ആ നവവത്സര ട്വീറ്റിന്റെ പൊരുള്‍

'ചൈനയുടെ അധിനിവേശം' പാക്കിസ്ഥാനില്‍ നില്‍ക്കില്ല. അത് ധാതുവിഭവ സമൃദ്ധമായ അഫ്ഗാനിസ്ഥാനിലേക്ക് നീങ്ങുമെന്നുറപ്പാണ്. വന്‍ സാമ്പത്തിക സാധ്യതയാണ് ചൈന മുന്നില്‍ കാണുന്നത്. സ്വയമൊരു ബിസിനസ്സുകാരനും ബിസിനസ്സുകാരാല്‍ പ്രസിഡന്റാക്കപ്പെട്ടയാളുമായ ട്രംപിന് ചൈനയുടെ ഈ നീക്കങ്ങള്‍ സഹിക്കാനാകുന്നതിന് അപ്പുറമാണ്. ഭീകരവിരുദ്ധ ദൗത്യത്തിലെ പാക്കിസ്ഥാന്റെ നിഷ്‌ക്രിയത്വമാണ് പ്രശ്‌നമെന്നൊക്കെ പുറമേ പറയുമെങ്കിലും പ്രശ്‌നം ചൈനയാണ്. ഏഷ്യയിലെ അമേരിക്കന്‍ സ്വാധീനം അസ്തമിക്കുന്നുവെന്ന തിരിച്ചറിവ് തന്നെയാണ് പ്രശ്‌നം. അതിനാല്‍ പാക്കിസ്ഥാനെ തത്കാലം ഞെട്ടിച്ച് നിര്‍ത്തും. ചൈനീസ് ബാന്ധവത്തില്‍ നിന്ന് അല്‍പ്പമൊന്ന് മാറിക്കിട്ടാനാണ് അത്. കാലാന്തരത്തില്‍ എല്ലാ സഹായങ്ങളും യു എസ് പുനഃസ്ഥാപിക്കും.
Posted on: January 15, 2018 6:00 am | Last updated: January 15, 2018 at 12:27 am

പുതുവര്‍ഷത്തില്‍ ഒരു പാട് തീരുമാനങ്ങളെടുക്കും. ജനുവരി ഒന്നിനെ നവവത്സര ദിനമായി കൊണ്ടാടുന്നവര്‍ ഡിസംബറിലെ അവസാന രാത്രിയിലാകും ഈ കിടിലന്‍ തീരുമാനങ്ങള്‍ കൈകൊള്ളുക. കുടിയും വലിയും നിര്‍ത്തും. കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ളവനാകും. ശത്രുതയുടെ മാറാപ്പുകള്‍ അഴിച്ചു വെക്കും. നാളെ മുതല്‍ പുതിയ മനുഷ്യനാകും. ഒന്നാം ദിനം ഈ തീരുമാനങ്ങള്‍ ഏറെക്കുറെ നന്നായി നടക്കും. രണ്ടാം ദിനം മുതല്‍ തുടങ്ങും ഇടര്‍ച്ചകള്‍. മിക്കവരും ഒരാഴ്ച കൊണ്ട് പഴയ പടിയിലേക്ക് മടങ്ങും. ഇപ്പറഞ്ഞതെല്ലാം തികച്ചും സാമാന്യമായ കാര്യമാണ്. അതുപോലൊരു സാമാന്യമായ കാര്യമാണ് കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള മാധ്യമങ്ങള്‍ കൊണ്ടാടുന്ന ട്വീറ്റ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുവത്സരത്തില്‍ നടത്തിയ ആദ്യ ട്വീറ്റാണ് വിഷയം. അദ്ദേഹം കുറിച്ചു: കഴിഞ്ഞ 15 വര്‍ഷമായി പാക്കിസ്ഥാന് 3300 കോടി ഡോളര്‍ നല്‍കുകയെന്ന മണ്ടത്തരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അമേരിക്ക. പകരം ഞങ്ങള്‍ക്ക് അവര്‍ തന്നത് നിന്ദയും വഞ്ചനയും മാത്രമാണ്. ഞങ്ങളുടെ നേതാക്കള്‍ വിഡ്ഢികളാണെന്നാണ് അവര്‍ ധരിച്ചത്. എന്നിട്ട് അഫ്ഗാനിസ്ഥാനില്‍ ഞങ്ങള്‍ നേരിടുന്ന തീവ്രവാദികള്‍ക്ക് സൈ്വര വിഹാരത്തിന് താവളമൊരുക്കി കൊടുക്കുന്നു. ഇനി അത് നടക്കില്ല’

പറയുക മാത്രമല്ല പ്രവര്‍ത്തിക്കുകയും ചെയ്തു ട്രംപ്. പാക്കിസ്ഥാനുള്ള എല്ലാ സുരക്ഷാ സഹായങ്ങളും നിര്‍ത്തിവെക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. അവിടെയും നിന്നില്ല. ഏത് വിധേനയും പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ സഖ്യ കക്ഷികള്‍ക്കെല്ലാം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതെങ്ങനെയാണ് പുതുവത്സര പ്രതിജ്ഞയോട് സാമ്യപ്പെടുത്തനാകുക? ഇത്തരം ഭീഷണികള്‍ പുത്തരിയല്ലെന്നതാണ് ഉത്തരം. ഏറ്റവും ഒടുവില്‍, ഹഖാനി ഗ്രൂപ്പിനെ നിലക്ക് നിര്‍ത്തുന്നില്ലെന്ന് ആരോപിച്ച് ബരാക് ഒബാമ ഭരണകൂടം രണ്ട് തവണ (2011ലും 2016ലും) സഹായത്തിന്റെ ധമനി മുറിച്ചിരുന്നു. ട്രംപിന്റെ അഹമ്മതി നിറഞ്ഞ ശൈലിയിലല്ലെന്നേയുള്ളൂ, ഒബാമയും അന്ന് ശക്തമായ താക്കീതാണ് നല്‍കിയത്. വലിയ മാറ്റമൊന്നും അത് പാക്കിസ്ഥാനില്‍ ഉണ്ടാക്കിയില്ല. പാക് ജനത അമേരിക്കന്‍ വിരുദ്ധതയും തീവ്രവാദവിരുദ്ധതയും അതേ നിലയില്‍ തുടര്‍ന്നു. ജനറല്‍മാരില്‍ ചിലരുടെയും രാഷ്ട്രീയ നേതാക്കളുടെയും അമേരിക്കന്‍ ദാസ്യത്തിനും തീവ്രവാദികളുമായുള്ള ചങ്ങാത്തത്തിനും ഉണ്ടായില്ല മാറ്റം. ഒടുവില്‍ അമേരിക്ക മരവിപ്പിച്ചതെല്ലാം പുനഃസ്ഥാപിച്ചു. ഇത് തന്നെയാണ് ട്രംപിന്റെ പുതിയ ഹാലിളക്കത്തിന്റെയും ഗതി.
