പ്രതിഷേധിച്ച ജഡ്ജിമാരോട് വിയോജിച്ച് ബാര്‍ അസോസിയേഷന്‍

Posted on: January 13, 2018 8:53 am | Last updated: January 13, 2018 at 11:56 am
SHARE

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തെത്തിയ
ജഡ്ജിമാരുടെ നടപടിയോട് വിയോജിച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍. വാര്‍ത്താ സമ്മേളനം നടത്തിയ സുപ്രീം കോടതി ജഡ്ജിമാര്‍ കൃത്യമായി കാര്യങ്ങള്‍ അറിയിക്കേണ്ടിയിരുന്നുവെന്നും ജനങ്ങള്‍ക്കിടയില്‍ സംശയം വിതച്ചത് ശരിയല്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് പറഞ്ഞു. ഇത് ജുഡീഷ്യറിയുടെ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രശ്‌നത്തില്‍ സമവായമുണ്ടാക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ തുടരുകയാണ്.
പ്രതിസന്ധിക്ക് ഇന്ന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ പ്രതീക്ഷ. പ്രശ്‌നത്തിന് എത്രയും വേഗത്തില്‍ പരിഹാരം കാണാനാണ് നീക്കം. പ്രശ്‌നങ്ങള്‍ നീതിന്യായ വ്യവസ്ഥക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.

ഇന്നലെയാണ് സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ശരിയായവിധത്തിലല്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയത്. ചരിത്രത്തിലാദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങളുമായി നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുറച്ചു കാലമായി ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ജെ ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാര്‍ പറഞ്ഞു. ജസ്റ്റിസ് ചെലമേശ്വറിന് പുറമെ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ചാണ് ജസ്റ്റിസുമാര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. ചീഫ് ജസ്റ്റിസിന് നല്‍കിയ തീയതി വെക്കാത്ത കത്തും പുറത്തുവിട്ടിട്ടുണ്ട്.
കുറച്ചുകാലമായി ജഡ്ജിമാര്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരുന്ന അതൃപ്തിയാണ് ഇന്നലെ പരസ്യമായി പുറത്തുവന്നത്. രാവിലെ പതിനൊന്നോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ജസ്റ്റിസ് ചെലമേശ്വര്‍ തുഗ്ലക് റോഡിലെ വസതിയിലേക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെ മുതിര്‍ന്ന ജഡ്ജിമാരും കൊളീജിയം അംഗങ്ങളുമായ കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍, രഞ്ജന്‍ ഗോഗോയ് എന്നിവരും ചേംബറിലേക്ക് മടങ്ങി. ഉച്ചയോടെ മൂവരും ചെലമേശ്വറിന്റെ വസതിയിലെത്തിയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

അസാധാരണ സംഭവം
ഇപ്പോള്‍ നടക്കുന്നത് അസാധാരണമായ സംഭവമാണെന്ന് സമ്മതിച്ചുകൊണ്ടായിരുന്നു വാര്‍ത്താ സമ്മേളനം. ജുഡീഷ്യറിയെ സംരക്ഷിച്ചില്ലെങ്കില്‍ ജനാധിപത്യം രാജ്യത്ത് അതിജീവിക്കുകയില്ലെന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു. സുപ്രീം കോടതിയുടെ ഭരണ സംവിധാനം ക്രമത്തിലല്ല. നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ടു. വിവരങ്ങള്‍ വിശദീകരിച്ചുകൊണ്ട് രണ്ട് മാസം മുമ്പ് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇന്നലെ രാവിലെയും ചര്‍ച്ച നടന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോയെന്നത് രാജ്യം തീരുമാനിക്കട്ടെയെന്നും ചെലമേശ്വര്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനങ്ങളിലുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് മാധ്യമങ്ങളിലൂടെ തുറന്നു പറയുന്നത്. രാജ്യം ഉറ്റുനോക്കുന്ന ബാബരി മസ്ജിദ് കേസുള്‍പ്പെടെ ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കാനിരിക്കുന്ന നിര്‍ണായക കേസുകളുടെ ഭാവിയും ഇതോടൊപ്പം ചോദ്യം ചെയ്യപ്പെടുകയാണ്.

ലോയ കേസ്
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ട ബി എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പ്രത്യേക അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട ഹരജി മുതിര്‍ന്ന ജഡ്ജിമാരുടെ ബഞ്ചിന് വിടാതെ ജൂനിയര്‍ ജഡ്ജും മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് അനഭിമതനുമായ അരുണ്‍ മിശ്ര അധ്യക്ഷനായ പത്താം നമ്പര്‍ കോടതിക്കു വിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ജസ്റ്റിസ് ഗോഗോയ് വെളിപ്പെടുത്തി.
ഇതുള്‍പ്പെടെ ഭരണഘടനാ ബഞ്ച് രൂപവത്കരിക്കുമ്പോള്‍ പോലും മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ജൂനിയര്‍ ജഡ്ജിമാരെ ഉള്‍പ്പെടുത്തുന്നതിലും ഇവര്‍ക്ക് പരാതിയുണ്ട്. ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്ന പല കേസുകളിലും ബാഹ്യ ഇടപെടല്‍ നടക്കുന്നുവെന്ന സൂചനയാണ് ജസ്റ്റിസുമാര്‍ പങ്കുവെച്ചത്.

കത്ത് പുറത്ത്
വാര്‍ത്താ സമ്മേളനത്തിനു ശേഷം ചീഫ് ജസ്റ്റിസിന് നല്‍കിയ ഏഴ് പേജ് വരുന്ന കത്തും ജസ്റ്റിസുമാര്‍ പുറത്തുവിട്ടു. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന കേസുകള്‍ ജൂനിയര്‍ ജഡ്ജിമാര്‍ക്ക് നല്‍കുന്നതിലുള്ള പരാതിയും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ കൊളീജിയം എടുത്ത നടപടികള്‍ ലംഘിക്കുന്നുവെന്നുമാണ് കത്തിലെ പ്രധാന ആരോപണം. കേസുകള്‍ കൈമാറുന്നതില്‍ ചീഫ് ജസ്റ്റിസ് നടപടിക്രമങ്ങള്‍ പാലിക്കാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
ഓരോ കേസുകളും എങ്ങനെ ആര്‍ക്ക് കൈമാറണമെന്നത് സംബന്ധിച്ചു കൃത്യമായ വ്യവസ്ഥയുണ്ടെന്നും സ്വന്തം താത്പര്യം അനുസരിച്ച് കേസുകള്‍ കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നും കത്തില്‍ പറയുന്നു. കോടതിയുടെ നടപടികള്‍ ഏകീകരിക്കുന്നതില്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ട് എന്നാല്‍, ഇത് പരമാധികാരമല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ജഡ്ജിമാരുടെ പ്രതിഷേധവും വിയോജിപ്പും പരസ്യമായി പ്രകടിപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി. നിയമ മന്ത്രിയോട് പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം സാധാരണ കോടതി നടപടികളില്‍ വ്യാപൃതനായി.