‘എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞുള്ള വ്യാജ ഫോണ്‍ കോളുകളെ കുറിച്ച് ജാഗ രൂഗരാകണം’

Posted on: January 14, 2018 9:22 pm | Last updated: January 14, 2018 at 9:22 pm
SHARE

ദുബൈ: ദുബൈ ഇമിഗ്രേഷന്‍ ഓഫീസര്‍ ചമഞ്ഞു യു എ ഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വ്യാജ കോളുകള്‍ എത്തുന്നതിനെ കുറിച്ച് കരുതിയിരിക്കണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ കോണ്‍സുലേറ്റില്‍ എത്തിയതോടെയാണ് അധികൃതര്‍ മുന്നറിയിപ്പുമായി വന്നത്.

ദുബൈ എമിഗ്രേഷന്‍ വിഭാഗമായ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 8005111 എന്നതില്‍ നിന്നോ ഉപഭോക്ത സേവന കേന്ദ്രത്തിലെ കോള്‍ സെന്റര്‍ നമ്പറായ 04-3139999 നമ്പറില്‍ നിന്നോ ആണെന്ന രൂപത്തില്‍ ഫോ ണ്‍ കോളുകള്‍ വരുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. കോളുകളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിന് ഔദ്യോഗിക നമ്പറുകള്‍ ഇരകളുടെ ഫോണുകളില്‍ തെളിയുന്ന വിധത്തിലാണ് ഫോണ്‍ കോളുകളുടെ രീതി. സംഭാഷണത്തില്‍ ഇരകളുടെ യു എ ഇയിലെ താമസ അനുമതികളുടെയും പാസ്‌പോര്‍ട്ട് വിശദാംശങ്ങളും വെളിപ്പെടുത്തുന്നതോടെ വിശ്വാസ്യത വര്‍ധിക്കും. ഫോണ്‍ നമ്പറുകള്‍ ജി ഡി ആര്‍ എഫ് എയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ചതാണെന്ന് വ്യാജന്മാര്‍ അറിയിക്കുന്നതോടെ സംഭാഷണത്തിന് ആധികാരികത ഉറപ്പ് വരുത്തും. ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ ലഭിക്കുന്നവര്‍ കുറ്റ കൃത്യങ്ങളില്‍ ഏര്‍പെട്ടതായി രേഖകളില്‍ ഉണ്ടെന്നും അവ നീക്കം ചെയ്യുന്നതിന് പണം ആവശ്യപ്പെടുന്നതാണ് സംഭാഷണ രീതി.
അതേസമയം, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഒരുക്കുന്ന ബി എല്‍ എസ് കേന്ദ്രങ്ങള്‍ ഇത്തരത്തിലുള്ള വിശദാംശങ്ങളുടെ ചോര്‍ച്ച നടക്കാന്‍ ഇടയില്ലെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ അനുമതി ഇല്ലാതെ ഇത്തരം വിശദാംശങ്ങള്‍ കൈമാറ്റം ചെയ്യാന്‍ കഴിയില്ലെന്നും ഇതിനായി ഉന്നതമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള വ്യാജ കോളുകളുടെ നിരവധി പരാതികളാണ് കോണ്‍സുലേറ്റില്‍ ലഭിക്കുന്നത്. ഇന്ത്യന്‍ അതോറിറ്റികളോ യു എ ഇ ഇമിഗ്രേഷന്‍ അധികൃതരോ നേരിട്ട് യു എ ഇയിലെ ഇന്ത്യന്‍ താമസക്കാരെ ഫോണിലൂടെ ബന്ധപെടുകയില്ല. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും മറ്റുള്ളവക്കും അതാത് ഏജന്‍സികള്‍ വഴിയോ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ഇമെയില്‍ സന്ദേശങ്ങളായോ മറ്റ് രീതികളോ ആണ് അവലംബിക്കുക. അതിനാല്‍ ഇത്തരം വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ക്ക് വ്യക്തിഗത വിശദാംശങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍, കമ്മ്യൂണിറ്റി അഫയേഴ്സ് ആന്‍ഡ് വെല്‍ഫെയര്‍ കോണ്‍സുല്‍ പ്രേം ചന്ദ് വ്യക്തമാക്കി. മെഗാ റാഫിള്‍ മത്സരങ്ങള്‍ക്കും സൗജന്യ ഓഫാറുകള്‍ക്കും രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here