അടുത്ത മാസം 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇയില്‍

Posted on: January 15, 2018 7:43 pm | Last updated: January 15, 2018 at 7:43 pm

ദുബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യു എ ഇയിലും ഒമാനിലും സന്ദര്‍ശനം നടത്തും. ഫെബ്രുവരി 10ന് അബുദാബിയില്‍ നടക്കുന്ന സര്‍ക്കാര്‍ ഉച്ചകോടിയില്‍ സംബന്ധിക്കാനാണ് പ്രധാനമന്ത്രി യു എ ഇയിലെത്തുക.

സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം യു എ ഇ രാഷ്ട്ര നേതാക്കളുമായി ചര്‍ച്ച നടത്തും. 11ന് രാവിലെ അബുദാബി-ദുബൈ അതിര്‍ത്തിയില്‍ ഗന്ദൂത്തില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മം മോദി നിര്‍വഹിക്കും. യു എ ഇ അനുവദിച്ച സ്ഥലത്താണ് ക്ഷേത്രം നിര്‍മിക്കുന്നത്. തുടര്‍ന്ന് ദുബൈ ഒപേര ഹൗസില്‍ നടക്കുന്ന ചടങ്ങിലും സംബന്ധിക്കും. ഈ പരിപാടിക്ക് ശേഷം വൈകീട്ട് ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലേക്ക് തിരിക്കും. 12ന് ഒമാന്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും. മസ്‌കത്തില്‍ പ്രധാനമന്ത്രിക്ക് പൊതുപരിപാടിയും ആലോചിക്കുന്നുണ്ട്. 25,000 പേര്‍ പങ്കെടുക്കുന്ന സമ്മേളനം നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ അന്തിമരൂപമായിട്ടില്ല. ഇതുസംബന്ധിച്ച പ്രാരംഭചര്‍ച്ച കഴിഞ്ഞദിവസം മസ്‌കത്തിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നിരുന്നു. സുരക്ഷാ ക്രമീകരണവും ഗവണ്‍മെന്റിന്റെ അനുമതിയും അനുസരിച്ചായിരിക്കും സമ്മേളനം.

അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ക്ഷണപ്രകാരം 2015 ആഗസ്റ്റ് 16നാണ് പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നരേന്ദ്രമോദി യു എ ഇയിലെത്തിയത്. ദുബൈയില്‍ നടന്ന സമ്മേളനത്തിലും അന്ന് അദ്ദേഹം പങ്കെടുത്തു.