സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍; രണ്ട് കോടതികള്‍ നിര്‍ത്തിവെച്ചു

Posted on: January 12, 2018 11:49 am | Last updated: January 12, 2018 at 3:53 pm
SHARE

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നാടകീയ സംഭവവികാസങ്ങള്‍. അഭിഭാഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് കോടതികള്‍ നിര്‍ത്തിവെച്ചു. സുപ്രീം കോടതി കൊളീജിയത്തിനെതിരായ പ്രതിഷേധമെന്നാണ് സൂചന. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നീ ജഡ്ജിമാരാണ് കോടതി വിട്ടിറങ്ങിയത്. ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. 12 മണിക്കാണ് വാര്‍ത്താ സമ്മേളനം. നാല് ജഡ്ജിമാരും സംയുക്തമായാണ് വാര്‍ത്താ സമ്മേളനം നടത്തുക.

കൊളീജിയത്തിന്റെയും ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെയും പ്രവര്‍ത്തനത്തില്‍ നേരത്തെ തന്നെ ഒരു വിഭാഗം ജഡ്ജിമാര്‍ അതൃപ്തരായിരുന്നു. കേസുകള്‍ വിവിധ ബഞ്ചുകള്‍ക്ക് നല്‍കുന്നതിലും കൊളീജിയത്തിന്റെ പ്രവര്‍ത്തനത്തിലും സുതാര്യതയില്ലെന്നായിരുന്നു അതൃപ്തരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസിന് തന്നെ ജസ്റ്റീസ് ചെലമേശ്വര്‍ നേരത്തെ കത്ത് നല്‍കിയിരുന്നു.വ്യാഴാഴ്ച കൊളീജിയം ചേര്‍ന്ന് സുപ്രീം കോടതിയിലേക്ക് പുതിയ ജഡ്ജിമാരെ നിര്‍ദേശിക്കുകയും ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതാണ് ഒരു വിഭാഗം ജഡ്ജിമാരെ ചൊടിപ്പിച്ചത്.

ചരിത്രത്തിലാദ്യമാണ് സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് പുറത്തിറങ്ങുന്നത്.