ഖാസിയുടെ മരണം സംബന്ധിച്ച വെളിപ്പെടുത്തല്‍; സി ബി ഐ ഓട്ടോ ഡ്രൈവറുടെ മൊഴിയെടുത്തു

Posted on: January 15, 2018 12:31 am | Last updated: January 15, 2018 at 12:31 am

കാഞ്ഞങ്ങാട്: ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ ഓട്ടോഡ്രൈവറില്‍ നിന്നും സി ബി ഐ മൊഴിയെടുത്തു. ആദൂര്‍ പരപ്പയിലെ പി എ അശ്‌റഫില്‍ നിന്നാണ് സി ബി ഐ വിശദമായ മൊഴി രേഖപ്പെടുത്തിയത്.
സി ബി ഐ കേരളാ സ്‌പെഷ്യല്‍ ഓഫീസര്‍ ഡി വൈ എസ് പി. കെ ജെ ഡാര്‍വിനാണ് കൊച്ചി ഓഫീസില്‍ വെച്ച് അശ്‌റഫില്‍ നിന്നും മൊഴിയെടുത്തത്. സംശയിക്കുന്ന നാല് പേരുകളും അശ്‌റഫ് സി ബി ഐക്ക് മുന്നില്‍ വെളിപ്പെടുത്തി. ഖാസിയുടെ മരണത്തിന് തലേദിവസം ആലുവ സ്വദേശികളായ ബാബു, നിശാന്ത് എന്നിവരെ തന്റെ ഓട്ടോറിക്ഷയില്‍ ഖാസിയുടെ വീടിന് സമീപം കൊണ്ടുവിട്ടതായി അഷ്‌റഫ് നല്‍കിയ മൊഴിയിലുണ്ട്.

നീലേശ്വരത്തെ സുലൈമാന്‍ വൈദ്യരുടെ നിര്‍ദേശ പ്രകാരമാണ് ഇവരെ കൊണ്ടു വിട്ടതെന്നും അഷ്‌റഫ് മൊഴി നല്‍കി. ഇതിനു മുമ്പ് ജനുവരി 4നും മൗലവി ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്ന ഫെബ്രുവരി 14നും ഇടയില്‍ ആറ് തവണ ബാബുവിനെയും നിശാന്തിനെയും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടു വന്നിരുന്നതായും നീലേശ്വരത്തെ ഒരു റിസോര്‍ട്ടുള്‍പ്പെടെ പലയിടത്തും ഇവരെ കൊണ്ടു പോയിട്ടുണ്ടെന്നും ദീര്‍ഘനേരം സുലൈമാന്‍ മൗലവിയും സി പി എം ബ്രാഞ്ച് സെക്രട്ടറിയായ രാജനും ഇവരുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നതായും അശ്‌റഫ് സി ബി ഐക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഒരു തവണ വലിയൊരു പണപ്പൊതിയും ബാബുവിനും നിശാന്തിനും നല്‍കുന്നതും അശ്്‌റഫ് കണ്ടിരുന്നതായി പറയുന്നു. സുലൈമാന്‍ വൈദ്യരുടെ മകളുടെ ഭര്‍ത്താവായ അഷ്‌റഫ് സംഭവ സമയം നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. അശ്‌റഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മൗലവി കേസ് തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമസ്ത പി ആര്‍ ഒ അഡ്വ. മുഹമ്മദ് ത്വയിബ് ഖുദവി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് അശ്‌റഫില്‍ നിന്നും സി ബി ഐ മൊഴിയെടുത്തത്.
അശ്‌റഫിന് പുറമേ മുഹമ്മദ് ത്വയിബില്‍ നിന്നും സി ബി ഐ മൊഴിയെടുത്തു. ഇവരോട് ആവശ്യമെങ്കില്‍ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖാസിയുടെ മരണത്തിന് ഉത്തരവാദിയായവരെ തനിക്കറിയാമെന്ന അശ്‌റഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ത്വയിബ് ഹൈക്കോടതിയില്‍ പുനരന്വേഷണ ഹരജി നല്‍കിയത്. മൊഴിയുടെ വിശദാംശങ്ങള്‍ സി ബി ഐ ഹൈക്കോടതിയെയും എറണാകുളം സി ജെ എം കോടതിയെയും അറിയിക്കും. അശ്‌റഫിന്റെ മൊഴിയുടെ പാശ്ചാതലത്തില്‍ സുലൈമാന്‍ മൗലവി, നീലേശ്വരത്തെ രാജന്‍ എന്നിവരെയും സി ബി ഐ ചോദ്യം ചെയ്‌തേക്കും.