സൗജന്യ വിമാന ടിക്കറ്റ് വാര്‍ത്ത തെറ്റെന്ന് എമിറേറ്റ്‌സ് അധികൃതര്‍

Posted on: January 15, 2018 6:45 pm | Last updated: January 15, 2018 at 6:45 pm

ദുബൈ: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 33-ാം വാര്‍ഷികത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് രണ്ട് വീതം ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.
ഇത്തരത്തില്‍ ഒരു വാര്‍ത്ത വ്യാജ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

എമിറേറ്റ്‌സ് ഏറ്റവും മികച്ച വിമാനസര്‍വീസാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നവര്‍ക്കാണ് ടിക്കറ്റുകള്‍ ലഭിക്കുകയെന്നും ഇനി ആകെ 196 ടിക്കറ്റുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും പറഞ്ഞാണ് വാര്‍ത്ത. ഇതേ തുടര്‍ന്ന് ആളുകള്‍ വ്യാപകമായി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. നേരത്തെയും ഇത്തരത്തില്‍ സൗജന്യമുണ്ടെന്ന രീതില്‍ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്.

അതേസമയം 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശ്രീലങ്കന്‍ എയര്‍വേയ്‌സും രണ്ട് വീതം ടിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.