ആയുധ പരിശീലനം: അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി

Posted on: January 12, 2018 2:45 pm | Last updated: January 12, 2018 at 3:13 pm

മഞ്ചേരി: സ്‌കൂളിലെ ആയുധ പരിശീലനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെട്ട വില്ലേജ് ഓഫീസറെ കൊലപ്പെടുത്തുമെന്ന് ഭീഷണി. നറുകര വില്ലേജ് ഓഫീസര്‍ വിന്‍സന്റിനെയാണ് ആര്‍ എസ് എസ് ജില്ലാ കാര്യവാഹക് ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തിയത്. മഞ്ചേരി നറുകര വില്ലേജ് ഓഫീസിലാണ് സംഭവം. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കും മഞ്ചേരി പോലീസിനും വിന്‍സന്റ് പരാതി നല്‍കി. പ്രാഥമിക ശിക്ഷാവര്‍ഗ് എന്ന പേരില്‍ ആര്‍ എസ് എസ് സംഘടിപ്പിച്ച ക്യാമ്പില്‍ നടക്കുന്നത് ആയുധ പരിശീലനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പോലീസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. നറുകരയിലെ അമൃതവിദ്യാലത്തില്‍ വെച്ച് ഡിസംബര്‍ 22 മുതല്‍ 31 വരെയാണ് പരിശീലനം നടത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
പരിശീലനം സംഘടിപ്പിക്കാനുള്ള അനുമതി പത്രവും മറ്റ് രേഖകളും ഹാജരാക്കണമെന്നും സ്‌കൂള്‍ ചുമതലയുള്ളയാള്‍ നേരിട്ട് ഹാജരാകണമെന്നും പലതവണ ആവശ്യപ്പെട്ടിടും സ്‌കൂള്‍ അധികൃതര്‍ ഹാജരാകാന്‍ കൂട്ടാക്കിയില്ല. വീണ്ടും വില്ലേജ് ഓഫീസര്‍ സ്‌കൂളിലെത്തി അധികൃതരെ കണ്ടു. തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് നാലിന് ജില്ലാ കാര്യവാഹക് ശരത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വില്ലേജ് ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഘടനാപരമായും കായികമായും നേരിടുമെന്നായിരുന്നു ഭീഷണി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിലുണ്ട്. ഇത് മറി കടന്നാണ് അമൃത വിദ്യാലയം സ്‌കൂള്‍ മാനേജ്‌മെന്റ് ക്യാമ്പിന് അനുമതി നല്‍കിയത്.