കളരിപ്പയറ്റില്‍ കൊച്ചു ഉണ്ണിയാര്‍ച്ചയായി അനൈഗ

Posted on: January 12, 2018 11:36 pm | Last updated: January 12, 2018 at 11:36 pm

വടക്കഞ്ചേരി : തിരുവന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളരിത്തട്ടില്‍ ചടുലമായ ചുവടുകള്‍ കൊണ്ട് കൊച്ചു ഉണ്ണിയാര്‍ച്ചയായി പാലക്കാടിന്റെ താരം അനൈഗ കാണികളുടെ ആവേശമായി. വേഗമേറിയ ഓരോ ചുവടിലും താളത്തിലും പുലര്‍ത്തിയ കൃത്യത ഈ കൊച്ചു മിടുക്കിയെ ചാമ്പ്യന്‍ഷിപ്പിലെ താരമാക്കി.

അണ്ടര്‍ 14 വിഭാഗത്തില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായ അനൈഗ സംസ്ഥാന തലത്തില്‍ മത്സരിക്കുന്ന ആദ്യത്തെ പ്രായം കുറഞ്ഞ മത്സരാര്‍ഥി കൂടിയാണ്. 59മത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തില്‍ ചുവടുകളില്‍ തെക്കന്‍ സമ്പ്രദായം വ്യക്തിഗത വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് അനൈഗ കളരിപ്പയറ്റ് സംസ്ഥാനതല ചാംപ്യന്‍ ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയത്.സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഈ വിഭാഗത്തില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി കൂടി അനൈഗ സ്വന്തമാക്കി.

സമ്മാനദാന ചടങ്ങില്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പൂന്തുറ സോമന്‍ ഗുരുക്കള്‍അനൈഗയെ പൊന്നാട അണിയിച്ചു പ്രത്യേകം അനുമോദിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടിക്കാറാം മീണ സമ്മാന വിതരണം നടത്തി.

കായിക യുവജന കാര്യ ഡയറക്ടര്‍ സഞ്ജയ്കുമാര്‍ ഗുരുക്കന്‍ മാരെ ആദരിച്ചു. കാണിക്കമാത സ്‌കൂളിലെ യു കെ ജി വിദ്യാര്‍ഥിനിയാണ് അനൈഗ. മൂന്നാം വയസ്സില്‍ സഹോദരന്‍ ഗൗതമിനൊപ്പമാണ് കളരിപ്പയറ്റ് പഠിച്ചു തുടങ്ങിയത്. ടി ഐ കളരിയിലെ ഡോ. ഫിറോസ് ഗുരുക്കളിന്റെ കീഴില്‍ ജനമൈത്രീ പോലീസിന്റെ പദ്ധതിയുടെ കീഴിലാണ് കളരി അഭ്യസിച്ചത്. പിരായിരി ഉപാസന നഗര്‍ ദീപ്തത്തില്‍ പ്രദീപ് കുമാറിന്റെയും വിനീത യുടെയും മകളാണ്.