Connect with us

Gulf

പ്രധാനമന്ത്രിക്ക് മുന്നേ വിദേശത്തേക്ക് പറന്ന് ചരിത്രമായ 'ചായക്കടക്കാരന്‍' ദുബൈയിലും

Published

|

Last Updated

ചായക്കട നടത്തിപ്പില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്കെത്തിയത് നമ്മുടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കഥ. ഒപ്പം അദ്ദേഹത്തിന്റെ വിദേശ യാത്രകളും ഓരോ ഇന്ത്യക്കാരും ചര്‍ച്ച ചെയ്യുകയാണ്. അതേസമയം, സൈക്കിളിലും തട്ടുകടയിലുമായി ചായയും പലഹാരങ്ങളും വില്‍പന നടത്തി കുടുംബം പുലര്‍ത്തി 17 രാജ്യങ്ങള്‍ പിന്നിട്ട് കേരളക്കരയില്‍ ചരിത്രം സൃഷ്ടിച്ച മലയാളി ദമ്പതികള്‍ ലോക വിനോദ സഞ്ചാരികളുടെ പറുദീസയായ ദുബൈയില്‍ കഴിഞ്ഞ ദിവസം എത്തി. എറണാകുളം ഗാന്ധി നഗറില്‍ ചെറു തട്ടുകട നടത്തുന്ന വിജയന്‍-മോഹന ദമ്പതികളാണ് തങ്ങളുടെ പ്രസിദ്ധമായ ലോക സഞ്ചാര യാത്രകളുടെ ഭാഗമായി ദുബൈയില്‍ എത്തിയിട്ടുള്ളത്. ദുബൈയിലെ പ്രമുഖ ടൂര്‍സ് ഓപ്പറേറ്റര്‍മാരായ അരൂഹ ടൂര്‍സാണ് ദമ്പതികളെ ദുബൈയിലെത്തിക്കുന്നതിന് മുന്‍കൈയെടുത്തിട്ടുള്ളത്.

