ലക്ഷദ്വീപ്, പോണ്ടിച്ചേരി ഉള്‍പ്പടെ 12 സംസ്ഥാനങ്ങളില്‍ മുഴുവന്‍ പേര്‍ക്കും ഹജ്ജിനവസരം

Posted on: January 12, 2018 11:25 pm | Last updated: January 12, 2018 at 11:25 pm
SHARE

കൊണ്ടോട്ടി: കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ്, പോണ്ടിച്ചേരി ഉള്‍പ്പടെ 12 സംസ്ഥാനങ്ങളിലെ മുഴുവന്‍ അപേക്ഷകര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സഊദി സര്‍ക്കാര്‍ ഉയര്‍ത്തിയതും വിവിധ സംസ്ഥാനങ്ങളിലെ അപേക്ഷകരുടെ എണ്ണവും ക്വാട്ടയും തരം തിരിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്ക് വിഹിതംവെച്ചതുമാണ് 12 സംസ്ഥാനങ്ങളില്‍ നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം ലഭിക്കാന്‍ കാരണമായത്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരുടെ എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയായിരിക്കും.

മുസ്‌ലിം ജനസംഖ്യാനുപാതികമായി ലക്ഷദ്വീപിന്റെ യഥാര്‍ഥ ഹജ്ജ് ക്വാട്ട 45 ആണ്. ഇവിടെ 283 അപേക്ഷകരാണുണ്ടായിരുന്നത്. പുതിയ ഹജ്ജ് നയത്തിലെ സ്‌റ്റേജ് നാല് സി, ഡി വകുപ്പുകള്‍ പ്രകാരം 238 സീറ്റുകള്‍ അധികം ലഭിച്ചതോടെ 283 അപേക്ഷകര്‍ക്കും ഹജ്ജിന് അവസരമായി.

പോണ്ടിച്ചേരിക്കുള്ള ഹജ്ജ് ക്വാട്ട 54 ആണെങ്കിലും 149 അപേക്ഷകരാണ് ഈ കേന്ദ്രഭരണ പ്രദേശത്തുള്ളത്. 95 അധിക സീറ്റ് ലഭിച്ചതോടെ 149 അപേക്ഷകര്‍ക്കും ഹജ്ജിന് അവസരമായി. പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് കേരളത്തില്‍ നിന്നുള്ളവര്‍ക്കൊപ്പം ഹജ്ജിന് പുറപ്പെടാനാകും.

ആന്തമാന്‍ നിക്കോബാര്‍, ചണ്ഡിഗഢ്, ദാദര്‍നാഗര്‍ ഹവേലി, ദാമന്‍ ദ്യൂ, ഗോവ, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, പഞ്ചാബ്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമാണ് നറുക്കെടുപ്പ് ആവശ്യമില്ലാതെ മുഴുവന്‍ അപേക്ഷകര്‍ക്കും ഹജ്ജിന് അവസരം ലഭിക്കുന്നത്.

ഹിമാചല്‍പ്രദേശിന് ഹജ്ജ് ക്വാട്ട 108 ഉണ്ടെങ്കിലും 85 അപേക്ഷകര്‍ മാത്രമാണ് ഇവിടെയുള്ളത്. ഝാര്‍ഖണ്ഡില്‍ ക്വാട്ട 3448 ഉണ്ടെങ്കിലും 2827 പേരാണ് അപേക്ഷിച്ചത്. പഞ്ചാബില്‍ 385 സീറ്റിലേക്ക് 304 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് പശ്ചിമ ബംഗാളിലാണ്. 17,735 സീറ്റുള്ള ഈ സംസ്ഥാനത്തെ അപേക്ഷകര്‍ 9,341 ആണ്. ശേഷിച്ച 8,394 സീറ്റുകളും വിവിധ സംസ്ഥാനങ്ങള്‍ക്കായി വിഹിതം വെച്ചിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here