ഏറെ ഉത്കണ്ഠകളോടെ, ഏറെ ഗൗരവത്തോടെ

സുപ്രീം കോടതിയിലെ മുതിര്‍ന്ന ന്യായാധിപന്മാര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പൂര്‍ണരൂപം  
Posted on: January 13, 2018 6:54 am | Last updated: January 12, 2018 at 11:57 pm

പ്രിയപ്പെട്ട ചീഫ് ജസ്റ്റിസിന്,
തീവ്രമായ മാനസിക വേദനയില്‍ നിന്നാണ് ഈ കത്തെഴുതുന്നത്. ഏറെ ഉത്കണ്ഠകളോടെ, അതേസമയം ഗൗരവത്തോടെ തയ്യാറാക്കിയ ഈ കത്ത് കൃത്യമായി താങ്കള്‍ക്ക് എത്തണമെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ്, ഈ കോടതി തന്നെ പുറപ്പെടുവിച്ച ചില സുപ്രധാന വിധിന്യായങ്ങള്‍ ഇതില്‍ പരാമര്‍ശിക്കുന്നത്. നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ, ഹൈക്കോടതികളുടെ സ്വാതന്ത്ര്യം, ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഓഫീസിന്റെ സുഗമമായ പ്രവര്‍ത്തനം എന്നിവയെ ഹാനികരമായി ബാധിക്കുന്ന വിധിപ്രസ്താവങ്ങളാണ് അവ.

കൊല്‍ക്കത്ത, ബോംബെ, മദ്രാസ് എന്നീ ഹൈക്കോടതികള്‍ സ്ഥാപിച്ച തീയതി മുതല്‍ ചില പരമ്പരാഗത രീതികളും ചിട്ടകളും ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ സ്ഥിരപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ആ പാരമ്പര്യ രീതികള്‍ ഈ കോടതിയില്‍ നടപ്പായത് മുകളില്‍ പരാമര്‍ശിച്ച ഹൈക്കോടതികള്‍ നിലവില്‍ വന്നതിനും ഒരു നൂറ്റാണ്ടിന് ശേഷമാണ്. ഈ പാരമ്പര്യത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് ആഗ്ലോ- സാക്‌സണ്‍ നിയമ വ്യവസ്ഥയിലും പ്രാക്ടീസിലുമാണ്.

സുപ്രീം കോടതിയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടതും സമയക്രമ പട്ടിക തീരുമാനിക്കേണ്ടതുമെല്ലാം ഈ കോടതിയുടെ മാസ്റ്റര്‍ ആയ ചീഫ് ജസ്റ്റിസ് ആണ് എന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ പ്രശസ്തമായ തത്വമാണ്. ഓരോ സമയത്തും കോടതി നടത്തിപ്പിന്റെ സൗകര്യത്തിനും കാര്യക്ഷമതക്കും വേണ്ടി ഒന്നിലധികം കോടതികളിലേക്കും ബഞ്ചുകളിലേക്കും നീങ്ങാനുള്ള തീരുമാനമെടുക്കാനും ഏത് കേസ് ഏത് മെമ്പര്‍/ബഞ്ച് അഭിമുഖീകരിക്കണമെന്ന് നിശ്ചയിക്കാനുമുള്ള അധികാരവും ചീഫ് ജസ്റ്റിസിന് തന്നെ. ഇങ്ങനെ കേസുകളുടെയും കോടതി നടപടികളുടെയും വിവര- സമയ പട്ടിക തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം കാര്യക്ഷമമായ നീതിന്യായം നടപ്പാക്കുക എന്നത് മാത്രമാണ്. അല്ലാതെ, നിയമപരമായി തന്റെ സഹപ്രവര്‍ത്തകരായ ജഡ്ജിമാരുടെ മുകളിലിരുന്ന്, മേലധികാരി എന്ന നിലയിലുള്ള അധാകാരമല്ല അത്. ഈ രാജ്യത്തിന്റെ പരമോന്നത നീതിവ്യവസ്ഥ ചീഫ് ജസ്റ്റിസിനെ കാണുന്നത് സുപ്രീം കോടതി ജഡ്ജിമാരില്‍ ഒന്നാമന്‍ എന്ന നിലയിലാണ്. ഒരേ അധികാര പരിധിയുള്ള ജഡ്ജിമാരില്‍ ഒരാള്‍. ഇക്കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഒന്നും തന്നെയില്ല. പ്രത്യേക കേസുകള്‍ ഏറ്റെടുക്കാന്‍ ആവശ്യമായ മെമ്പര്‍മാരുടെ ലഭ്യതയനുസരിച്ച് ചീഫ് ജസ്റ്റിസ് സമയക്രമം തീരുമാനിക്കുക എന്ന പരമ്പരാഗത രീതി പ്രശസ്തമാണല്ലോ. കോടതി നടപടികളുടെ സമയക്രമത്തില്‍ ഇങ്ങനെയല്ലാതെ മാറ്റം വരുന്നത്, നിര്‍ദിഷ്ട ജഡ്ജിമാരില്‍ നിന്നോ ബെഞ്ചില്‍ നിന്നോ ആരെങ്കിലും സന്നദ്ധരല്ല എന്ന് അറിയിക്കുമ്പോള്‍ മാത്രമാണ്. വേണ്ടത്ര അംഗങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ മാത്രമാണ് അതിനനുസരിച്ചുള്ള സമയമാറ്റം ഉണ്ടാകുന്നത്.

