ രണ്ടാംതരക്കാരാണ് എന്ന പ്രതീതിയാണ് സൃഷ്ടിക്കുക. തൊഴിലവസരം നഷ്ടപ്പെടുന്നതിലേക്കും അപമാനിക്കപ്പെടുന്നതിലേക്കും ഇത് നയിക്കും. സ്വന്തം രാജ്യം തന്നെ പൗരന്‍മാരെ ഇങ്ങനെ തരംതിരിക്കുന്നതിന്റെ ഗൗരവം മനസ്സിലാക്കി തീരുമാനം തിരുത്താന്‍ എത്രയും വേഗം കേന്ദ്ര സര്‍ക്കാര്‍ തയാറാകണം.

LEAVE A REPLY

Please enter your comment!
Please enter your name here