തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

Posted on: January 15, 2018 1:11 pm | Last updated: January 15, 2018 at 1:11 pm

ന്യൂഡല്‍ഹി: കൈയേറ്റ ആരോപണത്തില്‍ തനിക്കെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെയാണ് പിന്മാറിയത്.

ആര്‍ കെ അഗര്‍വാള്‍, എ എം സേ്രപ എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇന്ന് ഹര്‍ജി പരിഗണിക്കവെ തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദം ആരംഭിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് താന്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് സാപ്രെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജനുവരി 19 ലേക്ക് മാറ്റി.

ഇത് രണ്ടാം തവണയാണ് ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറുന്നത്. നേരത്തെ ജസ്റ്റിസ് എഎം ഖന്‍വില്‍ക്കറും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ചാകും കേസ് പരിഗണിക്കുക. സര്‍ക്കാരിനെതിരെ വ്യക്തിപരമായ ആവശ്യങ്ങളുന്നയിച്ച് മന്ത്രിക്ക് കോടതിയെ സമീപിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയത്.

അഗര്‍വാള്‍, സാേ്രപ എന്നിവരുടെ ബഞ്ചില്‍ നിന്ന് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചില്‍ കഴിഞ്ഞ ദിവസം കേസ് പരിഗണക്ക് വന്നപ്പോള്‍, ഈ കേസ് കേള്‍ക്കാനാകില്ലെന്നും നേരത്തെ, ഏത് ബഞ്ചാണോ പരിഗണിച്ചത് അവിടെ തന്നെ തുടര്‍ന്നും പരിഗണിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.