ഈ പരമ്പരാഗത നിയമങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് പരമോന്നത നീതിപീഠത്തെ സംശയത്തിന്റെ നിഴലിലാക്കും എന്നതില്‍ സംശയമില്ല. അത്തരം നീക്കങ്ങള്‍ ഭരണഘടനയുടെ സമഗ്രതയെയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന അനന്തരഫലങ്ങള്‍ വളരെ വലുതാണ്. മുകളില്‍ പരാമര്‍ശിച്ച നിയമങ്ങള്‍ സുപ്രീം കോടതി ലംഘിച്ചു എന്ന് പറയുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ വിഷമമുണ്ട്. നമ്മുടെ രാജ്യത്തിനകത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ചില ഉദാഹരണങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ട്. ആ വിധിന്യായങ്ങള്‍ക്ക് കാരണമായ കേസുകളുടെ സമയക്രമം ഒരു കാരണവുമില്ലാതെ മാറ്റുകയും പ്രസ്തുത കേസുകള്‍ കൈകാര്യം ചെയ്യേണ്ടിയിരുന്ന ജഡ്ജിമാരെ/ബഞ്ചിനെ ചില പ്രത്യേക താത്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റുകയും ചെയ്ത ചീഫ് ജസ്റ്റിസിന്റെ നടപടി തീര്‍ത്തും അപലപനീയമാണ്. ഈ കേസുകളുടെ മുഴുവന്‍ വിശദാംശങ്ങളും ഇവിടെ ചേര്‍ക്കാത്തത് നീതിന്യായ സ്ഥാപനത്തിന്റെ നിലവാരവും ബഹുമാനവും പരിഗണിച്ചതുകൊണ്ടാണ്. പരമ്പരാഗത നിയമങ്ങള്‍ ലംഘിച്ചതിലൂടെ തന്നെ ഏറെക്കുറെ കോടതിയുടെ വിശ്വാസ്യതയെ ബാധിച്ച ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

2017 ഓക്‌ടോബര്‍ 27ന് വിധി വന്ന ആര്‍ പി ലുധ്‌റ- കേന്ദ്ര സര്‍ക്കാര്‍ കേസ് അകാരണമായി താമസിപ്പിച്ചത് ഇവിടെ പരാമര്‍ശിക്കുന്നത് ജനസാമാന്യത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്താണ്. ഈ കേസില്‍ അകാരണമായി ജഡ്ജിമാരെ മാറ്റിയതിന്റെ കാരണം ഇതുവരെ ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. 2016ലെ സുപ്രീം കോര്‍ട്ട് അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍- കേന്ദ്ര സര്‍ക്കാര്‍ കേസില്‍ പോലും ഇത്തരമൊരു നീക്കം ഉണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെട്ട ഈ കേസില്‍ താങ്കള്‍ ഉള്‍പ്പെടെ അഞ്ച് ന്യായാധിപരാണ് വിധി കൈകാര്യം ചെയ്യേണ്ടിയിരുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ 2017 മാര്‍ച്ചില്‍ അന്നത്തെ ചീഫ് ജസ്റ്റിസിന് അയച്ചതുമാണ്. ഇതിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചില്ല എന്ന് മാത്രമല്ല, കുറ്റകരമായ മൗനം പാലിക്കുകയും ചെയ്തു. 2017 ജൂലൈ നാലിന് ഏഴ് ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ച് ഈ കേസില്‍ ഒരു തീരുമാനമുണ്ടാകണമെന്ന് നിരീക്ഷിച്ചു. (ജസ്റ്റിസ് സി എസ് കര്‍ണന്‍ 2017 സെഷന്‍ ഒന്ന് റഫര്‍ ചെയ്തത്) ഇക്കാര്യം കണക്കിലെടുത്ത് ആര്‍ പി ലുധ്‌റ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാതെ പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് ഞങ്ങളില്‍ രണ്ട് പേര്‍ വിധിക്കുകയും ചെയ്തിരുന്നു. അതേസമയം, ഈ മെമ്മോറാണ്ടം വിദ്യാസമ്പന്നരായ ജഡ്ജിമാര്‍ കാര്യമായി പരിഗണിച്ചില്ല.

ഇതുമായി ബന്ധപ്പെട്ട ഏതൊരു കാര്യവും മുഴുവന്‍ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ കോടതിയില്‍ തന്നെ വിശദീകരിക്കേണ്ടതുണ്ട്. ഇക്കാര്യം ഭരണഘടനാ ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ തന്നെ മുന്നോട്ട് പോവേണ്ടതുണ്ട്. ഈ കേസ് ഇനിയും ഗൗരവത്തിലെടുക്കാതെ വിട്ടാല്‍ നീതിന്യായ സ്ഥാപനങ്ങള്‍ കൂടുതല്‍ സംശയത്തിന്റെ നിഴലിലാകും. നിലവില്‍ അംഗങ്ങളായ ന്യായാധിപരുമായി കൂടിയാലോചിക്കുകയും കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങുകയും വേണം.

ആര്‍ പി ലുധ്‌റ- കേന്ദ്ര സര്‍ക്കാര്‍ കേസിലേക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കുകയും അനുബന്ധ നടപടിക്രമങ്ങള്‍ താങ്കള്‍ തന്നെ നയിക്കുകയും ചെയ്താല്‍ വളരെ നന്നാകും.
ജസ്റ്റിസ് ചലമേശ്വര്‍
ജസ്റ്റിസ് രാജന്‍ ഗൊഗോയി,
മദന്‍ ബി കോകര്‍
കുര്യന്‍ ജോസഫ്