Connect with us

National

പാസ്‌പോര്‍ട്ടില്‍ നിന്ന് വിലാസം ഉള്‍പ്പെടുന്ന അവസാന പേജ് ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ഇനി വിലാസം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാവില്ല. വിലാസം ഉള്‍പ്പെടുന്ന അവസാന പേജ് പാസ്‌പോര്‍ട്ടില്‍ പ്രിന്റ് ചെയ്യേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെയും സ്ത്രീ – ശിശു വികസന മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ അടങ്ങിയ മൂന്നംഗ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പിതാവിന്റെയും മാതാവിന്റെയും പേര്, ഭാര്യയുടെ പേര്, വിലാസം എന്നീ വിവരങ്ങളാണ് അവസാന പേജില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വിവരങ്ങള്‍ ഇനി പാസ്‌പോര്‍ട്ടിനൊപ്പം ഉണ്ടാകില്ല. അതേസമയം വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം സൂക്ഷിക്കും.

പാസ്‌പോര്‍ട്ടിന്റെ നിറത്തിലും മാറ്റം വരുത്തുന്നുണ്ട്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരുടെ പാസ്‌പോട്ടിന്റെ കവര്‍ പേജ് ഇനി ഓറഞ്ച് നിറത്തിലാകും പ്രിന്റ് ചെയ്യുക. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍ക്ക് നീല നിറത്തിലുള്ള കവറോട് കൂടിയ പാസ്‌പോര്‍ട്ട് തന്നെ നല്‍കും.

നിലവില്‍ മൂന്ന് കളറിലാണ് നിലവില്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ള നിറം, നയതന്ത്ര പ്രതിനിധികള്‍ക്ക് ചുവപ്പ് നിറം മറ്റുള്ളവര്‍ക്ക് നീല നിറം എന്നിങ്ങനെയാണ് നിലവിലുള്ള നിറങ്ങള്‍.