കുടിയേറ്റക്കാരെ രൂക്ഷമായി ആക്ഷേപിച്ച് ട്രംപ്

Posted on: January 12, 2018 11:50 pm | Last updated: January 13, 2018 at 9:37 am
SHARE

വാഷിംഗ്ടണ്‍: കുടിയേറ്റക്കാര്‍ക്കെതിരെ അതിരൂക്ഷമായ ആക്ഷേപവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അസഭ്യം കലര്‍ന്ന ഭാഷയിലാണ് ട്രംപ് കുടിയേറ്റക്കാരെ കുറിച്ച് വിശേഷിപ്പിച്ചത്. ‘വൃത്തികെട്ട’ രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്ക എന്തിന് സ്വീകരിക്കണമെന്ന് ട്രംപ് ആരാഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത വൈറ്റ് ഹൗസ് പ്രതിനിധികള്‍ നിഷേധിച്ചിട്ടില്ല. കുടിയേറ്റ നയവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ ജനപ്രതിനിധികളോടാണ് ട്രംപ് ഇക്കാര്യം ചോദിച്ചത്. ഹൈതി, എല്‍ സാല്‍വഡോര്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്ക എന്തിന് സ്വീകരിക്കണമെന്ന് ചോദിച്ച് കോണ്‍ഗ്രസിലെയും സെനറ്റിലെയും അംഗങ്ങളുടെ യോഗത്തില്‍ ട്രംപ് പൊട്ടിത്തെറിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒവല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വിവാദ പരാമര്‍ശം. ഷിറ്റ് ഹോള്‍ എന്ന പ്രയോഗമാണ് ട്രംപ് നടത്തിയതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.

കറുത്ത വര്‍ഗക്കാരോടും കുടിയേറ്റക്കാരോടും വിവേചനത്തോടെയുള്ള നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കെയാണ് യു എസ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന. അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരുടെ വരവ് വെട്ടിക്കുറക്കാനായി പുതിയ നടപടികള്‍ സ്വീകരിച്ചുവരികയാണ് ട്രംപ് ഭരണകൂടം. മെക്‌സിക്കോയടക്കമുള്ള അയല്‍രാജ്യങ്ങളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയവരെ പുറത്താക്കാനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തുന്നുണ്ട്.
ദരിദ്ര, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ആക്ഷേപിച്ചാണ് ട്രംപ് പ്രസ്താവന നടത്തിയത്. നോര്‍വെ പോലുള്ള രാജ്യങ്ങളിലുള്ളവരെ സ്വീകരിക്കുന്നതിന് പകരം ഹെയ്ത്തിയന്മാരെ എന്തിന് രാജ്യത്തേക്ക് കൊണ്ടുവരണമെന്ന് ട്രംപ് ചോദിച്ചതായി യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന്റെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ മാധ്യമങ്ങളുമായി സംസാരിച്ച വൈറ്റ് ഹൗസ് വക്താവ് ഇന്ത്യന്‍ വംശജനായ രാജ് ഷാ വാര്‍ത്ത നിഷേധിച്ചില്ല.

കുടിയേറ്റ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് അമേരിക്കയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് പ്രസിഡന്റെന്നും രാജ്യത്തെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിദേശരാജ്യങ്ങള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ് ഷാ വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവനയെ പിന്തുണക്കുന്ന രീതിയിലും ഷാ മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. അമേരിക്കക്ക് ഉപകാരം ലഭിക്കുന്ന രീതിയിലുള്ള കുടിയേറ്റ നയമാണ് ട്രംപിന്റേത്. യു എസ് സമൂഹത്തിന് മികച്ച സംഭാവന നല്‍കുന്നവരെ സ്വാഗതം ചെയ്ത് രാജ്യത്തെ ശക്തിപ്പെടുത്തുകയും അങ്ങനെ സ്ഥായിയായ പരിഹാരം കണ്ടെത്തലുമാണ് ട്രംപിന്റെ ലക്ഷ്യമെന്നും ഷാ വ്യക്തമാക്കി. അതേസമയം, രാജ്യത്തെ അധ്വാനിക്കുന്ന പൗരന്മാര്‍ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള കുടിയേറ്റ നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.