കുറ്റകൃത്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു

Posted on: January 15, 2018 7:25 pm | Last updated: January 15, 2018 at 7:25 pm
SHARE

അജ്മാന്‍: രണ്ട് സ്വദേശികള്‍ മരിക്കാന്‍ ഇടയായ സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വ്യക്തിയെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ തര്‍ക്കത്തില്‍ രണ്ടു പേര്‍ പരസ്പരം കത്തി കൊണ്ട് ആക്രമിക്കുന്ന സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്ന വിധത്തിലാണ് വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ സ്വദേശികളായ രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തിരുന്നവെന്ന് അജ്മാന്‍ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ മുഹമ്മദ് യാഫൂര്‍ അല്‍ ഗഫ്‌ലി പറഞ്ഞു.

ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടി. ഒരു ഗള്‍ഫ് രാജ്യത്തെ പൗരനായ പ്രതിക്ക് 27 വയസ്സുണ്ട്. പോലീസുകാര്‍ സംഭവ സമയത്ത് കൃത്യ നിര്‍വഹണം നടത്തുന്നതിന്റെയും വീഡിയോ പ്രതി ചിത്രീകരിച്ച് കുറ്റ കൃത്യത്തെ കുറിച്ച് വിവരിക്കുന്ന ശബ്ദ രേഖയും അതോടൊപ്പമുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ സ്വകാര്യതക്ക് ഭംഗം വരുന്ന വിധത്തില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് പ്രതിക്കെതിരെ കുറ്റം ചുമത്തി. പ്രതിയുടെ മേല്‍ 150,000 മുതല്‍ 500,000 വരെ പിഴ ചുമത്തും. ആറ് മാസത്തെ തടവും അനുഭവിക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. ഇലക്ട്രോണിക് സംവിധാനങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതിനും സാങ്കേതിക വിദ്യ മറ്റുള്ളവരുടെ സ്വകാര്യതക്ക് ഭംഗം വരുന്ന വിധത്തില്‍ ഉപയോഗിച്ചതിനുമാണ് കുറ്റം ചുമത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here