ഏഷ്യയിലെ അമേരിക്കന്‍ താത്പര്യങ്ങളുടെ ഇരിപ്പിടമാണ് എക്കാലത്തും പാക്കിസ്ഥാന്‍ എന്നത് തന്നെയാണ് കാരണം. നാറ്റോക്ക് പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട അമേരിക്കന്‍ സൈനിക പങ്കാളിയാണ് ആ രാജ്യം. സോവിയറ്റ് യൂനിയന്‍ അഫ്ഗാനിസ്ഥാനില്‍ ചുവടുറപ്പിക്കുന്നത് തടയാന്‍ ശീതയുദ്ധകാലത്ത് കരുക്കള്‍ നീക്കിയത് മുതല്‍ അമേരിക്കയുടെ വിശ്വസ്ത കൂട്ടാളിയായിരുന്നു പാക്കിസ്ഥാന്‍. അവിടെ ആര് ഭരിക്കണമെന്നും ആരെ പുറന്തള്ളണമെന്നും തീരുമാനിക്കുന്നതില്‍ വാഷിംഗ്ടണില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് പങ്കുണ്ട്. ചരിത്രത്തെ ഒന്നാകെയെടുത്താല്‍ അമേരിക്കക്ക് പാക്കിസ്ഥാനിലെ സൈനിക നേതൃത്വത്തോടും ഐ എസ് ഐയോടുമാണ് കൂടുതല്‍ അടുപ്പം. ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളുമായി എന്ത് സമീപനം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് അമേരിക്കയാണെന്ന് മനസ്സിലാക്കാന്‍ കശ്മീര്‍ വിഷയത്തിലെ സംഭവവികാസങ്ങള്‍ മാത്രം നോക്കിയാല്‍ മതി. 1950കളുടെ തുടക്കത്തില്‍ അന്നത്തെ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ് പാക്കിസ്ഥാനെ വിശേഷിപ്പിച്ചത് ‘സോവിയറ്റ് യൂനിയനെതിരായ ഏറ്റവും വിലപ്പെട്ട സൈനിക, രാഷ്ട്രീയ ആസ്തി’യെന്നാണ്. അന്ന് ഇന്ത്യക്ക് കൃത്യമായ സോവിയറ്റ് പക്ഷം ഉണ്ടായിരുന്നതിനാല്‍ പാക്കിസ്ഥാന്‍ അമേരിക്കക്ക് ഒഴിച്ചു കൂടാനാകാത്ത കൂട്ടായി മാറി. 1954ല്‍ ഉഭയകക്ഷി പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചതോടെ ഈ കൂട്ടുകെട്ടിന് ആധികാരികത കൈവന്നു. കമ്യൂണിസ്റ്റ്‌വിരുദ്ധ ഐക്യനിരയിലേക്ക് പാക്കിസ്ഥാനെ അമേരിക്ക ആനയിക്കുകയായിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധത പാക്കിസ്ഥാന്‍ രൂപവത്കരിക്കുമ്പോള്‍ ജിന്നയടക്കമുള്ള നേതാക്കള്‍ വിഭാവനം ചെയ്തതതോ ആ ഭൂവിഭാഗത്തിലെ ജനങ്ങളുടെ മുന്‍ഗണനയോ ആയിരുന്നില്ല. ആ രാജ്യത്തെ ഭരണാധികാരികള്‍ അധികാര സംരക്ഷണത്തിനായി രൂപപ്പെടുത്തിയ ഇന്ത്യന്‍വിരുദ്ധതയുടെ ഉപോത്പന്നമായിരുന്നു അത്. ഇന്ത്യ സോവിയറ്റ്പക്ഷമെങ്കില്‍ പാക്കിസ്ഥാന്‍ അമേരിക്കന്‍പക്ഷമെന്ന ശീതസമരകാല യുക്തി മാത്രമാണ് ഇസ്‌ലാമാബാദിന് ഉണ്ടായിരുന്നത്. ഇന്ത്യാ- പാക് യുദ്ധങ്ങളും കശ്മീരിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും അമേരിക്കയുടെ കങ്കാണിപ്പണി ഏറ്റെടുക്കാന്‍ പാക് ഭരണാധികാരികള്‍ക്ക് പഴുതു നല്‍കി. അങ്ങനെ പാക് ജനസാമാന്യത്തിന്റെയും അവിടെയുള്ള സാമ്രാജ്യത്വവിരുദ്ധരുടെയും നാവടപ്പിക്കാന്‍ ഇന്ത്യന്‍ ശത്രുത ഉപയോഗിക്കപ്പെട്ടു. അത്യന്താധുനിക