വളരെ ചെറുപ്പം മുതലേ യാത്രകള്‍ തനിക്ക് ഏറെ പ്രിയങ്കരമായിരുന്നു. അച്ഛനൊപ്പം തമിഴ് നാട്ടിലെ ചില ഭാഗങ്ങള്‍ കേരളത്തില്‍ വിവിധയിടങ്ങളിലും യാത്ര ചെയ്യുക പതിവായിരുന്നു. ചേര്‍ത്തലയില്‍ അച്ഛന്‍ നടത്തിയിരുന്ന ചായക്കടയിലെത്തുന്ന പത്രങ്ങളിലൂടെയും വായന ശാലയിലെ യാത്ര വിവരണ പുസ്തകങ്ങളില്‍ നിന്നുമാണ് വിവിധ രാജ്യങ്ങളിലെ മനോഹര കാഴ്ചകളെ കുറിച്ചും വൈവിധ്യ സംസ്‌കാരങ്ങളെ കുറിച്ചും വായിച്ചറിയുന്നത്. ചെറുപ്പം തൊട്ടേ എറണാകുളം ഒരു സ്വപ്‌ന നഗരമായിരുന്നു. തുറമുഖവും വിമാനങ്ങളും ഉയരം കൂടിയ കെട്ടിടങ്ങളും എറണാകുളത്തെ പണ്ട് തൊട്ടേ മനസ്സില്‍ സ്വപ്‌ന നഗരമാക്കി. നല്ലൊരു തൊഴില്‍ നേടി എറണാകുളത്ത് സ്ഥിരമാക്കുക എന്നതായിരുന്നു പിന്നെയുള്ള ശ്രമം. അങ്ങിനെയാണ് 1973ല്‍ എറണാകുളം മണപാട് സ്വദേശിനി മോഹനയെ ജീവിത യാത്രയില്‍ ഒപ്പം കൂട്ടുന്നത്. പിന്നീട് തൊഴില്‍ മേഖല എറണാകുളത്തേക്ക് മാറ്റി. പിന്നീടങ്ങോട്ട് ഓരോ യാത്രകളിലും സഹധര്‍മിണി തന്നോടപ്പമുണ്ടാകാറുണ്ടെന്ന് ഈ 67കാരന്‍ ഓര്‍ത്തെടുക്കുന്നു. ക്ഷേത്ര ദര്‍ശനങ്ങള്‍, ബന്ധു വീട് സന്ദര്‍ശനങ്ങള്‍, സിനിമാ പ്രദര്‍ശനങ്ങള്‍ വീക്ഷിക്കുന്നതിനടക്കം ഒന്നിച്ചാണ് യാത്രയെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളത്തിന്റെ മനോഹാരിതയാണ് ലോകത്തിലെ മറ്റു വന്‍ നഗരങ്ങളില്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രചോദനമായത്. ചായക്കട നടത്തുകയെന്നത് തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് തടസമാകില്ല എന്ന ആത്മ വിശ്വാസമുണ്ടായിരുന്നു. ആകാശ യാത്രയെന്ന ആഗ്രഹ സഫലീകരണത്തിനായി ആദ്യം അമ്മയും സഹ ധാര്‍മിണിയുമൊത്തു ബാംഗഌരിലേക്ക് വിമാനം കയറി. പിന്നീട് പേരക്കുട്ടികളുമൊത്തു. ഡല്‍ഹിയിലേക്കുള്ള വിമാന യാത്ര. ഇതായിരുന്നു ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ യാത്രകള്‍. പിന്നീട് 2007ല്‍ വിശുദ്ധ ഭൂമികള്‍ സന്ദര്‍ശിക്കുന്നതിനായി വിമാനം കയറുന്നതോടെയാണ് വിദേശ പര്യടനം ആരംഭിക്കുന്നത്. 18 ദിവസം നീണ്ട ആ യാത്രയില്‍ ഈജിപ്ത്, ജോര്‍ദാന്‍, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഭൂമികളിലെ സന്ദര്‍ശന ശേഷം പിന്നീട് ഒന്നിടവിട്ട ഓരോ വര്‍ഷങ്ങളിലായി അമേരിക്ക, തായ്ലന്‍ഡ്, സിങ്കപ്പൂര്‍, മലേഷ്യ, ലണ്ടന്‍, പാരിസ്, ജര്‍മനിയിലെ പ്രസിദ്ധമായ ബ്ലാക്ക് ഫോറസ്റ്റ്, വിയന്ന, വെനീസ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അതിനിടയില്‍ ബോളിവുഡ് താരം അമിതാ ബച്ചന്‍, ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗം ഡോ. ശശി തരൂര്‍ തുടങ്ങിയവര്‍ യാത്രകള്‍ക്ക് സഹായവുമായി വന്നു. ചെയ്യുന്ന തൊഴില്‍ ഏതായാലും ഇച്ഛാശക്തിയും ആത്മവിശ്വാസവും കൂട്ടിനുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ കീഴടക്കാന്‍ എളുപ്പമാണെന് തന്റെ വാര്‍ധ്യകത്തിലും ലോക യാത്രകള്‍ സമ്മാനിച്ച ആത്മ ബലത്തില്‍ ഇദ്ദേഹം പറയുന്നു. തങ്ങളുടെ ഉപഭോക്താക്കളായെത്തുന്നവരും യാത്രകള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നുണ്ട്. ഇതിനോടകം ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളടക്കം 25 പ്രമുഖ മാധ്യമങ്ങള്‍ തങ്ങളുടെ യാത്രാ വിശേഷങ്ങള്‍ ലോകത്തോട് പങ്ക് വെച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്മരിച്ചു.

ജീവിത നൗക തുഴഞ്ഞു മുന്നോട്ട് നീങ്ങാന്‍ കൊച്ചു ചായക്കടയിലൂടെ അനേകം പേര്‍ക്ക് ഇഷ്ട വിഭവങ്ങള്‍ വിളമ്പുന്ന ഈ വൃദ്ധ ദമ്പതികള്‍ ലോക സഞ്ചാരത്തിന് കാട്ടുന്ന ഉത്സാഹമാണ് തങ്ങളെ ഇവര്‍ക്ക് ദുബൈ യാത്ര ഒരുക്കാന്‍ പ്രേരിപ്പിച്ചത്. കേരളത്തിലെ പതിവ് ശീലങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ സായം സന്ധ്യയില്‍ വിദേശ യാത്രകള്‍ക്ക് സമയം കണ്ടെത്തുന്ന ദമ്പതികള്‍ കേരളീയര്‍ക്ക് മാതൃകയാണെന്ന് ദമ്പതികള്‍ക്ക് ദുബൈ യാത്ര സൗജന്യമായി ഒരുക്കിയ അരൂഹ ടൂര്‍സ് എം ഡിയും മലയാളിയുമായ റാശിദ് അബ്ബാസ് പറയുന്നു.

ലോക വിനോദ സഞ്ചാരികളുടെ ഹൃദയം കവരുന്ന ദുബൈ വ്യാപാരോത്സവ നാളുകളില്‍ ദമ്പതികളെ ദുബൈയിലെത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ദോ ക്രൂസ് സഫാരി, ദുബൈ സഫാരി, ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശനം, ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ സന്ദര്‍ശനം, സിറ്റി ടൂര്‍ എന്നിവ ദമ്പതികള്‍ക്ക് ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.