Connect with us

National

സംഘ്പരിവാര്‍ ഭീഷണി: വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ സന്തോഷ് പൂജാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിക്മംഗളൂരുവില്‍ ബികോം വിദ്യാര്‍ഥിനിയായ ധന്യശ്രീ ആത്മഹത്യ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ, ഇതേ കേസില്‍ യുവമോര്‍ച്ചാ നേതാവ് എം വി അനില്‍ അറസ്റ്റിലായിരുന്നു.
ഒരു വാട്‌സാപ്പ് സന്ദേശത്തില്‍ ധന്യശ്രീ മുസ്‌ലിംകളെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ ധന്യശ്രീക്കെതിരെ നിരന്തരം ഭീഷണിയും അവഹേളനവും ആരംഭിച്ചു.

അറസ്റ്റിലായ സന്തോഷ് വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചിരുന്നു. മകള്‍ എന്തിനാണ് തലയില്‍ തട്ടമിട്ടിരിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നതെന്ന് ചോദിച്ചാണ് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ വ്യാജ സന്ദേശം ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുകയും ചെയ്തു.

മകളെ നിയന്ത്രിക്കാനും ഇല്ലെങ്കില്‍ അനന്തരഫലം നേരിടാന്‍ തയ്യാറായിക്കൊള്ളാനും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും, തൊട്ടടുത്ത ദിവസം ഒരു സംഘം ആളുകള്‍ വീട്ടില്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്നും ധന്യശ്രീയുടെ മാതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ജനുവരി ആറിനാണ് ധന്യശ്രീയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഘ്പരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ച കുപ്രചാരണത്തില്‍ മനം നൊന്താണ് ധന്യശ്രീ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം എസ് എഫ് ഐ വനിതാ നേതാവിനെതിരെയും സമാനാമായ കുപ്രചാരണം സംഘ്പരിവാര്‍ അഴിച്ചു വിട്ടിരുന്നു. എന്നാല്‍ വനിതാ നേതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ പോലീസ് നടപടി എടുത്തിരുന്നു.

 

 

Latest