Connect with us

Kerala

കെ കെ രാമചന്ദ്രന്‍ നായരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

Published

|

Last Updated

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ. കെ കെ രാമചന്ദ്രന്‍ നായരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വൈകീട്ട് അഞ്ചിന് ചെങ്ങന്നൂര്‍ ആലയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. തിരുവനന്തപുരത്ത് വി ജെ ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം പതിനൊന്ന് മണിയോടെ മൃതദേഹം വിലാപയാത്രയായി സ്വദേശമായ ചെങ്ങന്നൂരിലേക്ക് കൊണ്ടുപോകും.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന രാമചന്ദ്രന്‍ നായരുടെ നില ശനിയാഴ്ച ഗുരുതരമാകുകയായിരുന്നു. അടുത്ത ബന്ധുക്കളും കൂട്ടുകാരും മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. ചെങ്ങന്നൂര്‍ ആലായില്‍ കരുണാകരന്‍ നായരുടെയും ഭാരതിയമ്മയുടെയും മകനായി 1952 ഡിസംബര്‍ ഒന്നിനാണ് രാമചന്ദ്രന്‍ നായരുടെ ജനനം. പന്തളം എന്‍ എസ് എസ് കോളജിലും തിരുവനന്തപുരം ലോ കോളജിലുമായിട്ടായിരുന്നു പഠനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം, ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിട്ടുണ്ട്. സി പി എം ചെങ്ങന്നൂര്‍ താലൂക്ക് യൂനിയന്‍ സെക്രട്ടറിയായും പിന്നീട് ഏരിയാ സെക്രട്ടറിയായും നീണ്ട പതിനാല് വര്‍ഷം പാര്‍ട്ടിയെ നയിച്ചു.

2001ല്‍ ആദ്യമായി ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും 1,465 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ശോഭനാ ജോര്‍ജിനോട് തോറ്റു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രികോണമത്സത്തില്‍ കോണ്‍ഗ്രസിലെ പി സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി എംഎല്‍എയായി. 7,983 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ഭാര്യ: പൊന്നുമണി, മകന്‍: പ്രശാന്ത്.

Latest