സുപ്രീം കോടതിയിലെ പൊട്ടിത്തെറി

Posted on: January 13, 2018 6:48 am | Last updated: January 12, 2018 at 11:50 pm
SHARE

രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ അസാധാരണ സംഭവമാണ് ഇന്നലെ സുപ്രീം കോടതിയില്‍ കണ്ടത്. നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിെവച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വാര്‍ത്താ സമ്മേളനം വിളിച്ചു പ്രതിഷേധിച്ചത് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നു. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന കേസുകളില്‍ ചീഫ്ജസ്റ്റിസ് പക്ഷപാതം കാണിക്കുന്നു, ഇഷ്ടമുള്ള ബഞ്ചിന് കേസുകള്‍ കൈമാറുന്നു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസ് ജെ ചെല്ലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബിലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ഉന്നയിച്ചത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സുപ്രീം കോടതിയില്‍ നടക്കുന്നത്. കാര്യങ്ങള്‍ ഈ നിലയില്‍ തന്നെ മുന്നോട്ട് പോയാല്‍ ജനാധിപത്യം തകരുമെന്നും തങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്ന് പിന്നീട് പറയാന്‍ ഇടവരാതിരിക്കാനാണ് കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നുമുള്ള ആമുഖത്തോടെയാണ് ചീഫ് ജസ്റ്റിസിന്റെ അനഭിലഷണീയമായ നിലപാടുകള്‍ അവര്‍ തുറന്നു കാട്ടിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യേണ്ടതുണ്ടോയെന്ന കാര്യം രാജ്യം തീരുമാനിക്കട്ടേയെന്നും വാര്‍ത്താ സമ്മേളനത്തിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു വെച്ചു.

ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തുവന്ന നാല് ജഡ്ജിമാരും സുപ്രീം കോടതി കൊളീജിയം അംഗങ്ങളാണെന്നതും ഗുജറാത്തിലെ സുഹ്‌റാബുദ്ദീന്‍ ശേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് മുഖ്യമായും അവരുടെ ആരോപണമെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ തുടങ്ങിയവര്‍ പ്രതികളായിരുന്ന കേസാണ് സൊറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്. കേസില്‍ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം. അമിത് ഷാക്ക് അനുകൂലമായി വിധിപറയാന്‍ 100 കോടി ലോയക്ക് വാഗ്ദാനം ചെയ്തിരുന്നെന്ന് ലോയയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നതുമാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി രേഖകളെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളും അഭിഭാഷകരും രംഗത്ത് വന്നിരുന്നു.

ജഡ്ജിമാര്‍ കോടതി ബഹിഷ്‌കരിച്ചു വാര്‍ത്താസമ്മേളനം നടത്തിയ സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നെന്നും കോടതികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുളവാക്കാന്‍ ഇത് ഇടയാക്കുമെന്നും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍പ്രതികരിച്ചു കണ്ടു. എന്നാല്‍ ഈയിടെയായി കോടതികളില്‍ നിന്ന് വരുന്ന പല വിധികളും കോടതികളിലുള്ള വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നത് ജസ്റ്റിസ് ബാലകൃഷ്ണന് അറിയാത്തതാണോ? ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുക, ഭരണകൂടത്തിന്റെയോ അധികാരത്തിന്റെ ഉന്നതങ്ങളിലുള്ളവരുടെയോ താത്പര്യങ്ങള്‍ക്ക് വിഘാതമാകുന്ന തരത്തില്‍ വിധികള്‍ പുറപ്പെടുവിക്കാതിരിക്കുക തുടങ്ങിയ തെറ്റായ പ്രവണതകള്‍ നീതിന്യായ മേഖലയില്‍ പ്രകടമാകുന്നതായി പല ഭാഗത്ത് നിന്നും പരാതി ഉയരുന്നുണ്ട്. ലഖ്‌നോവിലെ മെഡിക്കല്‍ കോഴക്കേസ്, വിവാദമായ ജസ്റ്റിസ് ലോയുടെ മരണം തുടങ്ങിയ പ്രമാദമായ കേസുകള്‍ പരിചയ സമ്പന്നരായ സീനിയര്‍ ജഡ്ജിമാരെ അവഗണിച്ചു ജൂനിയറായ ജഡ്ജിമാരുടെ ബഞ്ചുകള്‍ക്ക് നല്‍കിയതും ശരിയായ പ്രവണതയല്ല. കക്ഷികളുടെ നിലയും വിലയുമനുസരിച്ച് ചിലപ്പോള്‍ കോടതി വിധികള്‍ വരുന്നതായും വിമര്‍ശമുണ്ട്. പക്ഷപാതപരമായ മാധ്യമ വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തി അഭിപ്രായ പ്രകടനവും വിധിപ്രസ്താവങ്ങളും നടത്തുന്ന പ്രവണതയും ജുഡീഷ്യറിയില്‍ കണ്ടുവരുന്നു. വെളിയില്‍ പറഞ്ഞതുകൊണ്ടല്ല, മറിച്ച് കോടതിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളാണ് ന്യായാസനത്തോട് അവമതിപ്പുണ്ടാകാന്‍ കാരണം.

ഏതായാലും സീനിയര്‍ ജഡ്ജിമാരുടെ പരസ്യ പ്രതിഷേധം ഫലം കണ്ടുവെന്ന് ജസ്റ്റിസ് ലോയ കേസിലെ ഇന്നലത്തെ വിധി പ്രസ്താവം വ്യക്തമാക്കുന്നുണ്ട്. ലോയയുടെ ദുരൂഹ മരണം ഗൗരവമായെടുത്ത് കോടതി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി മഹാരാഷ്ട്ര സര്‍ക്കാറിന് നോട്ടീസ് അയച്ചതും ജനുവരി പതിനഞ്ചിനകം എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശിച്ചതും സീനിയര്‍ ജഡ്ജിമാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംഭവിക്കേണ്ടത് സംഭവിച്ചു. ഇനിയും ഇത്തരം ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ നടക്കാതിരിക്കാന്‍ കോടതിയും സര്‍ക്കാറും അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. മുതിര്‍ന്ന ജഡ്ജിമാരുടെ വികാരങ്ങളോട് ചീഫ് ജസ്റ്റിസ് ക്രിയാത്മകമായും ആരോഗ്യകരമായും പ്രതികരിക്കുകയും കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍ പറത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്. കോടതികളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ അതിന്റെ നടപടികളില്‍ ഇടപെടാതിരിക്കാനും ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കാതെ അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് അവസരം നല്‍കാനും സര്‍ക്കാറിനും ബാധ്യതയുണ്ട്. ബാഹ്യമായ സ്വാധീനങ്ങളില്‍ നിന്ന് മുക്തവും പക്ഷപാതരഹിതവുമായ ന്യയാധിപന്മാരും നീതിന്യായ വ്യവസ്ഥയുമാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും കോടതികളുടെയും ജഡ്ജിമാരുടെയും വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാനും ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here