ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം ജയം

Posted on: January 14, 2018 10:08 pm | Last updated: January 15, 2018 at 10:06 am
SHARE

മുംബൈ: ഡല്‍ഹിക്കെതിരെ ആക്രമണോത്സുകമായ കളി പുറത്തെടുത്തപ്പോള്‍ കേരള ബ്ലാസറ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒറ്റ ഗോളിന് ആതിഥേയരായ മുംബൈ സിറ്റി എഫ് സിയെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തി. കേരള ബ്ലാസ്‌റ്റേഴസിന് വേണ്ടി 24ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂമാണ് വിജയഗോ ള്‍ നേടിയത്. ഇയാന്‍ ഹ്യൂം തന്നെ ഹീറോ ഓഫ് ദി മാച്ചായി. ജയത്തോടെ ബ്ലാസ്റ്റേഴ്‌സിന് 10 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റായി. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തക്ക് മുന്നേറി. മുംബൈ സിറ്റി എഫ് സി അഞ്ചാം സ്ഥാനത്ത്.
മാര്‍ക്ക് സിഫിനിയോസിന്റെ മിന്നല്‍ ആക്രമണത്തോടെ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് തുടക്കം കുറിച്ചത്. 12 ാം മിനുട്ടില്‍ മാര്‍ക്ക് സിഫിനിയോസ് ബോക്‌സിനകത്ത് ഒരുക്കികൊടുത്ത അവസരം സ്വീകരിച്ച ജാക്കി ചാന്ദിന്റെ ദുര്‍ബലമായ ഷോട്ട് മുംബൈ ഗോളി കരങ്ങളിലൊതുക്കി. 16ാം മിനുട്ടില്‍ ബല്‍വന്തിന്റെ ഡൈവിംഗ് ഹെഡ്ഡര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ മുഖത്ത് അപകടം ഒരുക്കി. അടുത്ത മിനുട്ടില്‍ ജേഴ്‌സണ്‍ വിയേരയിലൂടെ വന്ന അടുത്ത അപകട മൂഹൂര്‍ത്തം ക്രോസ് ബാറിന് മുകളിലൂടെയും അകന്നു.

ബ്ലാസ്റ്റേഴ്‌സ് കാത്തുനിന്ന ഗോള്‍ 24ാം മിനുട്ടില്‍ വന്നു. മാര്‍ക്ക് സിഫിനിയോസിനെതിരെ ജേഴ്‌സണ്‍ വിയേര നടത്തിയ ഫൗളിനെ തുടര്‍ന്ന് കിട്ടിയ ഫൗള്‍ കിക്ക് അതിവേഗം കറേജ് പെക്കൂസണ്‍ എടുത്തു. ത്രൂ ബോളില്‍ പന്തുമായി ഇയാന്‍ ഹ്യൂം ബോക്‌സിലേക്ക് കുതിച്ചെത്തുമ്പോള്‍ മുംബൈ കളിക്കാര്‍ അന്തംവിട്ടു നില്‍ക്കുയായിരുന്നു. ഗോളിയും സ്ഥാനം തെറ്റി നില്‍ക്കെ ബോക്‌സിനകത്ത് കയറിയ ഹ്യൂം പന്ത് അനായാസമായി മുംബൈയുടെ ഗോള്‍ വലയത്തിലേക്ക് തള്ളിവിട്ടു. (1-0). ഗോളിനെതിരെ മുംബൈ കളിക്കാര്‍ വാദിച്ചുനോക്കിയെങ്കിലും റഫ്‌റി പ്രഞ്ജല്‍ ബാനര്‍ജി തള്ളിക്കളഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് ഗോള്‍ വേട്ട നടത്തിയ ഹ്യൂമിന്റെ നാലാമത്തെ ഗോളാണിത്.
ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ മുംബൈ സമനില ഗോളിന് സമ്മര്‍ദം ശക്തമാക്കി. 40ാം മിനുട്ടില്‍ തിയാഗോ സാന്റോസിന്റെ ശ്രമത്തിന് ബ്ലാസ്റ്റേഴ്‌സ് ഗോളി സുഭാഷിഷ് റോയ് ചൗധരി വിലങ്ങുതടിയായി. ഇഞ്ചുറി ടൈമില്‍ ഗോള്‍ കിക്ക് എടുക്കാന്‍ വൈകിയതിനു സുഭാഷിഷിന് മഞ്ഞക്കാര്‍ഡും കിട്ടി.

രണ്ടാം പകുതിയില്‍ സിഫിനിയോസിന് പകരം സി കെ വിനീതും റിനോ ആന്റോക്ക് പകരം പെസിച്ചും വന്നു. നാല് മത്സരങ്ങള്‍ക്ക് ശേഷമാണ് വിനീത് കളിക്കാനിറങ്ങിയത്. 47ാം മിനുട്ടിലും 50ാം മിനുട്ടിലും ബ്ലാസ്റ്റേഴ്‌സ് കഷ്ടിച്ചാണ് ഗോളില്‍ നിന്ന് രക്ഷപ്പെട്ടത്.
17ന് കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത എവേ മത്സരത്തില്‍ ജാംഷെഡ്പൂരിനെയും മുംബൈ സിറ്റി എഫ് സി 18ന് ഹോം മത്സരത്തില്‍ ബെംഗഌരുവിനെയും നേരിടും.