തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം

Posted on: January 12, 2018 1:55 pm | Last updated: January 12, 2018 at 3:05 pm

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. എട്ട് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് മലപ്പുറം ജില്ലയിലെ പോത്തുകല്‍ പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ഭരണം പിടിച്ച എല്‍ഡിഎഫ്, മിക്ക വാര്‍ഡുകളും നിലനിര്‍ത്തുകയും ചില വാര്‍ഡുകള്‍ യുഡിഎഫില്‍നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബിജെപിക്കും സമ്പൂര്‍ണ നിരാശയാണ് ഇതുവരെയുള്ള ഫലങ്ങള്‍ നല്‍കുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍, മലപ്പുറം പൊന്നാനി നഗരസഭയിലെ അഴീക്കല്‍, കാസര്‍കോട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം എന്നിവിടങ്ങളിലാണ് ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ മുനിയറ സൗത്ത് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രമ്യ റെനീഷ് (സിപിഎം) 148 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്തായി. ഈ പരാജയത്തോടെ പഞ്ചായത്തില്‍ ബിജെപിയുടെ പ്രാതിനിധ്യം നഷ്ടപ്പെട്ടു. ബാബു കളപ്പുര (കോണ്‍ഗ്രസ്), സിജു ബൈജു (എന്‍ഡിഎ) എന്നിവരാണു മത്സര രംഗത്തുണ്ടായിരുന്നത്. 19 അംഗ പഞ്ചായത്തിലെ ഇപ്പോഴത്തെ കക്ഷി നില യുഡിഎഫ് 14, എല്‍ഡിഎഫ് 5.

കാസര്‍കോട് കാറഡുക്ക ബ്ലോക് പഞ്ചായത്തിലെ ബേഡകം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ജയിച്ചു. എച്ച്. ശങ്കരന്‍ (സിപിഐഎം) 1626 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ശങ്കരന് 3624 വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന്റെ കെ.മധു 1998 വോട്ടുകളും ബിജെപിയുടെ കെ.കൃഷ്ണന്‍കുട്ടി 303 വോട്ടുകളും നേടി.

കോട്ടയം വാകത്താനം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും സീറ്റ് നിലനിര്‍ത്തി. വാകത്താനത്ത് ഇടതു സ്ഥാനാര്‍ഥി അരുണിമ പ്രദീപ് 273 വോട്ടുകള്‍ക്കു വിജയിച്ചു. അരുണിമ 671 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിന്റെ സി.കെ. ചെല്ലപ്പന് 398 വോട്ടുകളേ ലഭിച്ചുള്ളൂ. 34 വോട്ടുകള്‍ മാത്രമാണു ബിജെപി സ്ഥാനാര്‍ഥി സജി തോമസിന് ആകെ ലഭിച്ചത്.

പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ മിച്ചാരംകോട് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിലെ രുക്മണി ഗോപിയാണ് 210 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചത്. അതേസമയം, കടമ്പഴിപ്പുറം പഞ്ചായത്തിലെ കേ!ാണിക്കഴി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ബി.മുഹമ്മദ് 145 വോട്ടിനു ജയിച്ചു.

മലപ്പുറം പോത്തുകല്‍ പഞ്ചായത്ത് ഞെട്ടികുളം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രജനി ആഞ്ഞിലിമൂട്ടില്‍ ജയിച്ചതോടെ യുഡിഎഫിനു പഞ്ചായത്തുഭരണം നഷ്ടപ്പെട്ടു. 17 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് ഒന്‍പതു സീറ്റായി. യുഡിഎഫിന് എട്ട് സീറ്റാണുള്ളത്. സിപിഎമ്മിലെ രജനി 88 വോട്ടിനാണു കോണ്‍ഗ്രസിലെ അനുസ്മിത അനിലിനെ തോല്‍പിച്ചത്. വാര്‍ഡ് അംഗം താര അനിലിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.