ആയുധങ്ങളുടെ സംഭരണ ശാലയായി പാക്കിസ്ഥാന്‍ മാറി. ഒപ്പം അളവില്ലാതെ ഡോളറും ഒഴുകിയെത്തി. അഫ്ഗാനില്‍ സോവിയറ്റ് അധിനിവേശത്തിനെതിരെ ‘പോരാടുന്ന സ്വന്തം തീവ്രവാദി’കള്‍ക്ക് ആയുധവും ധനവും ഒഴുകിയത് ഈ സംഭരണിയില്‍ നിന്നായിരുന്നു. മിക്ക പാക് പ്രസിഡന്റുമാരും സൈനിക മേധാവികളും അഫ്ഗാനിസ്ഥാനിലേക്ക് കരുതി വെച്ച അമേരിക്കന്‍ ആയുധങ്ങളുടെയും ആളുകളുടെയും കാര്യസ്ഥന്‍മാര്‍ മാത്രമായിരുന്നു. സിയാ ഉല്‍ ഹഖിന്റെ കാലത്ത് ഈ സ്ഥിതിവിശേഷം അതിന്റെ പാരമ്യത്തില്‍ എത്തിയെന്ന് പറയാം. അത്‌കൊണ്ട് തീവ്രവാദി ഗ്രൂപ്പുകളെച്ചൊല്ലി അമേരിക്കന്‍ പ്രസിഡന്റുമാര്‍ നടത്തുന്ന ആക്രോശങ്ങള്‍ക്ക് ഒരു പ്രഭാവവും ഉണ്ടാക്കാനാകില്ല. ഭ്രാന്തമായി സംസാരിക്കുന്ന ട്രംപിനെപ്പോലെയൊരാള്‍ പ്രസിഡന്റായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. നവ സാമ്രാജ്യത്വത്തിന്റെ ആലയിലാണ് സലഫിസ്റ്റ് തീവ്രവാദം പിറവിയെടുത്തത്. അത് ഉയര്‍ത്തിപ്പിടിച്ച ആയുധം അമേരിക്കയുടേതാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകരും വരെ ഭീകരവാദികള്‍ നടത്തിയ കൂട്ടക്കൊലകളെ ക്രൈം ത്രില്ലര്‍ പോലെ ആസ്വദിക്കുകയായിരുന്നു യു എസ് ഭരണാധികാരികള്‍. എന്നിട്ടിപ്പോള്‍ പാക്കിസ്ഥാന്‍ വഞ്ചിച്ചുവെന്ന് അലമുറയിടുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്.
ട്രംപിന്റെ ട്വീറ്റിനോട് പാക് വിദേശകാര്യ വകുപ്പ് നടത്തിയ പ്രതികരണം യു എസ് പാക് ബന്ധത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതായിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് ആയുധങ്ങള്‍ തൊടുത്തുവിടാന്‍ എത്ര കാലമായി നിങ്ങള്‍ പാക് മണ്ണ് ഉപയോഗിക്കുന്നു? നിങ്ങളുടെ പടക്കോപ്പുകള്‍ സൂക്ഷിക്കാന്‍ ഞങ്ങളുടെ ജനതയുടെ സുരക്ഷിതത്വം ബലികഴിച്ചില്ലേ? ഏഷ്യയില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ പേരില്‍ ഇത്രമാത്രം ആക്രമണം നേരിട്ട ഏതെങ്കിലും രാജ്യമുണ്ടോ? അഫ്ഗാനിസ്ഥാനില്‍ സ്വന്തം നയം പാളിപ്പോയതിന് തങ്ങളെ കുറ്റപ്പെടുത്തുകയാണോ വേണ്ടത്? നിങ്ങള്‍ തൊടുത്തു വിട്ട ഡ്രോണുകള്‍ ബോംബ് വര്‍ഷിക്കാത്ത ഏതിടമുണ്ട് പാക്കിസ്ഥാനില്‍? തുളച്ചു കയറുന്ന ചോദ്യങ്ങളാണിവ. ട്രംപ് പറയുന്ന 3300 കോടി ഡോളറിന്റെ കണക്ക് പര്‍വതീകരിച്ചതാണെന്നും അവര്‍ വ്യക്തമാക്കുന്നു. നിസ്സഹായതയുടെ സ്വരം ഈ പ്രതികരണത്തില്‍ ഉണ്ടെങ്കിലും ജനങ്ങളില്‍ അമേരിക്കന്‍വിരുദ്ധത ആളിക്കത്തിക്കാന്‍ പോന്നതാണ് ഈ വാക്കുകള്‍. പാക്കിസ്ഥാന്‍ പുതുതായി ആവിഷ്‌കരിക്കുന്ന വിദേശനയത്തിന്റെ ഭാഗമായി വേണം ഈ വൈകാരികമായ പ്രതികരണത്തെ വിലയിരുത്താന്‍.
