Connect with us

Editorial

പ്രവാസ കേരളം ഒരു കുടക്കീഴില്‍

Published

|

Last Updated

പ്രവാസ കേരളത്തിന് പുത്തന്‍ പ്രതീക്ഷയേകുന്നതാണ് ലോക കേരള സഭയുടെ പിറവി. പ്രവാസികളുടെ അനുഭവപരിചയവും വൈവിധ്യവും ഉപയോഗപ്പെടുത്തി വിവിധ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരവും ഇവിടെ തൊഴില്‍ ചെയ്തു വളരുന്നതിനുള്ള സാഹചര്യവും സൃഷ്ടിക്കുക, കേരളീയരുടെ സാമൂഹിക സാമ്പത്തിക വികസന, പൊതുസംസ്‌കാര വിഷയങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്കെന്ന പോലെ പുറത്തുള്ള കേരളീയര്‍ക്കും അര്‍ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സഭ മുന്‍വെക്കുന്നത്. പ്രവാസികള്‍ക്കായുള്ള കേരള വികസന നിധിയാണ് പദ്ധതികളില്‍ ഏറ്റവും ആകര്‍ഷണീയം. പ്രഖ്യാപിത പ്രവാസി സംരഭങ്ങളില്‍ ഓഹരി എടുക്കുന്നവര്‍ക്ക് പ്രവാസ ജീവിതം മതിയാക്കി തിരിച്ചെത്തുമ്പോള്‍ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ യോഗ്യതക്കനുസരിച്ച തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് ഈ പദ്ധതി. ലോകത്ത് മലയാളി ചെന്നെത്താത്ത സ്ഥലം അപൂര്‍വമാണ്. എന്നാല്‍ ഇവരെ കൂട്ടിയിണക്കുന്ന ഒരു ചരടില്ല. ആ കുറവ് നികത്താന്‍ സംഘടനക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിലെ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും സംഘടനയില്‍ പ്രാതിനിധ്യമുണ്ടായിരിക്കും.
കേരളത്തിന്റെ വികസനത്തില്‍ പ്രവാസികള്‍ വഹിച്ച പങ്ക് അദ്വിതീയമാണ്. 1956-ല്‍ പിറവിയെടുക്കുമ്പോള്‍ സാമ്പത്തികമായി കേരളം ഏറെ പിന്നിലായിരുന്നു.അക്കാലത്തെ ആളോഹരി വരുമാനം ദേശീയ ശരാശരിക്കു താഴെയാണ്. ഇന്ന് പക്ഷേ സമ്പന്ന സംസ്ഥാനമായി വളര്‍ന്നു. വരവിലും ചെലവിലും രാജ്യത്ത് പ്രഥമ സ്ഥാനത്തെത്തി. ഈ വളര്‍ച്ചയുടെയും കുതിപ്പിന്റെയും പാറ്റന്റ് മാറിമാറി ഭരിച്ച രാഷ്ട്രീയ കക്ഷികള്‍ അവകാശപ്പെടാറുണ്ടെങ്കിലും അന്യദേശങ്ങളില്‍ പോയി പണിയെടുക്കുന്ന പ്രവാസികളാണ് യഥാര്‍ഥ അവകാശികള്‍. അനേക ലക്ഷം പ്രവാസി മലയാളികളുടെ കണ്ണീരും വിയര്‍പ്പുമാണ് ആധുനിക കേരളത്തിന്റെ സമൃദ്ധിക്ക് പിന്നില്‍. ഓരോ വര്‍ഷവും കേരളത്തിലേക്ക് ഒഴുകുന്ന വിദേശനാണ്യത്തിന്റെ അളവ് ഒരു ലക്ഷം കോടിയിലേറെയാണ്. സംസ്ഥാന ബേങ്കിംഗ് സമിതിയുടെ കണക്ക് പ്രകാരം 2015-16 വര്‍ഷത്തില്‍ 1.09 ലക്ഷം കോടി രൂപ പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ബേങ്ക് മുഖനയല്ലാതെയും എത്തുന്നുണ്ട് അനേക കോടികള്‍. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ മൂന്നില്‍ ഒന്നും പ്രവാസികളുടെ സംഭാവനയാണ്. സംസ്ഥാനത്തെ ബേങ്കുകളിലെ നിക്ഷേപത്തിന്റെ 40 ശതമാനം പ്രവാസി അക്കൗണ്ടിലാണ്.
