Connect with us

Kerala

യുഡിഎഫ് വിട്ടു; ജെഡിയു ഇനി എല്‍ഡിഎഫിനൊപ്പം; നന്ദികേട് കാണിച്ചിട്ടില്ലെന്ന് വീരേന്ദ്രകുമാര്‍

Published

|

Last Updated

തിരുവനന്തപുരം: ജെഡിയു യുഡിഎഫ് വിട്ട് എല്‍ഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചതായി എം പി വീരേന്ദ്രകുമാര്‍. ജെഡിയുവിന്റ രാഷ്ട്രീയം ഇടതുപക്ഷവുമായി യോജിച്ചുപോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനോട് ജെഡിയു നന്ദികേട് കാണിച്ചിട്ടില്ല. യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു ഡി എഫ് ബന്ധം അവസാനിപ്പിച്ച് എല്‍ ഡി എഫിന്റെ ഭാഗമാകാന്‍ ജെ ഡി യു സംസ്ഥാന സെക്രട്ടേറിയറ്റ് ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. തീരുമാനം പിന്നീട് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

ഇന്നലെ, ജെഡിയു നേതാവ് എം വി ശ്രേയാംസ് കുമാര്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായും മുന്നണി പ്രവേശം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു സിപിഎമ്മും സിപിഐയും ജെഡിയുവിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തു. ഒമ്പത് വര്‍ഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് ജെഡിയുവിന്റെ എല്‍ഡിഎഫിലേക്കുള്ള മടക്കം.

2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ജെ ഡിയു. യുഡിഎഫിലേക്ക് പോയത്. നിലവില്‍ എല്‍ഡിഎഫിനൊപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ ഒറ്റക്ക് നില്‍ക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ സിപിഎമ്മുമായി അനൗദ്യോഗിക ചര്‍ച്ചകളും നടന്നിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നണിമാറ്റത്തില്‍ പാര്‍ട്ടി തീരുമാനം വരുന്നതോടെ ഔദ്യോഗിക ചര്‍ച്ചകളും ആരംഭിക്കും. യുഡിഎഫ് വിടുന്നതോടെ മലബാര്‍ മേഖലയില്‍ രാഷ്ട്രീയ തലത്തിലും ഭരണതലത്തിലും മാറ്റമുണ്ടാകും.

ബിജെപി ചേരിക്കൊപ്പം നില്‍ക്കുന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എം പിയായി തുടരാനാകില്ലെന്ന നിലപാട് കൈക്കൊണ്ട് എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു.

 

Latest