Connect with us

Ongoing News

കാത്തിരിക്കുന്നത് തീപാറും പന്തുകള്‍; രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം

Published

|

Last Updated

സെഞ്ചൂറിയന്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര ജയം ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ മത്സരത്തില്‍ ജയിക്കേണ്ടത് അനിവാര്യമാണ്. കേപ്ടൗണില്‍ നടന്ന ആദ്യ മത്സരത്തില്‍ 72 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. 208 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് 130 റണ്‍സിലൊതുക്കുകയായിരുന്നു.

രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്ന ബാറ്റ്‌സ്മാന്മാരുടെ കാര്യത്തിലാണ് ഇന്ത്യക്ക് ആശങ്ക. ബാറ്റിംഗ് കരുത്ത് വര്‍ധിപ്പിക്കാന്‍ ഒരു ബാറ്റ്‌സ്മാനെക്കൂടി അധികം ടീമില്‍ ുള്‍പ്പെടുത്തിയാകും ഇന്ത്യ ഇറങ്ങുക. അങ്ങനെയെങ്കില്‍ വിദേശ മണ്ണില്‍ മികച്ച റെക്കോര്‍ഡുള്ള രഹാനെക്കാകും നറുക്ക് വീഴുക. ഒരു ബാറ്റ്‌സ്മാനെ കൂടി ഉള്‍പ്പെടുത്തിയാല്‍ ആരെ പുറത്തിരുത്തുമെന്നത് ടീമിന് തലവേദനയാകുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ആള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കുമെന്നുറപ്പാണ്. എന്നാല്‍, സ്പിന്നറായ ആര്‍ അശ്വിനെ പുറത്തിരുത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.
പേസ് ബൗളര്‍മാരുടെ പ്രകടനം ഇന്ത്യക്ക് സംതൃപ്തി നല്‍കുന്നതാണ്. ഭുവനേശ്വര്‍ കുമാറും ബുംറയും ഷാമിയും മികച്ച പ്രകടനാണ് കാഴ്ചവെക്കുന്നത്. ഇവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയും ചേരുമ്പോള്‍ ബൗളിംഗ് ഡിപ്പാര്‍ട്‌മെന്റിന്റെ കരുത്ത് കൂട്ടുന്നു.

അതേസമയം, ഓപണര്‍ ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്താനും ഇടയുണ്ട്. രാഹുല്‍, രഹാനെ എന്നിവരെ തഴഞ്ഞ് ധവാനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ധവാനേക്കാള്‍ സാങ്കേതികത്തികവ് കൂടുതലുള്ള ബാറ്റ്‌സമാനാണ് രാഹുല്‍. ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തെ ചെറുക്കാന്‍ രാഹുലിന് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക. പരുക്കേറ്റ പേസ് ബൗളര്‍ സ്റ്റെയ്‌ന് പകരം ക്രിസ് മോറിസോ, ലുന്‍ഗി ഗിഡിയോയോ ടീമില്‍ ഇടം നേടും. നാല് പേസര്‍മാരുമായി “കേപ്ടൗണ്‍” ആവര്‍ത്തിക്കാനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുക.
കേപ്ടൗണിലെ സമാനസാഹചര്യമാണ് സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കിലും. പേസര്‍മാര്‍ക്ക് മികച്ച ബൗണ്‍സും സ്വിംഗും ലഭിക്കുന്ന പിച്ചാണ് ഇവിടുത്തേത്. ഇവിടെ നടന്ന 22 ടെസ്റ്റുകളില്‍ 17 എണ്ണത്തിലും ദക്ഷിണാഫ്രിക്ക വിജയം കണ്ടു. 77 ആണ് വിജയശതമാനം. രണ്ട് തവണ മാത്രമാണ് ആതിഥേയര്‍ പരാജയപ്പെട്ടിട്ടുള്ളൂ. 2000ത്തില്‍ ഇംഗ്ലണ്ടിനെതിരെയും 2014ല്‍ ആസ്‌ത്രേലിയക്കെതിരെയും. ഒരു ടെസ്റ്റ് മാത്രമാണ് ഇന്ത്യ ഇവിടെ കളിച്ചത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 50ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച ആ മത്സരത്തില്‍ ഇന്നിംഗ്‌സിനും 25 റണ്‍സിനും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

സാധ്യതാ ടീം: ഇന്ത്യ: ധവാന്‍, വിജയ്, പൂജാര, കോഹ്‌ലി, രോഹിത്, അശ്വിന്‍, പാണ്ഡ്യ, സാഹ, ഭുവനേശ്വര്‍, ഷാമി, ബുംറ.
ദക്ഷിണാഫ്രിക്ക: എല്‍ഗാര്‍, മാക്രം, അംല, ഡിവില്ലിയേഴ്‌സ്, ഡുപ്ലെസിസ്, ഡി കോക്ക്, ഫിന്‍ലാന്‍ഡര്‍, മോറിസ്, മഹാരാ്ജ്, റബാഡ, മോണെ മോര്‍ക്കല്‍.