നാടിന് ചെയ്യുന്ന മഹത്തായ സേവനത്തിന് അനുസൃതമായ സമീപനം സര്‍ക്കാറില്‍ നിന്നോ സമൂഹത്തില്‍ നിന്നോ അവര്‍ക്ക് തിരിച്ചുലഭിക്കുന്നില്ല. പ്രവാസികളുടെ സമ്പാദ്യം അവര്‍ക്കും നാടിനും ഗുണകരമായ രീതിയില്‍ വിനിയോഗിക്കുന്നതിനാവശ്യമായ സാധ്യതകള്‍ കണ്ടെത്തുന്നതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ല. ഗള്‍ഫ് നാടുകളിലെ തൊഴില്‍ സാഹചര്യം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്കരണം, യൂറോപ്പില്‍ ബ്രക്‌സിറ്റ്, അമേരിക്കയില്‍ ട്രംപ്, മറ്റു ചിലയിടങ്ങളില്‍ ഭീകരവാദ ഭീഷണി തുടങ്ങി പ്രവാസികളുടെ ഭാവിയെ അവതാളത്തിലാക്കുന്ന സംഭവങ്ങളാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. അവരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരെ പുനഃരധിവസിപ്പിക്കുന്നതിനും ഫലപ്രദമായ നടപടികള്‍ ആവിഷ്‌കരിക്കുന്നുമില്ല. തിരിച്ചെത്തുന്ന പ്രവാസി സ്വന്തമായി സംരഭം തുടങ്ങാന്‍ തുനിഞ്ഞാല്‍ നിമയമത്തിന്റെ നൂലാമാലകളില്‍ അവരെ വരിഞ്ഞു മുറുക്കുകയും ചെയ്യും. ഇതെല്ലാം പലപ്പോഴും ചര്‍ച്ചാവിഷയമായതാണെങ്കിലും ഇനിയും പരിഹാരമായിട്ടില്ല.
പ്രവാസി ഭാരതീയ ദിവസ് പോലെ പ്രവാസികളെച്ചൊല്ലി കേന്ദ്ര സര്‍ക്കാര്‍ പല ചടങ്ങുകളും സംഘടിപ്പിക്കുകയും പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യാറുണ്ടെങ്കിലും അവ കേവലം ആഘോഷത്തിലും പ്രഖ്യാപനത്തിലു അവസാനിക്കാറാണ് പതിവ്. ലോക കേരള സഭ സമ്മേളനം പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ഈ ഗതി വരരുത്. സമ്മേളനം വിഭാവനം ചെയ്ത പദ്ധതികള്‍ക്ക് പ്രവര്‍ത്തന തുടര്‍ച്ച ഉറപ്പാക്കണം. പൂര്‍ണമായില്ലെങ്കിലും ഭാഗികമായെങ്കിലും നടപ്പാക്കാനായാല്‍ തന്നെ പ്രവാസ ലോകത്തിന് അത് ആശ്വാസവും പുതിയ സംരഭത്തില്‍ വിശ്വാസ്യതയും നല്‍കും. പ്രഖ്യാപിത പദ്ധതികളില്‍ പലതും കേന്ദ്ര സര്‍ക്കാറിന്റെ സഹകരണത്തോടെ നടപ്പാക്കേണ്ടതാണ്. പ്രവാസി വകുപ്പ് തന്നെ എടുത്തുകളയുകയും പശുവിന്റെ വില പോലും പ്രവാസികള്‍ക്ക് കല്‍പിക്കുകയും ചെയ്യാത്ത കേന്ദ്രത്തില്‍ നിന്ന് ഇക്കാര്യത്തില്‍ എത്രമാത്രം അനുകൂല നിലപാടുണ്ടാകുമെന്ന് കണ്ടറിയണം.
ലോക കേരള സഭയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുത്ത രീതിയെക്കുറിച്ചു ചില ഭാഗത്ത് നിന്ന് അപസ്വരങ്ങളുയരുകയുണ്ടായി. പുതിയ പദ്ധതികളെ ക്രിയാത്മകമായി വിലയിരുത്തി ആരോഗ്യകരമായി പ്രതികരിക്കുന്നതിന് പകരം അവയുടെ കുറ്റവും കുറവുകളും കണ്ടെത്തുന്നതാണ് പ്രതിപക്ഷ കടമയെന്ന് ധരിക്കുന്ന രാഷ്ട്രീയ ചുറ്റുപാടില്‍ ഇത് സാധാരണമാണ്. ഇത്തരം കാര്യങ്ങളില്‍ പരമാവധി സുതാര്യത വരുത്തി വിവാദം ഒഴിവാക്കാന്‍ ശ്രമിക്കണം.

Latest