നരേന്ദ്ര മോദിയുടെ ജന്‍മദിന നയതന്ത്രത്തിനും വാജ്പയി ചമയാനുള്ള നീക്കത്തിനും കനത്ത തിരിച്ചടിയേകിക്കൊണ്ട് ഇന്ത്യാ- പാക് ബന്ധം ഏറ്റവും വഷളായ നലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഈ തക്കം നോക്കി ഇന്ത്യാവിരുദ്ധത ജ്വലിപ്പിച്ച് നിര്‍ത്തുകയാണ് പാക് സിവലിയന്‍, സൈനിക നേതൃത്വം. ഗുജറാത്തിലായാലും ബീഹാറിലായും തിരഞ്ഞെടുപ്പുകളില്‍ പാക്കിസ്ഥാന്‍ മുഖ്യവിഷയമാകുന്ന സ്ഥിതി ഇന്ത്യയിലും ശക്തമായി തുടരുന്നു. പാക്കിസ്ഥാനിലേക്ക് പോ എന്നത് ഇവിടുത്തെ പ്രധാന ശാപവാക്കായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ തന്ത്രപൂര്‍വം ചൈനീസ് പക്ഷത്തേക്ക് ചായുകയാണ്. രണ്ട് ലക്ഷ്യങ്ങളാണ് ഇതുവഴി ഇസ്‌ലാമാബാദിലെ ഭരണക്കാര്‍ക്കുള്ളത്്. ഒന്ന് ഇന്ത്യയെ പരോക്ഷമായി വെല്ലുവിളിക്കുക. രണ്ട് അമേരിക്കയോട് വില പേശുക. യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ചൈനയുടെ സാമ്പത്തിക സ്വാധീനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ പ്രധാന പങ്കാളിയാണ് പാക്കിസ്ഥാന്‍. അഫ്ഗാനും മധ്യേഷ്യയുമെല്ലാം ഈ പദ്ധതിയില്‍ വരുന്നുണ്ട്. ഇതുസംബന്ധിച്ച ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കുകയായിരുന്നു. ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ 6200 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് ചൈനയുടെ മറ്റൊരു പ്രഖ്യാപനം. ഈ പദ്ധതിയുടെ ഭാഗമായുള്ള ധനപരമായ ഇടപാടുകള്‍ ഡോളറിന് പകരം ചൈനീസ് നാണയമായ യുവാനില്‍ നടത്തുമെന്ന് പാക് സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ജിബൂത്തിക്ക് ശേഷം ചൈനയുടെ രണ്ടാമത്തെ വിദേശ സൈനിക കേന്ദ്രം പാക്കിസ്ഥാനിലാണ് വരാന്‍ പോകുന്നത്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഗ്വാദറിലെ ജിവാനിയിലാണ് നാവിക കേന്ദ്രം നിര്‍മാണത്തിനുള്ള ആലോചനകള്‍ നടക്കുന്നത്. ഇറാനിലെ ഛാബഹര്‍ തുറമുഖത്തിന് സമീപസ്ഥമാണ് ഈ പ്രദേശം. നിര്‍ദിഷ്ട നാവിക കേന്ദ്രം അറബിക്കടലില്‍ ചൈനീസ് നീക്കങ്ങള്‍ സുഗമമാക്കും.

