Connect with us

Gulf

തൊഴില്‍ ലഭിക്കാതെ വലഞ്ഞ യുവാവിന് നാടണയാന്‍ സഹായവുമായി അജ്മാന്‍ പോലീസ്

Published

|

Last Updated

അജ്മാന്‍: തൊഴില്‍ അന്വേഷിച്ചു അജ്മാനില്‍ എത്തിയ യുവാവിന് അജ്മാന്‍ പോലീസിന്റെ സഹായം. തൊഴില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ കഴിയാതെ വലഞ്ഞ അറബ് യുവാവിനാണ് അജ്മാന്‍ പോലീസിന്റെ സഹായ ഹസ്തം. മൂന്നു മാസമായി യു എ ഇയില്‍ എത്തിയ യുവാവ് ജോലി ലഭിക്കുന്നതിനായി പലയിടങ്ങളിലും അലഞ്ഞു. നിരാശയായിരുന്നു ഫലം. സംസാര ശേഷി തകരാറുള്ള യുവാവിന് തൊഴില്‍ നല്‍കാന്‍ ആരും തയാറായില്ല. അതിനിടെ കൈവശമുള്ള പണവും വിസാ കാലാവധിയും തീര്‍ന്നു. തൊഴില്‍ ലഭിക്കാതെ വന്നതോടെ നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് നിര്‍ബന്ധമായി.

വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തുടരുന്നത് യുഎഇ താമസ കുടിയേറ്റ നിയമ പ്രകാരം പിഴ ലഭിക്കുമെന്നതും തൊഴിലന്വേഷകന്റെ പ്രയാസങ്ങള്‍ ഇരട്ടിയാക്കി. അതേസമയം, ബന്ധുക്കളോ പരിചയക്കാരോ കണ്ടെത്താന്‍ കഴിയാതെ വന്ന യുവാവ് ഒരു കൈ സഹായത്തിനായി പ്രതീക്ഷയോടെ പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു.

അജ്മാന്‍ പോലീസ് സാമൂഹിക വകുപ്പ് തലവന്‍ മേജര്‍ മുഹമ്മദ് ബിന്‍ ഹസീം അല്‍സുവൈദി യുവാവിന്റെ ആവശ്യം അനുഭാവ പൂര്‍വം പരിഗണിച്ചു. മടക്കയാത്രക്കുള്ള ടിക്കറ്റ് നല്‍കി. കൂടാതെ നാട്ടിലെത്തിയാല്‍ ബന്ധുക്കള്‍ക്ക് സമ്മാനിക്കാനുള്ള ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പണവും യുവാവിനു നല്‍കി. ആവശ്യമുള്ളതില്‍ അധികം കിട്ടിയ സന്തോഷം വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ സാധിക്കാത്ത യുവാവിന്റെ മുഖം പോലീസിനോടുള്ള നന്ദി പ്രകടിപ്പിച്ചത് സന്തോഷാശ്രുക്കള്‍ കൊണ്ടായിരുന്നു.