കുടിയേറ്റക്കാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ട്രംപ്

Posted on: January 13, 2018 9:46 am | Last updated: January 13, 2018 at 12:58 pm
SHARE

വാഷിംഗ്ടണ്‍: കുടിയേറ്റക്കാര്‍ക്കെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹൈത്തിക്കും സാല്‍വദോറിനും എതിരെ നടത്തിയ പരാമര്‍ശം കടുത്തുപോയെങ്കിലും മോശം ഭാഷ ഉപയോഗിച്ചിട്ടില്ലെന്നാണ് ട്രംപിന്റെ വിശദീകരണം.

അസഭ്യം കലര്‍ന്ന ഭാഷയിലാണ് ട്രംപ് കുടിയേറ്റക്കാരെ കുറിച്ച് വിശേഷിപ്പിച്ചത്. ‘വൃത്തികെട്ട’ രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്ക എന്തിന് സ്വീകരിക്കണമെന്ന് ട്രംപ് ആരാഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റ നയവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ ജനപ്രതിനിധികളോടാണ് ട്രംപ് ഇക്കാര്യം ചോദിച്ചത്. ഹൈതി, എല്‍ സാല്‍വഡോര്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്ക എന്തിന് സ്വീകരിക്കണമെന്ന് ചോദിച്ച് കോണ്‍ഗ്രസിലെയും സെനറ്റിലെയും അംഗങ്ങളുടെ യോഗത്തില്‍ ട്രംപ് പൊട്ടിത്തെറിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒവല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വിവാദ പരാമര്‍ശം. ഷിറ്റ് ഹോള്‍ എന്ന പ്രയോഗമാണ് ട്രംപ് നടത്തിയതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.ട്രംപിന്റെ പരാമര്‍ശത്തെ അപലപിച്ച് യുഎന്നും രംഗത്തെത്തി.

കറുത്ത വര്‍ഗക്കാരോടും കുടിയേറ്റക്കാരോടും വിവേചനത്തോടെയുള്ള നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കെയാണ് യു എസ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന. അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരുടെ വരവ് വെട്ടിക്കുറക്കാനായി പുതിയ നടപടികള്‍ സ്വീകരിച്ചുവരികയാണ് ട്രംപ് ഭരണകൂടം. മെക്‌സിക്കോയടക്കമുള്ള അയല്‍രാജ്യങ്ങളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയവരെ പുറത്താക്കാനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തുന്നുണ്ട്.
ദരിദ്ര, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ആക്ഷേപിച്ചാണ് ട്രംപ് പ്രസ്താവന നടത്തിയത്. നോര്‍വെ പോലുള്ള രാജ്യങ്ങളിലുള്ളവരെ സ്വീകരിക്കുന്നതിന് പകരം ഹെയ്ത്തിയന്മാരെ എന്തിന് രാജ്യത്തേക്ക് കൊണ്ടുവരണമെന്ന് ട്രംപ് ചോദിച്ചതായി യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന്റെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ മാധ്യമങ്ങളുമായി സംസാരിച്ച വൈറ്റ് ഹൗസ് വക്താവ് ഇന്ത്യന്‍ വംശജനായ രാജ് ഷാ വാര്‍ത്ത നിഷേധിച്ചില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here