Connect with us

National

നെതന്യാഹു- മോദി കൂടിക്കാഴ്ച ഇന്ന്; വിവിധ കരാറുകളില്‍ ഒപ്പുവെക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കൃഷി, പ്രതിരോധം, ശാസ്ത്രം, ബഹിരാകാശം, ജലം, ടൂറിസം, വിവര സാങ്കേതിക വിദ്യ, സൈബര്‍ സുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ കരാറുകളില്‍ ഇരു പ്രധാനമന്ത്രിമാരും ഒപ്പുവെക്കും.

ഇന്നലെയാണ് ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തിയത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്ത് സ്വീകരിച്ചു. പ്രോട്ടോകോള്‍ ലംഘിച്ചാണ് നെതന്യാഹുവിനെ സ്വീകരിക്കാന്‍ മോദി വിമാനത്താവളത്തിലെത്തിയത്. ഭാര്യ സാറയും ഇസ്‌റാഈലിലെ പ്രമുഖ വ്യവസായികളും നെതന്യാഹുവിനൊപ്പമുണ്ടായിരുന്നു.

നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനു ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്‌റാഈല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. പതിനഞ്ച് വര്‍ഷത്തിനു ശേഷമാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. 2003ല്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണ്‍ ആണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. ആറ് മാസം മുമ്പ് നരേന്ദ്ര മോദി ഇസ്‌റാഈല്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം.
ആഗോളതലത്തിലെ സ്ഥിതിഗതികളും ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്യും. ഡല്‍ഹിക്ക് പുറമെ ആഗ്ര, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലും നെതന്യാഹു സന്ദര്‍ശിക്കും.