‘ചൈനയുടെ അധിനിവേശം’ പാക്കിസ്ഥാനില്‍ നില്‍ക്കില്ല. അത് ധാതുവിഭവ സമൃദ്ധമായ അഫ്ഗാനിസ്ഥാനിലേക്ക് നീങ്ങുമെന്നുറപ്പാണ്. വന്‍ സാമ്പത്തിക സാധ്യതയാണ് ചൈന മുന്നില്‍ കാണുന്നത്. സ്വയമൊരു ബിസിനസ്സുകാരനും ബിസിനസ്സുകാരാല്‍ പ്രസിഡന്റാക്കപ്പെട്ടയാളുമായ ട്രംപിന് ചൈനയുടെ ഈ നീക്കങ്ങള്‍ സഹിക്കാനാകുന്നതിന് അപ്പുറമാണ്. ഭീകരവിരുദ്ധ ദൗത്യത്തിലെ പാക്കിസ്ഥാന്റെ നിഷ്‌ക്രിയത്വമാണ് പ്രശ്‌നമെന്നൊക്കെ പുറമേ പറയുമെങ്കിലും പ്രശ്‌നം ചൈനയാണ്. ഏഷ്യയിലെ അമേരിക്കന്‍ സ്വാധീനം അസ്തമിക്കുന്നുവെന്ന തിരിച്ചറിവ് തന്നെയാണ് പ്രശ്‌നം. അതിനാല്‍ പാക്കിസ്ഥാനെ തത്കാലം ഞെട്ടിച്ച് നിര്‍ത്തും. ചൈനീസ് ബാന്ധവത്തില്‍ നിന്ന് അല്‍പ്പമൊന്ന് മാറിക്കിട്ടാനാണ് അത്. കാലാന്തരത്തില്‍ എല്ലാ സഹായങ്ങളും യു എസ് പുനഃസ്ഥാപിക്കും.
പുതിയ സംഭവവികാസങ്ങളെ ഇന്ത്യ എങ്ങനെ കാണുന്നുവെന്നത് പ്രധാനമാണ്. പാക്കിസ്ഥാനെ അമേരിക്ക കൈയൊഴിഞ്ഞിരിക്കുന്നുവെന്ന് വിശ്വസിച്ച് ആഘോഷിക്കാനാണ് ഇവിടുത്തെ ഭരണാധികാരികള്‍ക്കും ഇന്ത്യയുടെ എതിര്‍പദം പാക്കിസ്ഥാനായി മുദ്ര കുത്തുന്ന അവരുടെ രാഷ്ട്രീയ സംഘത്തിനും താത്പര്യം. നല്ല കായബലമുള്ള സുഹൃത്തിനെ സ്വന്തമായി കിട്ടുകയാണല്ലോ. എന്നാല്‍ വന്‍ശക്തികളുടെ അധികാര വടംവലിയില്‍ നിന്നാണ് ഈ മേഖലയെ അശാന്തമാക്കുന്ന ഭീകരതയുടെ ഉദയമെന്ന ചരിത്ര വസ്തുത ഇന്ത്യ മറക്കരുത്. അമേരിക്ക ഒരിടത്തും പരിഹാരത്തിന്റെ ഭാഗമായിട്ടില്ല, പ്രശ്‌നത്തിന്റെ ഭാഗമായിട്ടേ ഉള്ളൂവെന്നും തിരിച്ചറിയണം. ചൈനയോട് എതിരിട്ട് നില്‍ക്കുമ്പോള്‍ മാത്രമേ ഇന്ത്യ അവര്‍ക്ക് വിശിഷ്ട പങ്കാളിയാകുന്നുള്ളൂ. സഖ്യങ്ങള്‍ വരച്ചും മായ്ച്ചും കളിക്കുന്ന നവ സാമ്രാജ്യത്വമല്ല, അയല്‍ക്കാര്‍ തന്നെയാണ് യഥാര്‍ഥ സുഹൃത്തുക്കളായി മാറേണ്ടത്.