ദയവായി ഞങ്ങളെ വെറുതെ വിടൂ: ജസ്റ്റിസ് ലോയയുടെ മകന്‍

Posted on: January 14, 2018 10:34 pm | Last updated: January 15, 2018 at 12:35 am
SHARE

മുംബൈ: ആരെയും കുറ്റപ്പെടുത്താനില്ല. ദയവായി ഞങ്ങളെ പീഡിപ്പിക്കരുത്- സുഹ്‌റാബുദ്ദീന്‍ ശൈഖ് ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുകയും ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത സി ബി ഐ പ്രത്യേക ജഡ്ജ് ബി എച്ച് ലോയയുടെ മകന്‍ അനൂജ് ലോയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വികാരാധീനനായി പറഞ്ഞു.

രാജ്യത്തെ നീതിന്യായ മേഖലയെ ഒന്നാകെ പിടിച്ചുലച്ച് സുപ്രീം കോടതി ജസ്റ്റിസുമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചതിന് പിറകേ ഇതാദ്യമായാണ് ലോയയുടെ മകന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ നീതിപൂര്‍വകമായ നടപടികള്‍ ഉണ്ടായില്ലെന്നായിരുന്നു. നാല് ജസ്റ്റിസുമാര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് ലോയ മരിച്ച ശേഷം അമിത് ഷാ പ്രതിയായ കേസില്‍ ബഞ്ച് മാറ്റുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഈ വിധിക്കെതിരെ സി ബി ഐ അപ്പീല്‍ പോയതുമില്ല.
പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ആരെയും സംശയിക്കുന്ന സ്ഥിതിയില്ലെന്ന് അനൂജ് ലോയ പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ വൈകാരികമായ ആഘാതം സൃഷ്ടിക്കുന്നു. ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളെ വാര്‍ത്തയിലേക്ക് വലിച്ചഴക്കുന്നത് സര്‍ക്കാറിതര സംഘടനകളും മാധ്യമങ്ങളും നിര്‍ത്തണമെന്നും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അനൂജ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പലപ്പോഴും അനൂജ് വിതുമ്പുന്നുണ്ടായിരുന്നു. പിതാവിന്റെ മരണത്തില്‍ നിരവധി സമ്മര്‍ദങ്ങള്‍ കുടുംബത്തിന് മേല്‍ ഉണ്ടാകുന്നുണ്ട്. പിതാവിനെ കുറിച്ച് നിരന്തരം ചോദിക്കുന്നത് ഒഴിവാക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും അനൂജ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here